സ്വാശ്രയ സ്ഥാപനങ്ങളിൽ സംഘടനാ സ്വാതന്ത്ര്യത്തിനായി നിയമം: കോടിയേരി

എസ്എഫ്ഐ സംസ്ഥാന സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: മനോരമ

കൊല്ലം ∙ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുന്നതിനുള്ള നിയമ നിർമാണം സർക്കാർ നടത്തുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊല്ലത്ത് എസ്എഫ്ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിൽ തയാറാക്കി കഴിഞ്ഞു. നിലവിൽ ഇത്തരം സ്ഥാപനങ്ങളിൽ വിദ്യാർഥി സംഘടനകൾക്കു നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതിനു സമാനമായ സാഹചര്യമാണുള്ളത്. ഇവിടെ സംഘടനാ പ്രവർത്തനം നടത്തുന്നതിനു മാനേജ്മെന്റുകളുമായി ഏറ്റുമുട്ടേണ്ടി വരുന്ന അവസ്ഥയാണ്. ഇതിനു മാറ്റം ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

രാജ്യത്തു ബിജെപിയും സംഘപരിവാർ ശക്തികളും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ലാഭകരമല്ലെന്നു പറഞ്ഞു സ്കൂളുകൾ പൂട്ടുന്നതായുള്ള കണക്കുകൾ പുറത്തു വരികയാണ്. ഇവിടെയാകട്ടെ ഈ അധ്യയന വർഷം പൊതുവിദ്യാഭ്യാസ മേഖലയിൽ പുതുതായി പ്രവേശനം നേടിയ രണ്ടു ലക്ഷത്തോളം വിദ്യാർഥികളുടെ കണക്കുകളാണു പറയാനുള്ളത്. വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാൻ ശ്രമിക്കുന്ന ബിജെപിക്കും വാണിജ്യവൽക്കരിക്കുന്ന യുഡിഎഫിനും ബദലായി ജനകീയവൽക്കരിക്കാനുള്ള എൽഡിഎഫിന്റെ പരിശ്രമത്തിനു കിട്ടിയ അംഗീകാരമാണ് ഈ മാറ്റം.

എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിൽനിന്ന്. ചിത്രം: വിഷ്ണു സനൽ ∙ മനോരമ

വിന്ധ്യപർവതത്തിനിപ്പുറം വർഗീയ ശക്തികൾക്കു സ്ഥാനമില്ലെന്നതിന്റെ തെളിവാണു ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു ഫലം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അഞ്ചു ലോക്കപ്പ് മരണങ്ങൾ ഉണ്ടായിട്ടും വേട്ടക്കാർക്കൊപ്പം നിന്ന യുഡിഎഫ് ഇപ്പോൾ ഇരകൾക്കൊപ്പം നിലകൊള്ളുന്ന എൽഡിഎഫ് സർക്കാരിനെതിരെ നീങ്ങുന്നതിന്റെ പൊരുൾ പൊതുജനം വിലയിരുത്തും. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ ഉൾപ്പടെ വിമർശനം ഉന്നയിച്ചവരും അല്ലാത്തവരുമായ കോൺഗ്രസ് നേതാക്കളുടെ നട്ടെല്ലു പാണക്കാട്ട് പണയം വച്ചിരിക്കുകയാണ്. കെപിസിസി, യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രസിഡന്റുമാരെ കൂടി അവിടെ നിന്നു തീരുമാനിക്കുന്ന അവസ്ഥ ഉണ്ടാകും. നട്ടെല്ലുള്ള നല്ല കെഎസ്‌യുക്കാരുണ്ടെങ്കിൽ എസ്എഫ്ഐയിൽ ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ജെയ്ക് സി.തോമസ് അധ്യക്ഷത വഹിച്ചു. 

പൊലീസുകാരന് മർദനം

പത്തനംതിട്ട എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ ചവറ പാലം തെക്കേത്തയ്യിൽ വീട്ടിൽ സുഹേഷ് എസ്.കുമാറിനെ (29) എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ടു മർദിച്ചതായി ആരോപണം. സുഹേഷിനെ നീണ്ടകര ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചവറ ഗവ. കോളജിനു മുന്നിലാണു സംഭവം. കൊല്ലം നഗരത്തിൽ എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ റാലിയിൽ പങ്കെടുക്കാൻ പോകാൻ തയാറെടുക്കുകയായിരുന്ന സംഘമാണു മർദിച്ചതെന്നു പൊലീസ് പറഞ്ഞു. ഡ്യൂട്ടി കഴിഞ്ഞു ചവറയിൽ ബസിറങ്ങി ബൈക്കിൽ വീട്ടിലേക്കു പോകുമ്പോഴായിരുന്നു മർദനം. നേരത്തെ എബിവിപി പ്രവർത്തകനായിരുന്ന സുഹേഷിനെ മുൻ വൈരാഗ്യത്തിനാണു മർദ്ദിച്ചതെന്നാണ് ആരോപണം.