സർജിക്കൽ സ്ട്രൈക്ക്: മോദിയല്ല, സൈനികരാണ് യഥാർഥ ഹീറോയെന്ന് കോൺഗ്രസ്

ന്യൂഡൽഹി ∙ അതിർത്തി കടന്ന് പാക്കിസ്ഥാനിലെ ഭീകര ക്യാംപുകൾ തകർത്ത ഇന്ത്യൻ സേനയുടെ സർജിക്കൽ സ്ട്രൈക്ക് ദൗത്യത്തെ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ വർധിപ്പിക്കാനും രാഷ്ട്രീയ ആയുധമായും ഉപയോഗിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നു കോൺഗ്രസ്. സർജിക്കൽ സ്ട്രൈക്കിന്‍റെ യഥാർഥ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് കോൺഗ്രസിന്‍റെ പ്രതികരണം. 

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പില്‍ നാണംകെട്ട രീതിയിലാണ് സർജിക്കൽ സ്ട്രൈക്ക് ബിജെപി ഉപയോഗിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആരോപിച്ചു. ഒരു വശത്ത് സൈനികരുടെ ത്യാഗത്തിന്‍റെയും ധീരതയുടെയും ഫലമായി ഉണ്ടായ നേട്ടത്തിന്‍റെ അവകാശവാദം ഏറ്റെടുക്കുന്ന സർക്കാർ, മറുവശത്ത് പാകിസ്ഥാനുമായുള്ള ഇടപാടുകള്‍ക്ക് കൃത്യമായ ഒരു ദിശയോ കാഴ്ചപ്പാടോ സമ്മാനിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ്. പ്രതിരോധ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചും സൈനികർക്ക് ആധുനിക ഉപകരണങ്ങൾ നൽകാതെയും അവരോട് ചിറ്റമ്മ നയമാണ് സർക്കാർ പുലർത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

സർജിക്കൽ സ്ട്രൈക്കിന്‍റെ വിഡിയോ പുറത്തുവിട്ടതിലൂടെ സൈനികരുടെ ജീവൻ അപകടത്തിലാക്കുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. അവരുടെ ത്യാഗം വോട്ടു നേടാനുള്ള ഉപാധിയാക്കി. സർജിക്കൽ സ്ട്രൈക്കിന്‍റെ ക്രെഡിറ്റ് സൈനികർക്ക് നൽകാതെ അത് മോദിക്കു സമ്മാനിക്കാനാണ് സർക്കാരിന്‍റെയും ബിജെപിയുടെയും ശ്രമം – കോൺഗ്രസ് വക്താവ് കുറ്റപ്പെടുത്തി. 

ബുദ്ധിപരമായ ഒരു നീക്കത്തിന്‍റെ കൃത്യമായ ആസുത്രണം എന്ന നിലയിൽ സർജിക്കൽ സ്ട്രൈക്ക് മോദിയുടെ വിജയമായി മാറ്റാനാണ് ബിജെപി ശ്രമമെന്നു മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദും കുറ്റപ്പെടുത്തി.