ചെലമേശ്വർ എന്ന ശരി പരാജയപ്പെടുമ്പോൾ...

ജസ്റ്റിസ് ചെലമേശ്വർ. ചിത്രം: ജെ. സുരേഷ്

യുഎസ് സുപ്രീം കോടതിയിലെ ജഡ്ജി ക്ളാരൻസ് തോമസ്, തന്റെ ഒാർമക്കുറിപ്പുകളുടെ പുസ്തകം (മൈ ഗ്രാൻഡ്ഫാദേഴ്സ് സൺ) അവസാനിപ്പിക്കുന്നത് ഒരു പ്രാർഥനയോടെയാണ്: ‘ദൈവമേ, ശരിയെന്തെന്നു മനസ്സിലാക്കാനുള്ള വിവേകവും അതു ചെയ്യാനുള്ള ധൈര്യവും എനിക്കു നൽകേണമേ. ആമേൻ.’ സുപ്രീം കോടതിയിൽ അസോഷ്യേറ്റ് ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തശേഷം താൻ‍ മനസ്സിൽ ചൊല്ലിയ പ്രാർഥനയായാണ് ക്ളാരൻസ് തോമസ് ഇതു രേഖപ്പെടുത്തുന്നത്.

സുപ്രീം കോടതിയിൽനിന്നു വിരമിക്കുന്നതിനു ദിവസങ്ങൾ മുൻ‍പ് തിരുപ്പതിയിൽ പോയി തലമുണ്ഡനം ചെയ്ത ജസ്റ്റിസ് ജസ്തി ചെലമേശ്വറും ഇതേ പ്രാർഥന അല്പം ചില മാറ്റങ്ങളോടെ അവിടെവച്ചു ചൊല്ലിയെന്നു കരുതണം: ‘ശരിയെന്തെന്നു മനസ്സിലാക്കാനും അതു ചെയ്യാനുള്ള ധൈര്യവും എനിക്കു നൽകിയതിനു നന്ദി.’

ശരികൾ മനസ്സിലാക്കുകയും, ശരികൾ ചെയ്യാൻ ധൈര്യം കാട്ടുകയും ചെയ്ത ജഡ്ജിമാരുടെ പട്ടികയിലാവും ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ ജസ്റ്റിസ് ചെലമേശ്വറിന്റെ സ്ഥാനം. അദ്ദേഹവും സുപ്രീം കോടതിയിലെ വേറെ മൂന്നു ജഡ്ജിമാരും ചേർന്നു കാട്ടിയ ധൈര്യത്തിന് എന്തു ഫലമുണ്ടായി എന്നതു പ്രസക്തമായ ചോദ്യമാണ്. അതേ ചോദ്യം ചെലമേശ്വർ സ്വയം ചോദിച്ചിട്ടുണ്ട്. ഉദ്ദേശിച്ച സൽഫലമുണ്ടായില്ല എന്നു കരുതുന്നതുകൊണ്ടാവാം, ശരിയെന്നു തന്റെ മനഃസാക്ഷിക്കു തോന്നിയ കാര്യങ്ങളാണ് താൻ ചെയ്തതെന്നും പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നു ബോധ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നത്. ജനുവരി 12ലെ പത്രസമ്മേളനത്തിനുശേഷം സുപ്രീം കോടതിയിലെ ചില ജഡ്ജിമാർ പോലും ചെലമേശ്വറിനോടു സംസാരിക്കാത്ത സ്ഥിതിയുണ്ടായി. എല്ലാ ബുധനാഴ്ചയും സുപ്രീം കോടതിയിലെ ജഡ്ജിമാർ ഉച്ചഭക്ഷണത്തിന് ഒരുമിച്ചുകൂടുന്ന പതിവുണ്ട്. ജഡ്ജിപദവിയിലുള്ള അവസാന മാസങ്ങളിൽ ചെലമേശ്വർ ഈ പതിവു സ്വയം മുടക്കി.

ലോകത്തിലെ ഏറ്റവും ശക്തമെന്നു വിശേഷിപ്പിക്കപ്പെടുന്നതാണ് ഇന്ത്യയുടെ സുപ്രീം കോടതി. അവിടുത്തെ മുതിർന്ന ജഡ്ജിയുടെ കാര്യമാണ് നമ്മൾ‍ പറയുന്നത്.

ചെലമേശ്വർ എന്താണു ചെയ്തത്? ജുഡീഷ്യറിയിലെ നടപടിപ്പിഴവുകൾ തിരുത്താൻ ശ്രമിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര െതറ്റുകൾ ചെയ്യുന്നുവെന്നു വിളിച്ചുപറയാൻ‍ മുൻകൈയെടുത്തു.

