രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ്: തൃണമൂലിനെ പിന്തുണയ്ക്കാൻ കോൺഗ്രസ്

രാജ്യസഭ. (ഫയൽ ചിത്രം)

ന്യൂഡൽഹി∙ രാജ്യസഭ ഉപാധ്യക്ഷ സ്ഥാനത്തേക്കു തൃണമൂൽ കോൺഗ്രസ് പ്രതിനിധിയെ കോൺഗ്രസ് പിന്തുണയ്ക്കാൻ സാധ്യത. ഉപാധ്യക്ഷ സ്ഥാനത്തേക്കു ഭരണപക്ഷം സ്ഥാനാര്‍ഥിയെ നിർത്താൻ തീരുമാനിക്കുകയാണെങ്കിൽ തൃണമൂൽ കോൺഗ്രസിന്‍റെ സുഖേന്ദു ശേഖർ റോയ് പ്രതിപക്ഷ സ്ഥാനാർഥിയായേക്കുമെന്നാണു സൂചന. 2019ൽ ബിജെപിക്കെതിരെ സംയുക്ത പോരാട്ടമെന്ന പ്രതിപക്ഷ ലക്ഷ്യത്തിന്‍റെ മറ്റൊരു പരീക്ഷണ വേദിയായി ഇതോടെ രാജ്യസഭ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് മാറും.

രാജ്യസഭയിൽ അംഗബലം കൊണ്ടു ശക്തരാണെങ്കിലും വിശാല ഐക്യം മുൻനിർത്തി മമത ബാനർ‌ജിയുടെ സ്ഥാനാർഥിയെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചതായാണു സൂചന. 51 അംഗങ്ങളുള്ള കോൺഗ്രസിനു സ്വാഭാവികമായി പദവിയിൽ അവകാശവാദമുന്നയിക്കാമെങ്കിലും തൃണമുൽ സ്ഥാനാർഥിക്കു ബിജു ജനതാദളിന്‍റെയും തെലങ്കാന രാഷ്ട്ര സമിതിയുടെയും പിന്തുണ ലഭിക്കാനിടയുണ്ടെന്നതാണു നീക്കത്തിനു പാർട്ടി നേതൃത്വത്തെ പ്രേരിപ്പിച്ച മുഖ്യഘടകം. ഒരു ബിജെപി ഇതര സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പിക്കുന്നതിൽ തൃണമൂലിന്‍റെ സ്ഥാനാർഥിയുടെ സാന്നിധ്യം നിർണായകമാണ്.

രാജ്യസഭയിലെ കണക്കുകള്‍ അനുകൂലമല്ലെങ്കിലും ബിജെപി സ്വന്തം സ്ഥാനാർഥിയെ നിർത്താൻ തന്നെയാണു സാധ്യത. 1992ലാണു രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് അവസാനമായി വോട്ടെടുപ്പ് നടന്നത്. ഇപ്പോൾ ബിജെപി അംഗമായ നജ്മ ഹെപ്ത്തുള്ളയായിരുന്നു അന്ന് കോൺഗ്രസ് സ്ഥാനാർഥി. പ്രതിപക്ഷ സ്ഥാനാർഥി രേണുക ചൗധരിയെ 95നെതിരെ 128 വോട്ടുകൾക്ക് അവർ പരാജയപ്പെടുത്തുകയും ചെയ്തു. വർഷകാല സമ്മേളനത്തിലാണ് രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിർദേശ പ്രക്രിയയും വോട്ടെടുപ്പും നടക്കുക. കോൺഗ്രസിലെ പി.ജെ.കുര്യനായിരുന്നു കഴിഞ്ഞ ആറു വർഷം ഉപാധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നത്.