ഒപ്പിന് പദ്ധതിയുടെ ഒരുശതമാനം; പിടിയിലായത് നോട്ടുകളുമായി രക്ഷപെടുന്നതിനിടെ

ഗാര്‍ഗിനെ സിബിഐ കസ്റ്റഡിയിലെടുത്തപ്പോള്‍

കൊച്ചി∙ അറസ്റ്റിലായ മിലിട്ടറി എന്‍ജിനീയറിങ് സർവീസ് ചീഫ് എഞ്ചിനീയർ രാകേഷ് കുമാര്‍ ഗാര്‍ഗ് ഒന്നരവര്‍ഷംകൊണ്ട് പത്തുകോടിയിലധികം കൈക്കൂലി വാങ്ങിയതായി സിബിഐയുടെ നിഗമനം. പദ്ധതികളുടെ അടങ്കല്‍ തുകയുടെ ഒരുശതമാനമായിരുന്നു തന്റെ ഒപ്പിനായി ഗാര്‍ഗ് നിശ്ചയിച്ചിരുന്ന കൈക്കൂലി. എന്നാൽ ഇതു നേരിട്ടു കൈപ്പറ്റാതെ സഹോദരനും അടുപ്പക്കാരും വഴിയാണു സ്വന്തമാക്കിയിരുന്നത്.

സിബിഐയുടെ ചെന്നൈ കേന്ദ്രീകരിച്ചുള്ള സ്പെഷൽ യൂണിറ്റ് നാലുമാസമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഗാർഗിനെ പിടികൂടുന്നത്. നോട്ടുകൾ വാരിക്കൂട്ടി ഓടിരക്ഷപെടാൻ ശ്രമിക്കുന്ന തരത്തിലായിരുന്നു റെയ്ഡിനെത്തിയ സംഘം ഗാർഗിനെ കണ്ടത്. ‍നേരിട്ടു കൈപ്പറ്റാതെ ഡൽഹിയിലുള്ള സഹോദരൻ മുഖേനെയും അടുപ്പക്കാർ വഴിയും പണം വാങ്ങുന്നതായിരുന്നു രീതി.

ആവശ്യപ്പെട്ട കൈക്കൂലി, നിർദേശിച്ച സ്ഥലത്ത് എത്തി എന്ന് ഉറപ്പായാൽ മാത്രമേ ഗാർഗ് കരാർ അനുവദിച്ചു കൊണ്ടുള്ള ഫയലിൽ ഒപ്പിട്ടിരുന്നുള്ളൂ. ഗാർഗിന്റെ അടുപ്പക്കാരായ, പ്രഭുൽ ജെയ്ൻ, പുഷ്കർ ഭാസിൻ എന്നീ കരാറുകാർക്കാണ് സ്ഥിരമായി നാവിക സേനയുടെ കരാറുകൾ ലഭിച്ചിരുന്നതും. ഇവരെയും കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പുഷ്കർ ഭാസിന് നാവികസേനയുടെ ടെൻഡറുകളിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യത പോലുമില്ലെന്നു കണ്ടെത്തുകയും ചെയ്തു.

മൂന്നരക്കോടിയിലധികം രൂപ വാങ്ങി 377 കോടിയുടെ കരാർ നൽകാൻ തയാറെടുക്കുമ്പോഴാണ് ഗാർഗിനെ സിബിഐ കുടുക്കിയത്. കൊച്ചിയിലെത്തിയ ഒന്നര വർഷം കൊണ്ട് കൈക്കൂലി ഇനത്തിൽ പത്തു കോടി രൂപയെെങ്കിലും ഗാർഗ് സമ്പാദിച്ചിട്ടുണ്ടെന്നാണു സിബിഐയുടെ കണക്കു കൂട്ടൽ.