ലൈംഗികാരോപണം: നാല് വൈദികർക്കെതിരെ കേസ്

പത്തനംതിട്ട∙ ഓർത്തഡോക്സ് വൈദികർ ഉൾപ്പെട്ട ലൈംഗികാരോപണത്തിൽ നാല് ഓര്‍ത്തഡോക്സ് വൈദികര്‍ക്കെതിരെ കേസ്. ഇവര്‍ക്കെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി. ജെയ്സ് കെ.ജോര്‍ജ്, ഏബ്രഹാം വര്‍ഗീസ്, സോണി വര്‍ഗീസ്, ജോബ് മാത്യു എന്നിവർക്കെതിരെയാണ് കേസ് ചുമത്തിയത്‍. നേരത്തേ അഞ്ചു പേർക്കെതിരെയായിരുന്നു പരാതി. ഇവരിൽ ഒരാളെ ഒഴിവാക്കി. പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങളും നാലു പേർക്കെതിരെ ചുമത്തി.

ലൈംഗികാരോപണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് പരാതിക്കാരന്റെ മൊഴിയെടുത്തിരുന്നു. ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണു മൊഴിയെടുത്തത്. പരാതിക്കാരൻ തെളിവുകൾ അന്വേഷണ സംഘത്തിനു കൈമാറിയെന്നാണു സൂചന.

എസ്പി സാബുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം പരാതിക്കാരന്റെ പത്തനംതിട്ട ആനിക്കാടുള്ള വീട്ടിലെത്തിയാണു മൊഴിയെടുത്തത്. ഡിജിപിയുടെ നിർദേശ പ്രകാരം കേസ് റജിസ്റ്റർ ചെയ്യുന്നതിനു മുന്നോടിയായുള്ള പ്രാഥമിക അന്വേഷണമാണ് ആരംഭിച്ചത്. മൊഴിയെടുപ്പ്  മണിക്കൂറുകൾ നീണ്ടു. വൈദികരും യുവതിയുമായി ബന്ധമുണ്ടെന്നു തെളിയിക്കുന്ന രേഖകളുടെ പകർപ്പ് പരാതിക്കാരൻ അന്വേഷണ സംഘത്തിനു കൈമാറിയെന്നാണു സൂചന.

വിവാഹത്തിന് മുൻപു 16 വയസുള്ളപ്പോഴാണ് ഓർത്തഡോക്സ് വൈദികൻ ഫാ. ഏബ്രഹാം വര്‍ഗീസ് പീഡിപ്പിച്ചതെന്നു ചൂഷണത്തിനിരയായ യുവതി മൊഴി നൽകിയിട്ടുണ്ട്. 2009ല്‍ ഫാദര്‍ ജോബ് മാത്യുവിന് മുന്നില്‍ ഇക്കാര്യം കുമ്പസരിച്ചു. ഇതു പുറത്തു പറയുമെന്നു ഭീഷണിപ്പെടുത്തിയാണ് ഫാ. ജോബ് മാത്യു പീഡിപ്പിച്ചത്.

ഇതെക്കുറിച്ച് പരാതി പറയാന്‍ മുന്‍സഹപാഠിയായ ജെയ്സ് കെ.ജോര്‍ജിനെ കണ്ടു. എന്നാല്‍ ജെയ്സ് ജോര്‍ജും തന്നെ പീഡിപ്പിച്ചു. പീഡനങ്ങളെ തുടര്‍ന്ന് കൗണ്‍സലിങ്ങിനായി ജോണ്‍സണ്‍ വി. മാത്യുവിനടുത്തെത്തി. ഇക്കാര്യങ്ങള്‍ മുതലെടുത്ത് ഫാ. ജോണ്‍സണും  പീഡിപ്പിച്ചു. താനുമായി ബന്ധമുള്ള കാര്യം മൂന്നു വൈദികര്‍ക്കും പരസ്പരം അറിയാമായിരുന്നു. വീടുകളിലും ആഡംബര ഹോട്ടലുകളിലും വച്ചായിരുന്നു പീഡനമെന്നും യുവതി ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയിലുണ്ട്. 

തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങിയത്. അറസ്റ്റടക്കമുള്ള തുടര്‍ നടപടികള്‍ ഉടനുണ്ടായേക്കുമെന്നാണ് സൂചന. 

പീഡനത്തെപ്പറ്റിയുള്ള വിവരങ്ങൾ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ കൈമാറിയിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. വൈദികർ‌ക്കെതിരെയുള്ള നടപടി ചർച്ച ചെയ്യാൻ നിരണം ഭദ്രാസനത്തിൽ വൈകിട്ട് ഏഴിനു പ്രത്യേക കൗൺസിൽ യോഗം ചേരും.