മൂന്നുമാസത്തിനിടെ വെറും ഏഴു പരാതി‍; എന്തിനാണ് ഇങ്ങനെയൊരു വിജിലൻസ് ?

തിരുവനന്തപുരം∙ തെളിവില്ലെന്ന കാരണംപറഞ്ഞ് എഴുതിതള്ളുന്ന കേസുകളുടെ എണ്ണം കൂടിയതോടെ വിശ്വാസം നഷ്ടപ്പെട്ട് വിജിലൻസ്. മൂന്നുമാസത്തിനിടെ എത്തിയത് ഏഴു പരാതികള്‍ മാത്രം. 2356 കേസുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്നുള്ളത് 150ല്‍ താഴെ കേസുകള്‍. വില്ലേജ് ഓഫിസുകള്‍ ഉള്‍പ്പെടെ ജനങ്ങള്‍ നിരന്തരം സമീപിക്കുന്ന ഓഫിസുകളിലെ പരിശോധന പോലും വിജിലന്‍സ് നിര്‍ത്തി.

പാര്‍ട്ടി സെക്രട്ടറിയായിരിക്കെ വിജിലന്‍സില്‍ എഡിജിപിമാരെ നിയമിക്കരുതെന്നാവശ്യപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോള്‍ ഡയറക്ടറായി നിയമിച്ചത് എഡിജിപി റാങ്കുകാരനായ മുഹമ്മദ് യാസിനെ. യുഡിഎഫ് കാലത്തേതുപോലെ വിജിലന്‍സിലെ കേഡര്‍ പദവി ഫയര്‍ഫോഴ്സിലേക്കു മാറ്റുകയും ചെയ്തു. ഡിജിപി റാങ്കിലേക്ക് ഉയര്‍ത്തപ്പെട്ട എ.ഹേമചന്ദ്രനാണു ഫയര്‍ഫോഴ്സ് മേധാവി. നേരത്തേ പരാതി പ്രളയമായിരുന്നു വിജിലന്‍സിലെങ്കില്‍ വിശ്വാസ്യത നഷ്ടപ്പെട്ടതോടെ ജനം പരാതിയുമായി സമീപിക്കാതെയായി.

മുകള്‍തട്ടിലെ അഴിമതി അന്വേഷിക്കുന്നില്ലെന്നു മാത്രമല്ല, വില്ലേജ് ഓഫിസുകള്‍ വരെ നടത്തിയിരുന്ന വിജിലന്‍സ് പരിശോധന പോലും ഇല്ലാതായി. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിയുമ്പോള്‍ 2356 കേസുകളായിരുന്നു വിജിലന്‍സിനുണ്ടായിരുന്നത്. ഇപ്പോൾ കേസുകളുടെ എണ്ണം 150ല്‍ താഴെ. അന്വേഷണം നടക്കുന്നതാകട്ടെ ഏതാനും ചിലതിൽ മാത്രം. ജേക്കബ് തോമസ് പോയതിനു പിന്നാലെയെത്തിയ ഡയറക്ടര്‍മാര്‍ വിജിലന്‍സിന്റെ ഘടന തന്നെ പൊളിച്ചെഴുതിയതോടെ നിലവിലുള്ള കേസുകളുടെ അന്വേഷണം പോലും നിര്‍ത്തേണ്ടി വന്നു.