Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുംബൈയിൽ തീഗോളമായി ഇടിച്ചിറങ്ങി വിമാനം; വൻ ദുരന്തം ഒഴിവാക്കിയത് വനിതാ പൈലറ്റ്

Mumbai-Plane-Crash വിമാനം തകരുന്ന സിസിടിവി ദൃശ്യങ്ങൾ (ഇടത്, വൃത്തത്തിനുള്ളിൽ), വിമാനം പുറപ്പെടും മുൻപ് (വലത്)

മുംബൈ∙ നഗരത്തിലെ തിരക്കേറിയ ഘാട്കോപ്പർ മേഖലയിൽ ചെറുവിമാനം തകർന്നു വീണതിന്റെ വിഡിയോ ദൃശ്യം പുറത്ത്. തകർന്നു വീണ കെട്ടിടത്തിനു സമീപത്തെ വീട്ടിലെ സിസിടിവിയിലാണ് തീഗോളമായി വിമാനം വന്നുപതിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്. വിമാനത്തിലെ വനിതാ പൈലറ്റിന്റെ അവസരോചിതമായ ഇടപെടലാണു സംഭവം വൻ ദുരന്തത്തില്‍ കലാശിക്കാതിരിക്കുന്നതിനു സഹായിച്ചതെന്ന് മുൻ വ്യോമയാന മന്ത്രി പ്രഫുൽ പട്ടേൽ പറഞ്ഞു.

സ്വന്തം ജീവൻ ത്യജിച്ചാണ് പൈലറ്റ് വിമാനം താരതമ്യേന തിരക്കു കുറഞ്ഞയിടത്ത് ഇടിച്ചിറക്കിയതെന്നും പട്ടേൽ ട്വീറ്റ് ചെയ്തു. വനിതാപൈലറ്റിന് അദ്ദേഹം അഭിവാദ്യങ്ങൾ അർപ്പിച്ചു. മരിച്ച അഞ്ചു പേരുടെയും വീട്ടുകാർക്കും അനുശോചനം അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.

പരീക്ഷണപ്പറക്കലിന്റെ ഭാഗമായി ജുഹുവിൽ നിന്നു യാത്ര തിരിച്ച 12 സീറ്റുള്ള വിമാനമാണു തകർന്നു വീണത്. മുംബൈ രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു ഇത് അടിയന്തര ലാൻഡിങ് നടത്തേണ്ടിയിരുന്നത്. എന്നാൽ അതിനു മുൻപേ തകർന്നു വീഴുകയായിരുന്നു. 

നിർമാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിന്റെ അതിർത്തിയോടു ചേർന്നാണു വിമാനം ഇടിച്ചിറങ്ങിയത്. അഗ്നിശമന സേന എത്തുന്നതിനു മുൻപു തന്നെ വിമാനത്തിന്റെ എൻജിനുൾപ്പെടെ പൂർണമായും കത്തിനശിച്ചിരുന്നു. 

ക്യാപ്റ്റൻ പ്രദീപ് രജ്പുത്, ക്യാപ്റ്റൻ മരിയ, എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർ സുരഭി ഗുപ്ത, ജൂനിയർ ടെക്നിഷ്യൻ മനീഷ് പാണ്ഡെ എന്നിവർ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. സുരഭി രണ്ടുമാസം ഗർഭിണിയായിരുന്നു. ഒരു വഴിയാത്രക്കാരനും അപകടത്തിൽ മരിച്ചു.

വിമാനാപകടത്തിനു പിന്നിൽ ഉടമകളായ കമ്പനിയുടെ കെടുകാര്യസ്ഥതയാണെന്നു മരിയയുടെ ഭർത്താവ് കുറ്റപ്പെടുത്തി. മോശം കാലാവസ്ഥ കാരണം വിമാനം പറത്താനാകില്ലെന്നാണു തന്നോടു മരിയ പറഞ്ഞത്. പിന്നെയും വിമാനം പറന്നുയർന്നെങ്കില്‍ അതിനു പിന്നിൽ കമ്പനിയായിരിക്കുമെന്നും ഭർത്താവ് മാധ്യമങ്ങളോടു പറഞ്ഞു.

റോഡിലൂടെ പോകുന്ന ചുവന്ന നിറത്തിലുള്ള വാഹനത്തിലേക്കു വിമാനം ഇടിച്ചിറങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. പിന്നാലെ തീഗോളമായി പൊട്ടിച്ചിതറുന്നതും ദൃശ്യമാണ്. അപകടമുണ്ടായതിന്റെ 50 മീറ്റർ ചുറ്റളവിൽ തീയും പുകയും പടർന്നു.

വൻ ശബ്ദം കേട്ട് സമീപവാസികളെല്ലാം വീട്ടിൽ നിന്ന് ഇറങ്ങിയോടി. വിമാനത്താവളം അടുത്തായതിനാൽ ഘാട്കോപ്പർ നിവാസികൾക്കു വിമാനങ്ങൾ പതിവുകാഴ്ചയാണ്. അതിനാൽത്തന്നെ നിർമാണ മേഖലയിൽ എന്തോ തകർന്നുവീണതാണെന്നാണു പലരും കരുതിയത്. പിന്നീടാണു വിമാനം ഇടിച്ചിറങ്ങിയതാണെന്നു മനസ്സിലായത്. 

ഉത്തർപ്രദേശ് സര്‍ക്കാർ വിറ്റൊഴിവാക്കിയതാണ് ഈ ബീച്ച്ക്രാഫ്റ്റ് കിങ് എയർ സി–90 വിമാനം. മുംബൈ ആസ്ഥാനമായുള്ള യുവൈ ഐവിയേഷൻ കമ്പനി 2014ലാണ് ഇതു വാങ്ങിയത്. അലഹബാദിൽ ഒരു അപകടത്തിൽപ്പെട്ടതിനെത്തുടർന്നാണ് വിമാനം യുപി സർക്കാർ വിറ്റൊഴിവാക്കിയത്.

20 വർഷത്തെ പഴക്കമുണ്ട് ഇതിന്. എന്നാൽ കാലപ്പഴക്കം കാരണമാണോ വിമാനം തകർന്നതെന്നു വ്യക്തമല്ല. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടുണ്ട്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചു.