ബിജെപി ആനയെപ്പോലെ, നല്ല തോട്ടി ആവശ്യം; അമിത് ഷായുടെ വരവ് പ്രഹസനം: പി.പി.മുകുന്ദൻ

പി.പി.മുകുന്ദൻ

തിരുവനന്തപുരം ∙ ഇപ്പോഴത്തെ സാഹചര്യത്തിൽ ബിജെപിയുടെ നേതൃപദവിയിലേക്കു വരാൻ തീരെ താൽപര്യമില്ലെന്നു പാർട്ടിയിൽ നിന്ന് ഒഴിവാക്കപ്പെട്ട മുതിർന്ന നേതാവ് പി.പി.മുകുന്ദൻ. മുകുന്ദനെ പാർട്ടി നേതൃപദവിയിലേക്കു തിരികെ കൊണ്ടുവരാൻ ദേശീയ നേതൃത്വം ആലോചിക്കുന്നുവെന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തു ബിജെപിയുടെ നില പരുങ്ങലിലാണെന്നും കേഡർ പാർട്ടിയെ നയിക്കാൻ  നാഥനില്ലാത്ത അവസ്ഥ പാർലമെന്റു തിര‍ഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കുമെന്നും മുകുന്ദൻ മനോരമ ഓൺലൈനോടു പറഞ്ഞു.

സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ താങ്കളെ അധ്യക്ഷപദവിയിലേക്കു കേന്ദ്രനേതൃത്വം പരിഗണിക്കുന്നുവെന്നാണല്ലോ കേൾക്കുന്നത്?

ഇക്കാര്യത്തിൽ ചർച്ചകളൊന്നും നടന്നിട്ടില്ല. എന്നോട് ആരും ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. ഉൾപ്പാർട്ടി ചർച്ചകൾ നടക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ വലിയ പോരായ്മ. താൻ പോലുമറിയാതെയാണു തന്നെ ഗവർണറാക്കിയതെന്നു കുമ്മനം രാജശേഖരൻ തന്നെ പറഞ്ഞതല്ലേ. വോട്ടെടുപ്പിനു തൊട്ടുമുമ്പായി അധ്യക്ഷസ്ഥാനത്തുനിന്നും അദ്ദേഹത്തെ നീക്കിയത് വലിയ തെറ്റായിരുന്നു. ഈ വികാരം തന്നെയാണ് ആർഎസ്എസ് നേതൃത്വവും പ്രകടിപ്പിച്ചത്.

മാതൃസംഘടനയ്ക്ക് ആ തീരുമാനം വലിയ വിഷമമുണ്ടാക്കി. അത് ചെറിയൊരു വികാരപ്രകടനം മാത്രമായി കാണരുത്. കുമ്മനം രാജശേഖരൻ അടിസ്ഥാനപരമായി ഒരു പ്രചാരകനാണ്. പ്രചാകരന്റെ കാര്യത്തിൽ സംഘമാണ് അന്തിമതീരുമാനം പറയേണ്ടത്. അത്തരത്തിലൊരു ആലോചന പാർട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. അമിത് ഷായുമായി കൂടിക്കാഴ്ച പോലും വേണ്ടെന്ന നിലപാടിലേക്ക് ഇപ്പോൾ സംഘനേതൃത്വം എത്തിയില്ലേ?

  ∙ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുന്നതു വൈകുന്നത് പാർട്ടിയുടെ അവസ്ഥ മോശമാക്കില്ലേ? 

ഇനിയെന്തു മോശമാകാനാണ്? മീൻ പിടിക്കുന്ന വലയുടെ കെട്ട് പൊട്ടിയതു പോലെയല്ലേ? ഒരു ഭാഗത്തുകൂടെ മൽസ്യമെല്ലാം ചോർന്നുപോവുകയാണ്. അതിരാവിലെ കടപ്പുറത്തു ചെന്നാലൊരു കാഴ്ച കാണാം. മൽസ്യബന്ധന തൊഴിലാളികൾ വല മുറുക്കുന്നതു കാണാം. കെട്ടുകൾ ഒന്നുകൂടി മുറുക്കും. പഴുതുകൾ അടക്കും. ഇതൊരു എക്സൈർസൈസാണ്. ഇതാണു നല്ല ക്യാച്ച് തരുന്നത്. ഈ എക്സൈസർസൈസ് ഇന്നു പാർട്ടിയിലില്ല. അണികൾ ഒരു ഭാഗത്തുകൂടെ ചോർന്നുപോവുന്നതു നേതൃത്വം അറിയുന്നില്ല.

കണ്ണൂരിൽ ഒരു പാർട്ടി കുടുംബം അടുത്തകാലത്ത് സിപിഎമ്മിലേക്കു പോയി. അവരുടെ ജില്ലാ സെക്രട്ടറി പി.ജയരാജൻ വന്നൊന്നു ക്ഷണിച്ചതേയുള്ളൂ. തദ്ദേശതിരഞ്ഞെടുപ്പിലൊക്കെ ബിജെപിക്കുവേണ്ടി മൽസരിച്ച ആളുകളുള്ള കുടുംബമാണ്. അവർക്കു സിപിഎമ്മിലേക്കു പോകാൻ മടിയുണ്ടായില്ല. ഇതുപോലെ ഒരുപാട് കുടുംബങ്ങളുണ്ട്. അനുഭാവികളുണ്ട്. അവരൊക്കെ ഏതു നിമിഷവും ചോരാം. അണികളുടെ മനസ് നേതൃത്വം കാണാതിരുന്നാൽ വലിയ അപകടം ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നിർണായകമായിരുന്നു ബിജെപിയുടെ വോട്ട്ഷെയർ. ഇന്നത് എവിടെ നിൽക്കുന്നു എന്നുനോക്കൂ.

∙ ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിനു പുറത്തുനിന്നൊരാൾ ദേശീയ അധ്യക്ഷനായി വന്നാല്‍ ഗുണകരമാകുമോ? 

നല്ല ടീം വാർത്തെടുക്കാനായാൽ ഗുണകരമാകും. ആന വലിയ മൃഗമാണ്. പക്ഷേ ആനയെ നിയന്ത്രിക്കുന്ന ചെറിയൊരു തോട്ടി കൊണ്ടാണ്. പാർട്ടി ആനയെപ്പോലെയാണ് വലിയ കരുത്തുണ്ട്. പാപ്പാന്മാരുമുണ്ട്. പക്ഷേ നല്ല തോട്ടിയാണ് ആവശ്യം.

∙ അമിത് ഷായുടെ തന്ത്രങ്ങൾ കേരളത്തിൽ ഫലിക്കുന്നില്ല എന്നാണോ? 

നേതൃത്വത്തിന് ഒളിച്ചോടൽ മനോഭാവമുണ്ട്. അമിത് ഷായുടെ ഈ വരവുതന്നെ കണ്ടില്ലേ? താങ്ങാനാവുന്നതിനേക്കാളേറെ കാര്യപരിപാടികളാണ്. വന്നു കുറെപേരെ കണ്ടു മടങ്ങുന്നുവെന്നല്ലാതെ അടിസ്ഥാനപരമായ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നില്ലല്ലോ. ഞാനീ വരവിനെ വെറും പ്രഹസനമായാണു കാണുന്നത്.