മൂന്നാറിലെ നിർമാണങ്ങൾക്ക് എൻഒസി: ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്ന് മുഖ്യമന്ത്രി സഭയിൽ

തിരുവനന്തപുരം∙ മൂന്നാറിൽ കെട്ടിട നിർമാണത്തിന് എൻഒസി നൽകുന്നില്ലെന്ന വിഷയത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നു നിയമസഭയിൽ വ്യക്തമാക്കിയ മുഖ്യമന്ത്രി കലക്ടർമാർക്ക് നിർദേശം നൽകിയെന്നും അറിയിച്ചു. മൂന്നാറിലെ നിർമാണങ്ങൾക്ക് പ്രത്യേക നിയമനിർമാണം പരിഗണനയിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അടിമാലി, മൂന്നാർ മേഖലയിലെ എട്ടു വില്ലേജുകളിലെ നിരോധന ഉത്തരവുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തര പ്രമേയത്തിനു അനുമതി തേടിയുള്ള വിഷയത്തിൽ പ്രതിപക്ഷം നൽകിയ നോട്ടിസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

എന്നാൽ എട്ടു വില്ലേജുകളിലെ നിർമാണത്തിന് എൻഒസി നിർബന്ധമാണെന്നും ഇതു നൽകാനുള്ള അധികാരം വില്ലേജ് ഓഫിസർമാരിൽനിന്നു മാറ്റാനാകില്ലെന്നും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ വ്യക്തമാക്കി.

എട്ടു വില്ലേജുകളിൽ വീടുവയ്ക്കാൻ എൻഒസി നൽകാത്ത തീരുമാനം പിൻവലിക്കണമെന്നും പാവപ്പെട്ട കർഷകരുടെ അപേക്ഷകളാണു കെട്ടിക്കിടക്കുന്നതെന്നും നോട്ടിസ് നൽകിയ കേരള കോൺഗ്രസ് നേതാവ് കെ.എം. മാണി പറഞ്ഞു. മാണിയെ പിന്തുണച്ച് സിപിഎം അംഗം എസ്. രാജേന്ദ്രനും രംഗത്തെത്തി. സർക്കാർ അറിയാതെ ഉദ്യോഗസ്ഥർ ഇറക്കിയ ഉത്തരവു പിൻവലിക്കണം. ഇവന്റ് മാനേജ്മെന്റിൽ ഐഎഎസ് എടുത്ത ചില ഉദ്യോഗസ്ഥരാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും എസ്. രാജേന്ദ്രൻ പറഞ്ഞു.

അതിനിടെ നെൽവയൽ നീർത്തട സംരക്ഷണ നിയമത്തിന്റെ ഭേദഗതിക്കെതിരെ വി.ടി. ബൽറാം സ്പീക്കർക്കു കത്തുനൽകി.