മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ; കുടുക്കിയത് ഇങ്ങനെ

കൃഷ്ണകുമാർ നായർ, പിണറായി വിജയൻ

കൊച്ചി∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെയ്സ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ കൃഷ്ണകുമാര്‍ നായര്‍ പിടിയില്‍. ലുക്ക്ഔട്ട് നോട്ടിസ് പ്രകാരം ഡല്‍ഹി വിമാനത്താവളത്തിലാണ് ഇയാള്‍ പിടിയിലായത്. കൊച്ചി പൊലീസ് സംഘം ഡല്‍ഹിയിലെത്തി കൃഷ്ണകുമാറിനെ കസ്റ്റഡിയിലെടുക്കും. ആര്‍എസ്എസുകാരനാണെന്നു സ്വയം വിശേഷിപ്പിച്ച ഇയാള്‍ താന്‍ ജോലി ഉപേക്ഷിച്ചു പഴയ ആയുധങ്ങള്‍ വൃത്തിയാക്കി കേരളത്തിലെ മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ നാട്ടിലേക്കു മടങ്ങിയെത്തുമെന്നായിരുന്നു വിഡിയോയില്‍ പറഞ്ഞിരുന്നത്. സംഭവം വിവാദമായപ്പോള്‍ മാപ്പു പറയുകയും ചെയ്തിരുന്നു. കോതമംഗലം സ്വദേശിയായ ഇയാളെ ഫെസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓയില്‍ കമ്പനി ജോലിയില്‍നിന്നു പിരിച്ചുവിട്ടിരുന്നു.

അബുദാബിയിലെ പ്രവാസികളായ ചില മലയാളികളുടെ സഹായത്തോടെയാണു പൊലീസ് ഇയാളെ പിടികൂടാനുള്ള നീക്കങ്ങള്‍ നടത്തിയത്. കൃഷ്ണകുമാറിനു വധഭീഷണി ഉള്ളതിനാല്‍ ഡല്‍ഹി വഴി യാത്ര ചെയ്യാന്‍ പൊലീസാണു പറഞ്ഞത്. ഇക്കാര്യം ഇയാള്‍ ജോലി ചെയ്തിരുന്ന അബുദാബിയിലെ ഓയില്‍ കമ്പനിയെയും പൊലീസ് അറിയിച്ചു. ഇതനുസരിച്ചാണു കമ്പനി ഇയാള്‍ക്കു ഡൽഹിയിലേക്ക് ടിക്കറ്റ് നല്‍കിയത്. കേരളത്തില്‍നിന്നുള്ള പൊലീസ് സംഘം ട്രെയിന്‍ മാര്‍ഗമാണ് ഇയാളെ കൊച്ചിയിലേക്കു കൊണ്ടുവരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നും ഭാര്യയെയും മകളെയും ബലാത്സംഗം ചെയ്യുമെന്നും ഫെയ്സ്ബുക് ലൈവിലൂടെയാണു കൃഷ്ണകുമാര്‍ നായര്‍ ഭീഷണി മുഴക്കിയത്. താന്‍ പഴയ ആര്‍എസ്എസുകാരനാണെന്നും ദുബായിലെ ജോലി രാജിവച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ നാട്ടിലേക്കു വരികയാണെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചതോടെ നിരവധിപ്പേര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കമ്പനി ജോലിയില്‍നിന്നു പിരിച്ചുവിട്ടത്. ജോലി പോയി നാട്ടിലേക്ക‌ു വരികയാണെന്നും നിയമം അനുശാസിക്കുന്ന ഏതു ശിക്ഷയും അനുഭവിക്കാന്‍ തയാറാണെന്നും രണ്ടാമത്തെ വിഡിയോയില്‍ ഇയാൾ പറഞ്ഞിരുന്നു.