ഭീഷണി ഒഴിഞ്ഞിട്ടില്ല, ഉത്തരകൊറിയ ആണവ കേന്ദ്രം ശക്തമാക്കുന്ന ചിത്രങ്ങൾ പുറത്ത്

കിം ജോങ് ഉൻ

വാഷിങ്ടൻ ∙ രാജ്യത്തെ ആണവമുക്തമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അവകാശപ്പെടുമ്പോഴും യോങ് ബ്യോണിലെ ആണവ കേന്ദ്രം പരിഷ്കരിക്കുന്ന നടപടികളുമായി ഉത്തരകൊറിയ മുന്നോട്ടു പോകുകയാണെന്നു വ്യക്തമാക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്. ഉത്തരകൊറിയയുടെ നീക്കങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്ന നിരീക്ഷണ സംഘമായ 38 നോർത്ത് പ്രസിദ്ധീകരിച്ച അവലോകനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 

ഉത്തരകൊറിയയിലെ പ്രധാന ആണവ കേന്ദ്രങ്ങളിലൊന്നായ യോങ്ബ്യോങിലെ പ്ലൂട്ടോണിയം നിർമാണ റിയാക്ടറിൽ വരുത്തിയ മാറ്റങ്ങളും അനുബന്ധ സഹായ സംവിധാനങ്ങളുടെ നിർമാണവും വ്യക്തമാക്കുന്ന ഫോട്ടോ ജൂൺ 21ന് എടുത്തതാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും തമ്മിൽ സിംഗപ്പൂരിൽ നടന്ന കൂടിക്കാഴ്ചയുടെ സമയത്തുതന്നെ നടന്നിരുന്ന അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങളാണിവ. റിപ്പോർട്ട് സ്ഥിരീകരിക്കാനാകില്ലെന്നും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും യുഎസ് യൂണിഫിക്കേഷൻ മന്ത്രാലയം പ്രതികരിച്ചു. 

ആണവ നിരായുധീകരണം സംബന്ധിച്ച ഉത്തരകൊറിയയുടെ പ്രതിജ്ഞയുമായി യോങ് ബ്യോങ് ആണവ കേന്ദ്രത്തിലെ പരിഷ്കരണ പ്രവർത്തനങ്ങളെ ബന്ധപ്പെടുത്താനാകില്ലെന്ന് റിപ്പോർട്ട് പറയുന്നു. എന്നാൽ ട്രംപുമായുള്ള നിർണായക കൂടിക്കാഴ്ചക്കു ശേഷവും ആണവ കേന്ദ്രങ്ങളുടെ പരിപാലനത്തിന്‍റെ കാര്യത്തിൽ കാര്യമായ വ്യതിചലനത്തിന് ഉത്തരകൊറിയ തയാറായിട്ടില്ലെന്നാണ് ഫോട്ടോകൾ വ്യക്തമാക്കുന്നത്. 

ഉത്തരകൊറിയ ഇനിയൊരു ഭീഷണിയല്ലെന്ന ട്രംപിന്‍റെ ആദ്യ പ്രസ്താവനയെ വെല്ലുവിളിക്കുന്നതാണ് ഫോട്ടോകൾ, എന്നാൽ തന്‍റെ നിലപാട് തിരുത്തിയ ട്രംപ് ഉത്തര കൊറിയ ഭീഷണിയായി തുടരുകയാണെന്നു വ്യക്തമാക്കിയിരുന്നു. ചർച്ചകളുടെ പുരോഗതിക്കനുസരിച്ചു മാത്രമേ ആണവമുക്തമാക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കിം ജോങ് ഉൻ ഘട്ടം ഘട്ടമായി തീരുമാനം കൈകൊള്ളുകയുള്ളുവെന്ന വിലയിരുത്തൽ സാധൂകരിക്കുന്നതാണ് പുതിയ വെളിപ്പെടുത്തൽ. 

കഴിഞ്ഞ ഏതാനും മാസങ്ങളായി ഉത്തരകൊറിയ മിസൈല്‍, ആണവ പരീക്ഷണങ്ങൾ നടത്തിയിട്ടില്ലെന്നാണ് ആണവനിരായുധീകരണത്തിലേക്കുള്ള നീക്കമായി ട്രംപ് ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ നിർണായകമായ തീരുമാനങ്ങൾ കൈകൊള്ളാൻ കിം ജോങ് ഉന്നിനെ പ്രേരിപ്പിക്കാൻ യുഎസിന് കഴിഞ്ഞിട്ടില്ലെന്നാണ് ആണവകേന്ദ്രങ്ങളുടെ സംരക്ഷണത്തിൽ ഉത്തരകൊറിയ കാണിക്കുന്ന ശ്രദ്ധ വ്യക്തമാക്കുന്നത്. പ്രകടമായ പരീക്ഷണങ്ങളുടെ സഹായമില്ലാതെ തന്നെ ഉത്തരകൊറിയയ്ക്ക് തങ്ങളുടെ ആയുധങ്ങളുടെ ശക്തി കൂട്ടാനും ഘടന മാറ്റാനുമാകുമെന്നും ഇതിനായുള്ള ഹൈഡ്രോ ഡൈനാമിക് പരീക്ഷണങ്ങള്‍ കണ്ടെത്താനോ നിരീക്ഷിക്കാനോ എളുപ്പമല്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.