ലൈംഗിക ഉത്തേജന മരുന്നുകൾ വാങ്ങിയവരുടെ വിവരങ്ങൾ പരസ്യമാക്കി ആന്ധ്ര

പ്രതീകാത്മക ചിത്രം.

ഹൈദരാബാദ് ∙ ആന്ധ്രാപ്രദേശിലെ അനന്ത്പുർ മേഖലയിലുള്ള സർക്കാർ മെഡിക്കൽ സ്റ്റോറായ അന്നാ സഞ്ജീവിനിയിൽനിന്നു ലൈംഗിക ഉത്തേജന മരുന്നുകൾ വാങ്ങിയവരുടെ സ്വകാര്യ വിവരങ്ങൾ പരസ്യമായി. സഞ്ജീവിനി വെബ്സൈറ്റിന്റെ ഡാഷ്ബോർഡിലാണു മരുന്നു വാങ്ങിയവരുടെ പേരും മൊബൈൽ നമ്പറും ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. സുരക്ഷാ ഗവേഷകൻ ശ്രീനിവാസ് കൊടാലിയാണു വിവരചോർച്ച ആദ്യം കണ്ടെത്തിയത്. സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ വിവരങ്ങൾ സൈറ്റിൽനിന്നു നീക്കി.

എന്നാൽ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ആളുകളുടെ വ്യക്തിഗത വിവരങ്ങൾ സർക്കാർ സൂക്ഷിക്കുന്നതിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ വ്യക്തികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സൂക്ഷിക്കുന്നതിനും ഇ–ഹെൽത്ത് നിലവാരം ഉയർത്തുന്നതിനുമായി ‘ദിഷാ’ എന്ന പേരിൽ നിയമം കൊണ്ടുവരാൻ ആലോചിക്കുന്നുണ്ടെന്നു സർക്കാർവൃത്തങ്ങൾ പറഞ്ഞു. ഈ വർഷമാദ്യം ആന്ധ്രയിലെ ചില ആളുകളുടെ ആധാർ വിവരങ്ങളും പരസ്യമായിരുന്നു.