അണ്ണാ ഡിഎംകെ അംഗങ്ങളുടെ അയോഗ്യത: തീരുമാനമെടുക്കാൻ മൂന്നാം ജഡ്ജി

ന്യൂഡൽഹി∙ അണ്ണാ ഡിഎംകെയിലെ 18 എംഎൽഎമാരെ അയോഗ്യരാക്കിയ തമിഴ്നാട് സ്പീക്കറുടെ തീരുമാനത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹർജിയിൽ തീരുമാനമെടുക്കാൻ മൂന്നാം ജഡ്ജിയായി എം.സത്യനാരായണനെ സുപ്രീംകോടതി നിയമിച്ചു. മദ്രാസ് ഹൈക്കോടതി ജഡ്ജിയാണു സത്യനാരായണൻ. കേസ് ഹൈക്കോടതിയിൽ നിന്നും സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന എംഎൽഎമാരുടെ ആവശ്യം കോടതി നിരാകരിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചതിനെ തുടർന്നാണ് എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചത്. 

എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് 2017 സെപ്റ്റംബർ 18ന് ഗവർണറെ കണ്ട 18 എംഎല്‍എമാരെയാണു സ്പീക്കർ പി.ധനപാലൻ അയോഗ്യരാക്കിയത്. സ്പീക്കറുടെ തീരുമാനത്തിനെതിരെ ഇവർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഭിന്നവിധി പ്രഖ്യാപിച്ചതോടെയാണു തർക്കം സുപ്രീംകോടതിയിലെത്തിയത്. 

ഈ മാസം 14നാണു മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജിയും ജസ്റ്റിസ് എം.സുന്ദറും വ്യത്യസ്ത വിധികൾ പുറപ്പെടുവിച്ചത്. സ്പീക്കർ പി.ധനപാലിന്റെ തീരുമാനത്തെ ചീഫ് ജസ്റ്റിസ് ശരിവച്ചപ്പോൾ, ജസ്റ്റിസ് സുന്ദർ വിധിച്ചതു സ്പീക്കറുടെ തീരുമാനം റദ്ദാക്കണമെന്നായിരുന്നു. മൂന്നാം ജഡ്ജിക്കു കേസ് വിടാനും അതുവരെ തൽസ്ഥിതി തുടരാനും അന്നു ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു.