ഇന്ത്യ ചർച്ച ഒഴിവാക്കി കിമ്മിനെ കാണാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ,ഉത്തരകൊറിയ ഭരണാധികാരി കിം ജോങ് ഉൻ

വാഷിങ്ടൻ∙ ഇന്ത്യയുമായുള്ള വിദേശകാര്യ–പ്രതിരോധ ചർച്ചയിൽ നിന്നു പിൻമാറിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ ഈ ആഴ്ച ഉത്തരകൊറിയയിലേക്ക് പറക്കും. ആണവനിരായുധീകരണം സംബന്ധിച്ച ചർച്ചകൾക്കായാണ് യാത്ര. തീർത്തും ഒഴിച്ചു കൂടാനാകാത്ത സാഹചര്യത്തിലാണ് ഇന്ത്യയുമായുള്ള ചർച്ച മാറ്റിവച്ചതെന്ന് യുഎസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ചർച്ച മാറ്റിവയ്ക്കാനുള്ള കരാണം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാമെന്നും വൈകാതെ തന്നെ ഇത് ലോകത്തിന് വ്യക്തമാകുമെന്നും ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധി നിക്കി ഹാലി അറിയിക്കുകയും ചെയ്തു.

കൊറിയൻ ഉപഭൂഖണ്ഡത്തെ ആണവമുക്തമാക്കുക എന്ന അതീവ പ്രാധാന്യമുള്ള ലക്ഷ്യം കൈവരിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും സംഘവുമായുള്ള ചർച്ചകൾക്കായി പോംപിയോ അഞ്ചിന് ഉത്തരകൊറിയിലേക്ക് യാത്ര തിരിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് അറിയിച്ചു. ആണവനിലയങ്ങളുടെ സമ്പുഷ്ടീകരണവുമായി ഉത്തരകൊറിയ മുന്നോട്ടു പോകുന്നതായുള്ള വാര്‍ത്തകള്‍ക്കിടെയാണ് പോംപിയോ കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചകൾക്ക് എത്തുന്നത്. ഉത്തരകൊറിയയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സ്ഥിരീകരിക്കാനോ നിഷേധിക്കാനോ സാൻഡേഴ്സ് തയ്യാറായില്ല. കഴിഞ്ഞ എട്ടുമാസമായി ഉത്തരകൊറിയയുടെ ഭാഗത്ത് നിന്നും മിസൈൽ, ആണവായുധ പരീക്ഷണങ്ങൾ ഉണ്ടായിട്ടില്ലെന്നും പുരോഗതിയുണ്ടെന്നും എന്നാൽ വിശദാംശങ്ങൾ വെളിപ്പെടുത്താറായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.