ലോകത്തെ ഒന്നാക്കുന്ന ശക്തിയാണ് യോഗ: നാലാമത് യോഗാദിനത്തിൽ പ്രധാനമന്ത്രി

ഡെറാഡൂണിലെ വനഗവേഷണ കേന്ദ്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ ചെയ്യുന്നു.

ഡെറാഡൂൺ∙ ലോകത്തെ ഒന്നാക്കുന്ന ശക്തിയായി യോഗ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാലാമത് രാജ്യാന്തര യോഗാ ദിനാചരണത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ പെട്ടെന്നു മാറുന്ന ലോകത്തിൽ ഒരു മനുഷ്യന്റെ ശരീരവും തലച്ചോറും ആത്മാവും തമ്മിലുള്ള ബന്ധമുണ്ടാകുന്നത് യോഗ ചെയ്യുന്നതിലൂടെയാണ്. ഇതുവഴി സമാധാനത്തിന്റെ അനുഭൂതിയാണ് ഉണ്ടാകുക, മോദി കൂട്ടിച്ചേർത്തു.

ഡെറാഡൂണിലെ വനഗവേഷണ കേന്ദ്രത്തിലായിരുന്നു മോദി ഇത്തവണ യോഗാ ദിനാചരണം നടത്തിയത്. മോദിക്കൊപ്പം 50,000 പേരും യോഗ ചെയ്തു. 2015 ജൂൺ 21നായിരുന്നു ആദ്യ യോഗാ ദിനാചരണം നടത്തിയത്. അന്ന് ഡൽഹിയിലെ രാജ്പത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 30,000 പേരാണ് യോഗ ചെയ്തത്. യുഎൻ പൊതുസഭയിൽ 2014 സെപ്റ്റംബർ 27നു മോദി നടത്തിയ പ്രസംഗത്തിലാണ് രാജ്യാന്തര യോഗാ ദിനം കൊണ്ടാടണമെന്ന് നിർദേശിച്ചത്. ഈ നിർദേശം യുഎൻ ഏറ്റെടുക്കുകയായിരുന്നു.