യോഗി ഇടപെട്ടു, രാംദേവ് അയഞ്ഞു; 6000 കോടിയുടെ പതഞ്ജലി പാർക്ക് ഉപേക്ഷിക്കില്ല

ബാബ രാംദേവ്.

ലക്നൗ∙ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിന്തുണ പോരായെന്നു പരാതിപ്പെട്ട് ഉപേക്ഷിക്കാനൊരുങ്ങിയ 6000 കോടി രൂപയുടെ മെഗാ ഫുഡ് പാർക്ക് ഉത്തർപ്രദേശിൽ തിരികെയെത്തിച്ച് യോഗാഗുരു ബാബാ രാംദേവ്. യമുന എക്സ്പ്രസ്‍ പാതയോടു ചേർന്നുതന്നെ പാർക്ക് നിർമിക്കാനാണ് ഇപ്പോൾ തീരുമാനം. 

സർക്കാരിന്റെ സഹകരണമില്ലെന്നു ചൂണ്ടിക്കാട്ടി പദ്ധതി മറ്റൊരിടത്തേക്കു മാറ്റുകയാണെന്നു പതഞ്ജലി സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ആചാര്യ ബാൽകൃഷ്ണ നേരത്തേ അറിയിച്ചിരുന്നു. യോഗി ആദിത്യനാഥ് വിഷയത്തിൽ നേരിട്ടിടപെട്ടതിനു പിന്നാലെയാണു പതഞ്ജലി ഗ്രൂപ്പ് അയഞ്ഞത്. ഫുഡ് ആൻഡ് ഹെർബൽ പാർക്ക് സ്ഥാപിക്കാൻ പതഞ്ജലിക്കു കേന്ദ്ര ഭക്ഷ്യ മന്ത്രാലയം ജനുവരിയിലാണു തത്വത്തിൽ അനുമതി നൽകിയത്.

ഓരോ വര്‍ഷവും 25,000 കോടി രൂപയുടെ ഉൽപന്നങ്ങൾ നിർമിക്കാൻ ശേഷിയുള്ളതാണു പാർക്ക്. 10,000 പേർക്കു നേരിട്ടു ജോലി ലഭിക്കുമെന്നും പതഞ്ജലി അവകാശപ്പെട്ടു. മഹാരാഷ്ട്രയിലെ നാഗ്പുരിലും അസമിലെ തേസ്പുരിലും മെഗാഫുഡ് പാര്‍ക്ക് പദ്ധതി തുടങ്ങുമെന്നും കമ്പനി അറിയിച്ചു.