ചെലമേശ്വറിനെ നമ്മൾ പരാജയപ്പെടുത്തി. അല്ലെങ്കിൽ, തന്നെ ഒറ്റപ്പെടുത്താൻ‍ ജഡ്ജിമാരും മുതിർന്നവരും സമുന്നതരുമായ ചില അഭിഭാഷകരും ശ്രമിച്ചതായി ചെലമേശ്വർ ഏറ്റുപറയില്ലായിരുന്നു. അപ്പോഴും അദ്ദേഹം പറയുന്നുണ്ട്: ‘എനിക്ക് ആരുടെയും സഹതാപം ആവശ്യമില്ല.’

ജാതിയും കോടതിയും

സുപ്രീം കോടതി ജഡ്ജിയായി ചെലമേശ്വർ എത്തുന്നതുതന്നെ പരാജിതനായാണ്. അദ്ദേഹത്തിന്റെ നിയമനം മനഃപൂർവം വൈകിച്ചു എന്നതിനു തെളിവുകൾ 2011ലെ ജഡ്ജിനിയമന പട്ടിക തന്നെയാണ്. തന്നെ പരാജയപ്പെടുത്തിയ കാരണങ്ങളിൽ പ്രധാനം കൊളീജിയത്തിന്റെ അതീവ രഹസ്യസ്വഭാവമാണെന്ന് അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കൊളീജിയത്തിന്റെ നടപടികളിൽ‍ സുതാര്യത വേണമെന്നും കൊളീജിയത്തിൽ ജഡ്ജിമാർ അഭിപ്രായങ്ങൾ വാക്കാൽ പറഞ്ഞാൽപോര, എഴുതി നൽകണമെന്നും അദ്ദേഹം വാദിച്ചു.

ജുഡീഷ്യറിയിൽ മികവു മാനദണ്ഡമാണ്. മികച്ച ജഡ്ജിമാരുടെ പട്ടിക വലുതാണ്. എന്നാൽ, പലപ്പോഴും, മികവിനപ്പുറം, കുടുംബപാരമ്പര്യം, രാഷ്ട്രീയ സ്വാധീനം, ബന്ധുബലം തുടങ്ങി ജഡ്ജി നിയമനത്തിൽ സഹായകമാകാറുള്ള പല ഘടകങ്ങളുമുണ്ട്. അതേപോലൊരു ഘടകമാണ് ജാതി. എന്നാൽ, അത് അനുകൂലമായും പ്രതികൂലമായും ബാധിക്കാവുന്ന ഘടകമാണ്. ചെലമേശ്വർ എന്ന ഇതര പിന്നാക്ക വിഭാഗക്കാരന്റെ നിയമനത്തെ മറ്റു പല കാരണങ്ങൾക്കുമൊപ്പം, ജാതിയും പ്രതികൂലമായാണ് ബാധിച്ചതെന്നു കരുതണം.

അമേരിക്കൻ പണ്ഡിതൻ പറയുന്നത്

സുപ്രീം കോടതിയിലെ ജഡ്ജി നിയമനത്തിലെ ജാതിവ്യവസ്ഥ മനസ്സിലാക്കാൻ സഹായിക്കുന്ന പഠനമാണ് ജോർജ് എച്ച്. ഗാഡ്ബോയിയുടേത്. 1950 മുതൽ‍ 1989 വരെ സുപ്രീം കോടതി ജഡ്ജിമാരായിരുന്നവരിൽ ഭൂരിപക്ഷം പേരെയും നേരിട്ടുകണ്ടു സംസാരിച്ചും മറ്റും നടത്തിയ പഠനമാണത് (ജഡ്ജസ് ഒാഫ് ദ് സുപ്രീം കോർട്ട് ഒാഫ് ഇന്ത്യ, 1950–1989).

അതിൽനിന്ന് ആദ്യം ഉദ്ധരിക്കാവുന്നത് ഒരു കണക്കാണ്. 1950 മുതൽ 1989വരെ സുപ്രീം കോടതി ജഡ്ജിമാരായിരുന്നവരുടെ ജാതി തിരിച്ചുള്ള കണക്ക്:
ബ്രാഹ്മണർ – 42.9%
മറ്റു മുന്നാക്ക വിഭാഗങ്ങൾ – 49.4%
പട്ടിക ജാതി – 2.6%
പട്ടിക വർഗം – 0.0%
ഇതര പിന്നാക്ക വിഭാഗങ്ങൾ – 5.2%

ഗാഡ്ബോയ്സിന്റെ പഠനത്തിൽതന്നെ, സുപ്രീം കോടതി ജഡ്ജിയായിരുന്ന പി.ബി. സാവന്ത് 1987 ൽ നടത്തിയ ഒരു പരാമർശമുണ്ട്: ‘ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും ജഡ്ജിനിയമനവും സ്ഥാനക്കയറ്റവുമാവട്ടെ – രാഷ്ട്രീയ പരിഗണനകൾക്കൊപ്പം, വർഗം, ജാതി, സമുദായം, പ്രദേശം എന്നിവയും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ശരിയായ വർഗത്തിലോ ജാതിയിലോ ഉൾപ്പെടുന്നില്ലെങ്കിൽ ജീവിതത്തിൽ‍ ഏതു മേഖലയിലും മേൽഗതിയുണ്ടാവില്ലെന്ന തോന്നൽ രാജ്യത്തുണ്ട്. ഏതാനും തസ്തികകൾ മാത്രമുള്ള ഉന്നത ജുഡീഷ്യറിയിൽ ഈ തോന്നൽ‍ എടുത്തുനിൽക്കുന്നു.’

