നടിക്കെതിരായ അതിക്രമം: അഭിഭാഷകരായ പ്രതികളെ ഒഴിവാക്കില്ലെന്നു കോടതി

പൾസർ സുനി, അഡ്വ. രാജു ജോസഫ്

കൊച്ചി∙ നടി ആക്രമിക്കപ്പെട്ട കേസിൽ തെളിവു നശിപ്പിച്ചതിനു വിചാരണ നേരിടുന്ന പൾസർ സുനിയുടെ അഭിഭാഷകരുടെ ഹർജി തള്ളി. എറണാകുളം സെഷൻസ് കോടതിയാണ് അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരുടെ ഹർജി തള്ളിയത്. ഹർജി തള്ളിയതോടെ കുറ്റപത്രത്തിലുള്ള പ്രതികളെ ഒഴിവാക്കാൻ കോടതി തയാറായിട്ടില്ലെന്നതാണ് വ്യക്തമാകുന്നത്.

നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ നശിപ്പിച്ചു, പ്രതികളെ സഹായിച്ചു, അഭിഭാഷനെന്ന നിലയിൽ നിയമപരമായ സഹായത്തിനു പുറമേ പ്രതികളെ സഹായിക്കാനായി പെരുമാറ്റച്ചട്ടം വിട്ടു പെരുമാറി തുടങ്ങിയവയാണ് പ്രതീഷ് ചാക്കോയ്ക്കും രാജു ജോസഫിനുമെതിരെയുള്ള കുറ്റങ്ങൾ. മുഖ്യപ്രതി പൾസർ സുനി ഇവരെയാണ് ഫോൺ ഏൽപ്പിച്ചതെന്നാണു കണ്ടെത്തൽ. ഇവരെ വിചാരണ ചെയ്യുന്നതിന് മതിയായ തെളിവുകളുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ദൃശ്യങ്ങളൊഴികെ കേസിലെ പ്രധാന രേഖകളെല്ലാം നൽകാൻ കോടതി നേരത്തേ ഉത്തരവിട്ടതാണ്. എന്നാൽ കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് പ്രതികൾ വീണ്ടും കോടതിയെ സമീപിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിഭാഗം സഹകരിച്ചാൽ കോടതി നടപടികൾ പൂർത്തിയാക്കാമെന്ന് നേരത്തേ കോടതി പറഞ്ഞിരുന്നു. പൾസർ സുനിയുടെ അമ്മ അഭിഭാഷകർ വഴിയല്ലാതെ നേരിട്ടു കോടതിയിലെത്തി മകനു ജാമ്യം വേണമെന്ന് ആവശ്യപ്പെട്ടപ്പോഴായിരുന്നു ഇത്. നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.