എൻജിനീയറിങ് വിദ്യാർഥിനിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തി; കേസെടുത്തു

x-default

ഹൈദരാബാദ്∙ എൻജിനീയറിങ് വിദ്യാർഥിനിയെ ബലാൽസംഗ ചെയ്ത വിഡിയോ കാണിച്ചു ഭീഷണിപ്പെടുത്താൻ ശ്രമിച്ച സീനിയർ വിദ്യാർഥികൾക്കെതിരെ പരാതി. ആന്ധ്രാ സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വംഷി, ശിവ റെഡ്ഡി എന്നീ എൻജിനീയറിങ് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു.

കൂട്ടബലാൽസംഗത്തിനും വിഡിയോ പകർത്തിയതിന് ഐടി ആക്ട് പ്രകാരവുമാണു കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിലാണു കേസിന് ആസ്പദമായ സംഭവം. ഒരു ജന്മദിനാഘോഷത്തിനിടയിൽ ഉറക്കഗുളിക കലർത്തിയ പാനീയം കുടിക്കാൻ നൽകിയ ശേഷം പീഡിപ്പിക്കുകയും, അതിന്റെ വിഡിയോ പകർത്തുകയുമായിരുന്നെന്നു യുവതി പരാതിയിൽ പറയുന്നു. അതിനു ശേഷം വിഡിയോ കാണിച്ചു നിരവധി തവണ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതു സംബന്ധിച്ചു കോളജ് മാനേജ്മെന്റിൽ പരാതി നൽകിയെങ്കിലും സംഭവം മൂടിവയ്ക്കാനും ഒത്തുതീർപ്പാക്കാനുമാണ് അധികൃതർ ശ്രമിച്ചതെന്നു യുവതി ആരോപിച്ചു. എന്നാൽ വിദ്യാർഥികളുടെ ഭാവി അനിശ്ചിത്വത്തിൽ ആകാതിരിക്കാനാണു പൊലീസിൽ പരാതി നൽകാതിരുന്നതെന്നു കോളജ് അധികൃതർ അറിയിച്ചു.

വിഡിയോ പകർത്തിയ വിദ്യാർഥികൾ ഇതു കോളജിലെ മറ്റു വിദ്യാർഥികൾക്കു കൈമാറിയിരുന്നതായി പൊലീസ് പറഞ്ഞു. തന്റെ കൈവശമുള്ള വിഡിയോയുടെ പകർപ്പു വച്ച് കോളജിലെ മറ്റൊരു വിദ്യാർഥിയായ പ്രവീൺ യുവതിയോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു. പ്രവീൺ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. മറ്റു രണ്ടു പേർക്കായി തിരച്ചിൽ തുടരുകയാണ്.