സുപ്രീം കോടതിയിലേക്ക് പട്ടികജാതിയിൽനിന്നൊരാൾ ആദ്യം നിയമിക്കപ്പെടുന്നത് 1980ലാണ്- ജൊലാർപേട്ടയിൽനിന്നുള്ള അപ്പാജി വരദരാജൻ. ഇതരപിന്നാക്ക വിഭാഗങ്ങളിൽനിന്ന് സുപ്രീം കോടതയിലെ ആദ്യ ജഡ്ജി സുബ്ബയ്യ രത്നവേൽ പാണ്ഡ്യനാണ്. നിയമിക്കപ്പെടുന്നത് 1988ൽ. വരദരാജനും പാണ്ഡ്യനുമെത്തിയത് മദ്രാസ് ഹൈക്കോടതിയിൽനിന്നാണ്. 1980 കളുടെ അവസാനമാകുമ്പോഴേക്കും സുപ്രീം കോടതിയിലെ ബ്രാഹ്മണ ഭൂരിപക്ഷം ഇല്ലാതാവുന്നുണ്ട്. ജാതിയാണ് ബ്രാഹ്മണർ കൂടുതലായി പരിഗണിക്കപ്പെടാനുള്ള കാരണമെന്നതിനു വിശ്വസനീയ തെളിവുകൾ വേണ്ടത്രയില്ലെന്നാണ് ഗാഡ്ബോയ് പറയുന്നത്. ഒട്ടു മിക്ക രാജ്യങ്ങളിലും രാജ്യത്തെ സാമൂഹിക ഘടനയ്ക്ക് അനുസൃതമല്ല ഉയർന്ന പദവിയിലുള്ള ജഡ്ജിമാരുടെ എണ്ണം എന്നൊരു ആശ്വാസവാദംകൂടി അദ്ദേഹം ഉന്നയിക്കുന്നുണ്ട്.

ചെലമേശ്വേറിനുള്ള വിശേഷണങ്ങൾ

ചെലമേശ്വർ‍ ഈ ബഹളമെല്ലാം ഉണ്ടാക്കിയിട്ടും അദ്ദേഹത്തെ ഏതെങ്കിലും തരത്തിൽ ഭീഷണിപ്പെടുത്താൻ ആർക്കും സാധിച്ചില്ല. അഴിമതി കാട്ടിയെന്നോ പക്ഷപാതം കാട്ടിയെന്നോ (അഭിഭാഷകനായിരുപ്പോൾ കക്ഷിരാഷ്ട്രീയം കളിച്ചയാളാണെങ്കിലും) രാഷ്ട്രീയ സ്വാധീനങ്ങൾക്കു വഴിപ്പെട്ടെന്നോ ആരോപണമില്ല. കമ്യൂണിസ്റ്റ്, ദേശവിരുദ്ധൻ, മാവോയിസ്റ്റ്, മോദിവിരുദ്ധൻ, പാക്ക് ഏജന്റ് എന്നൊക്കെ വിളിക്കാൻ മാത്രമേ പ്രതിയോഗികൾക്കു സാധിച്ചുള്ളൂ. ഇത്തരം വിശേഷണപദങ്ങൾ ഇക്കാലത്തു വിമതശബ്ദമുയർത്തുന്ന ആർക്കും ലഭിക്കുന്നതാണ്. കാലത്തിന്റെ സവിശേഷതയായാണ് ചെലമേശ്വറും അതിനെ കാണുന്നത്.

ശരാശരി ഇന്ത്യക്കാരന്റെ അവസാനത്തെ അത്താണി എന്നുകൂടി വിശേഷണം നേടിയിട്ടുള്ളതാണ് ഇന്ത്യൻ‍ ജുഡീഷ്യറി. ചെലമേശ്വർ തുടങ്ങിവച്ച വിപ്ലവം- ജുഡീഷ്യറിയെ വെടിപ്പാക്കാനുള്ള ശ്രമം- പരാജയപ്പെടാനാണ് സാധ്യത കൂടുതൽ. അപ്പോൾ നമ്മൾ‍ എത്തിനിൽക്കുക സുശീലൻ എന്നൊരു മലയാള കവി കാൽനൂറ്റാണ്ടു മുൻപു പാടിയ യുക്തിയിലാണ്:

‘നമ്മളീ മർത്യർ മഹിഷങ്ങളല്ലയോ,
നമ്മൾക്കു ചീഞ്ഞ വൈക്കോലു പോരെയോ,
നമ്മളീ മർത്യർ മഹിഷങ്ങളല്ലയോ,
നമ്മൾക്കു നാറുമെരുത്ത് ഏറെയല്ലയോ.’