പൊലീസിൽ അരക്ഷിതാവസ്ഥ തുടരുന്നു, ആരും പരാതിപ്പെടുന്നില്ലെന്നും സെൻകുമാർ

കലൂർ∙ വ്യക്തമായ കാരണങ്ങളില്ലാതെ സംസ്ഥാന പൊലീസ് മേധാവിയെ സ്ഥലം മാറ്റാൻ പറ്റില്ലെന്നു സുപ്രീം കോടതി വിധിയിൽ പറഞ്ഞതിനു ശേഷവും അത്തരം മാറ്റങ്ങൾ നടന്നിട്ടുണ്ടെന്നു മുൻ ഡിജിപി ടി.പി.സെൻകുമാർ. ‘വർധിക്കുന്ന പൊലീസ് അതിക്രമങ്ങൾ – കാരണവും പ്രതിവിധിയും’ എന്ന വിഷയത്തിൽ ന്യൂമാൻ അസോസിയേഷൻ ഓഫ് ഇന്ത്യ നടത്തിയ ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

‘ഞാൻ ഫയൽ ചെയ്ത കേസിന്റെ വിധിന്യായത്തിലാണു സംസ്ഥാന പൊലീസ് മേധാവിയെ മാറ്റുന്നതിനെതിരെ സുപ്രീം കോടതി പറയുന്നത്. പക്ഷേ, അതിനു ശേഷവും പല മാറ്റങ്ങളുണ്ടായെങ്കിലും ആരും കോടതിയലക്ഷ്യത്തിനു പരാതി നൽകിയില്ല. എനിക്കെതിരെ പല കേസുകൾ വരുന്നു. എല്ലാം ഒറ്റയ്ക്കാണു നേരിടുന്നത്. പൊലീസുകാർ അനുസരിക്കണമെന്നു മാത്രമല്ല, അടിമ പോലെയാകണമെന്ന തരത്തിലുള്ള സന്ദേശമാണ് അവർക്കു ലഭിക്കുന്നത്. 

എല്ലാ പൊലീസുകാരും ഈ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ട്. പൊലീസുകാർക്ക് ഉപദ്രവമേറ്റ കേസുകളാണ് അധികവും പിൻവലിക്കപ്പെടുന്നത്.  പൊലീസ് നിയമത്തിൽ കാലാനുസൃതമായ മാറ്റം വരുത്തണം. 

പൊലീസാകാൻ മാനസികമായി ശേഷിയുള്ളവരാണോ സേനയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നതെന്നു പരിശോധിക്കണം. ശാസ്ത്രീയ അന്വേഷണ രീതികളിൽ പൊലീസുകാർക്കു പരിശീലനം ആവശ്യമാണ്. വിദേശങ്ങളിലേതു പോലെ ചോദ്യം ചെയ്യാൻ പ്രത്യേക മുറികൾ വേണം. മുതിർന്ന ഉദ്യോഗസ്ഥർ കീഴുദ്യോഗസ്ഥരെ സംരക്ഷിക്കുകയും അവർക്കു സമ്മർദം നൽകാതെ നോക്കുകയും വേണം.

എംജി കോളജിൽ വച്ച് 2005–ൽ ഞാൻ ഒരു പൊലീസുകാരന്റെ േകാളറിനു പിടിച്ചത്, അയാൾ എന്റെ ഉത്തരവ് അനുസരിക്കാതിരുന്നതിനാലാണ്. വിദ്യാർഥികളെ തല്ലരുതെന്നും ബോംബെറിഞ്ഞവരെ മാത്രം പിടികൂടിയാൽ മതിയെന്നുമുള്ള നിർദേശം പാലിക്കാതെയാണ് അയാൾ ഒരു വിദ്യാർഥിയെ എന്റെ മുന്നിലിട്ടു തല്ലിച്ചതച്ചത്. എന്തു ചെയ്താലും തന്നെ സംരക്ഷിക്കാൻ പുറത്ത്  േനതാവുണ്ടെന്ന തോന്നലാണു പൊലീസുകാർ വഴി തെറ്റുന്നതിനു പ്രധാന കാരണം’–സെൻകുമാർ പറഞ്ഞു. മുൻ പ്രിൻസിപ്പൽ സെക്രട്ടറി ലിഡ ജേക്കബ്, ന്യൂമാൻ അസോസിയേഷൻ പേട്രൺ ഫാ.എ.അടപ്പൂർ, പ്രസിഡന്റ് ഡോ.കെ.എം.മാത്യു, ജനറൽ സെക്രട്ടറി ജോസഫ് ആഞ്ഞിപ്പറമ്പിൽ, വൈസ് പ്രസിഡന്റ്മാരായ സാബു ജോസ്, റോയ് ചാക്കോ, ഡി.പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.