യുഎസ് തിട്ടൂരത്തിന് വഴങ്ങി ഇന്ത്യ; ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി കുറയ്ക്കുന്നു?

ഡോണൾഡ് ട്രംപ്.

ന്യൂഡല്‍ഹി∙ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നവംബറോടെ അവസാനിപ്പിക്കണമെന്ന യുഎസ് നിർദേശത്തിനു വഴങ്ങാനൊരുങ്ങി ഇന്ത്യ. ഇറാനിൽനിന്നുള്ള ഇറക്കുമതി വെട്ടിക്കുറയ്ക്കുകയോ തീർത്തും അവസാനിപ്പിക്കുകയോ ചെയ്യുന്ന സാഹചര്യത്തെ നേരിടാന്‍ ഒരുങ്ങണമെന്ന് എണ്ണ സംസ്കരണ രംഗത്തുള്ളവരോട് എണ്ണ മന്ത്രാലയം ആവശ്യപ്പെട്ടതായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

യുഎസ് ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്ന ഉപരോധങ്ങൾ അംഗീകരിക്കില്ലെന്ന് ഇന്ത്യ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ ചില നടപടികൾക്ക് ഇന്ത്യ നിർബന്ധിതമാകുമെന്നാണു വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. 

ഏതു പ്രതിസന്ധി ഘട്ടവും നേരിടാൻ‌ ഒരുങ്ങിക്കൊള്ളാൻ എണ്ണ സംസ്കരണ മേഖലയിലുള്ളവരുടെ യോഗത്തിൽ സർക്കാർ നിർദേശം നൽകി. എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രതിസന്ധി ഇപ്പോഴും ഉരുത്തിരിഞ്ഞു വരുന്നതേയുളളൂ. ഇറക്കുമതിയിൽ ഗണ്യമായ കുറവ് വരാനോ ഇറക്കുമതി പൂർണമായും നിലയ്ക്കാനോ സാധ്യതയുണ്ട്. ഈ സാഹചര്യം മുന്നിൽക്കണ്ടു സമാന്തര മാർഗങ്ങൾ തേടാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നവംബറോടെ നിർത്തലാക്കാൻ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങള്‍ക്കു യുഎസ് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നൽകിയിരുന്നു. എണ്ണയ്ക്കായി ഇറാനെ ആശ്രയിക്കുന്നതു കുറയ്ക്കാനാണ് ഇന്ത്യ സന്ദർശിക്കുന്ന, ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധി നിക്കി ഹാലി പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക‌ു മുമ്പ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി നിക്കി ഹാലി സംസാരിച്ചിരുന്നു.