അടിയന്തരാവസ്ഥ വാർഷികം: ഇന്ദിര ഗാന്ധിയെ ഹിറ്റ്ലറോട് ഉപമിച്ച് ജയ്റ്റ്ലി

ഇന്ദിര ഗാന്ധി.

ന്യൂഡല്‍ഹി∙ അടിയന്തരാവസ്ഥയുടെ 43-ാം വാര്‍ഷിക ദിനത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി അധിക്ഷേപിച്ച് ബിജെപി. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി സമൂഹമാധ്യമത്തിലാണു വിമർശന ശരങ്ങൾ തൊടുത്തത്. അഡോൾഫ് ഹിറ്റ്ലറെയും ഇന്ദിര ഗാന്ധിയെയും താരതമ്യം ചെയ്ത ജയ്റ്റ്ലി, ഇന്ത്യയിൽ ഇന്ദിര കുടുംബാധിപത്യം സ്ഥാപിച്ചെന്നും ആരോപിച്ചു.

‘ഹിറ്റ്‌ലറും ഇന്ദിരയും ഭരണഘടന ഒരിക്കലും റദ്ദാക്കിയിട്ടില്ല. ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തിലേക്കു പരിവർത്തനപ്പെടുത്താൻ അവര്‍ റിപ്പബ്ലിക്കന്‍ ഭരണഘടന ഉപയോഗിക്കുകയായിരുന്നു. പാർലമെന്റിൽ ഭൂരിപക്ഷം നേടാൻ പ്രതിപക്ഷത്തെ അംഗങ്ങളെയെല്ലാം ഹിറ്റ്ലർ അറസ്റ്റ് ചെയ്തു. ഭരണഘടനയിലെ വ്യവസ്ഥ ദുരുപയോഗിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിര, അഭിപ്രായ സ്വാതന്ത്ര്യത്തിനു വിലക്കേര്‍പ്പെടുത്തി– ജയ്റ്റ്‍‌ലി കുറിച്ചു.

‘ജർമനിയിൽ ഒരേയൊരു നേതാവേയുള്ളൂ എന്നർഥത്തിൽ ഒരു നാസി ഭരണാധികാരി ഹിറ്റ്ലറെ ഫ്യൂറർ എന്നു വിശേഷിപ്പിച്ചു. അതുപോലെ, ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയെന്നാല്‍ ഇന്ത്യ എന്നാണ് കോൺഗ്രസ് അധ്യക്ഷൻ ദേവകാന്ത ബറുവ വിശേഷിപ്പിച്ചത്– ജയ്റ്റ്ലി ചൂണ്ടിക്കാട്ടി.