നേപ്പാളിൽ കുടുങ്ങിയവർ സുരക്ഷിതർ, യാത്ര പുനഃരാരംഭിച്ചു: കണ്ണന്താനം

അൽഫോൻസ് കണ്ണന്താനം.

കോഴിക്കോട് ∙ കൈലാസ യാത്ര കഴിഞ്ഞു മടങ്ങവെ നേപ്പാളിൽ കുടുങ്ങിയവർ സുരക്ഷിതരാണെന്നും യാത്ര പുനഃരാരംഭിച്ചെന്നും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. മഴയും മഞ്ഞും മൂലമാണു യാത്ര മുടങ്ങിയത്. ആഭ്യന്തരമന്ത്രിയോടു താൻ സംസാരിച്ചു. കാലാവസ്ഥ മെച്ചപ്പെട്ടതിനാൽ തീർഥാടകർ യാത്ര പുനരാരംഭിച്ചെന്നും അവർ സുരക്ഷിതരാണെന്നും കണ്ണന്താനം പറഞ്ഞു.

കൈലാസ യാത്ര കഴിഞ്ഞു മടങ്ങുമ്പോൾ മോശം കാലാവസ്ഥയെ തുടർന്ന് നേപ്പാളിലെ സിമിക്കോട്ടില്‍ കുടുങ്ങിയ 600 അംഗ സംഘത്തിലെ മലയാളി  തീർഥാടക കഴിഞ്ഞ ദിവസം ശ്വാസതടസം മൂലം മരിച്ചിരുന്നു. വണ്ടൂർ കിടങ്ങഴി മന  കെ.എം.സേതുമാധവൻ നമ്പൂതിരിപ്പാടിന്റെ ഭാര്യ ലീലാ അന്തർജനം ആണ് മരിച്ചത്. കാലാവസ്ഥ മോശമായതുകൊണ്ട് ഇന്നലെ വൈകിട്ടു മുതൽ  മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. കഴിഞ്ഞദിവസമാണ് മാനസസരോവർ തീർത്ഥാടനത്തിന് പോയ അറുന്നൂറോളം പേർ രണ്ടിടങ്ങളിലായി കുടുങ്ങിയത്.

കുടുങ്ങിയവരുടെ ബന്ധുക്കള്‍ക്കായി ഹോട്ട്‌ലൈൻ നമ്പർ സജ്ജമാക്കിയിട്ടുണ്ട്. മലയാളത്തില്‍ അടക്കം സേവനം ലഭ്യമാകുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. നമ്പർ 00977–9808500644