നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി; തിരിച്ചുവരവുമായി സൂചികകൾ

മുംബൈ ∙ ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 114 പോയിന്റ് നേട്ടത്തിൽ 35,378 ലാണു വ്യാപാരം‌ അവസാനിച്ചത്. ദേശീയ ഓഹരി സൂചിക നിഫ്റ്റി 42 പോയിന്റ് ഉയര്‍ന്ന് 10,699 ലും ക്ലോസ് ചെയ്തു. വ്യാപാര ആരംഭത്തിൽ ഏഷ്യൻ വിപണിയിലെ നഷ്ടം ആഭ്യന്തര വിപണിയിൽ പ്രകടമായിരുന്നെങ്കിലും സൂചികകൾ തിരിച്ചുവരവു നടത്തി. ബിഎസ്ഇയിലെ 1,344 ഓഹരികൾക്കു വില ഉയർന്നപ്പോൾ 1,253 ഓഹരികളുടെ വില ഇടിഞ്ഞു.

ഫാർമ (2.10%), ഹെൽത്ത് കെയർ (1.80%), ഐടി (1.07%), ഓട്ടോ (1.00%) എന്നീ മേഖലകളിലെ ഓഹരികളാണു മുന്നേറിയത്. അതേസമയം ബാങ്കിങ് മേഖലയിലെ ഓഹരികൾക്കു നഷ്ടമുണ്ടായി. നിഫ്റ്റി ബാങ്കിങ് സൂചികയ്ക്ക് 0.10 ശതമാനവും ബിഎസ്ഇ ബാങ്കിങ് സൂചികയ്ക്ക് 0.19 ശതമാനവും നഷ്ടമുണ്ടായി. മെറ്റൽ, ഫിനാൻസ്, പിഎസ്‌യു ബാങ്ക് എന്നീ വിഭാഗം ഓഹരികളും നഷ്ടത്തിലായിരുന്നു. സിപ്ല, സൺ ഫാർമ, മാരുതി സുസുക്കി, ലൂപിൻ, ഇൻഫോസിസ്, ഒഎൻജിസി എന്നീ ഓഹരികളുടെ വില ഉയർന്നു. വേദാന്ത, ഭാരതി ഇൻഫ്രാടെൽ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ എന്നീ ഓഹരികളു‍ടെ വില ഇടിഞ്ഞു.