മുംബൈയിൽ ചെറുവിമാനം തകർന്നു വീണ് അഞ്ചു മരണം

ഘാട്കോപ്പറിൽ വിമാനം തകർന്നതിന്റെ ദൃശ്യങ്ങൾ.

മുംബൈ∙ പരീക്ഷണപ്പറക്കലിനിടെ മുംബൈയിൽ ചെറുവിമാനം തകർന്നു വീണ് അഞ്ചു പേർ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും രണ്ട് എൻജിനീയർമാരും ഒരു വഴിയാത്രക്കാരനുമാണ് മരിച്ചത്. ജുഹുവിൽ ലാൻഡ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവില്‍ ഏവിയേഷൻ അറിയിച്ചു. ക്യാപ്റ്റൻ പി.എസ്.രജ്പുത്, ക്യാപ്റ്റന്‍ മരിയ, എൻജിനീയര്‍മാരായ സുരഭി ഗുപ്ത, മനിഷ് പാണ്ഡെ എന്നിവരാണു മരിച്ചത്. മരിച്ച വഴിയാത്രക്കാരന്റെ വിവരങ്ങൾ ലഭിച്ചിട്ടില്ല. ലവകുശ് കുമാർ, നരേഷ് കുമാർ സിയാദ്, പ്രശാന്ത് മഹാകൽ എന്നിവർക്കു പരുക്കേറ്റു.

ഘാട്കോപ്പറിലെ സർവോദയ് നഗറിനടുത്ത് നിർമാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിനു സമീപമാണ് 12 സീറ്റുള്ള കിങ് എയർ സി20 വിമാനം തകർന്നു വീണത്. പ്രാഥമിക അന്വേഷണത്തിനായി ഡിജിസിഎ സംഘം സ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ രാജവാഡി ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. പൊലീസും അഗ്നിശമന സേനയും ദുരന്ത നിവാരണ സേനയും സംയുക്തമായിട്ടായിരുന്നു രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്.

യുവൈ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡാണ് വിമാനത്തിന്‍റെ ഉടമകൾ. ഉത്തർപ്രദേശ് സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള വിമാനം 2014ൽ വിൽക്കുകയായിരുന്നു. സംഭവത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചു.