ഗുജറാത്തിലേത് ‘രാഷ്ട്രീയ സർജിക്കൽ സ്ട്രൈക്’; ബിജെപി നീക്കത്തിൽ ഞെട്ടി കോൺഗ്രസ്

കുംവർജി ബാവലിയ

അഹമ്മദാബാദ്∙ സ്വപക്ഷത്തു നിന്നു രാജിവച്ച എംഎൽഎ മണിക്കൂറുകൾക്കുള്ളിൽ ബിജെപി മന്ത്രിയായ നീക്കത്തിൽ ഞെട്ടി ഗുജറാത്ത് കോൺഗ്രസ്. ഗുജാറത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും ജസ്ദാൻ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയുമായ കുംവർജി ബാവലിയയാണ് രാജിവച്ചു മണിക്കൂറുകൾക്കുള്ളിലാണ് കഴിഞ്ഞ ദിവസം  ബിജെപി മന്ത്രിസഭയിലെത്തിയത്. 

കോൺഗ്രസുമായുള്ള അഭിപ്രായഭിന്നതയെ തുടർന്നു ചൊവാഴ്ച രാവിലെയാണ് കുംവർജി രാജി സമർപ്പിച്ചത്. ഇതിനു ശേഷം ബിജെപി ആസ്ഥാനത്തു കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഉച്ചകഴി​ഞ്ഞ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. രാഷ്ട്രീയത്തിലെ ഈ അട്ടിമറി കരുനീക്കത്തിൽ ഞെട്ടിയ കോൺഗ്രസ് ക്ഷീണം മാറ്റാനുള്ള നീക്കങ്ങളിലാണ്.

മുൻകൂട്ടി തീരുമാനിച്ച പ്രകാരമായിരുന്നു കുംവാർജിയുടെ നീക്കമെന്നു കോൺഗ്രസ് ആരോപിച്ചു. ഇസ്രയേലിൽ സന്ദർശനത്തിലായിരുന്ന മുഖ്യമന്ത്രി വിജയ് രൂപാണി യാത്ര വെട്ടിച്ചുരുക്കി തിരികെയെത്തിയതും മന്ത്രിസ്ഥാനം ഏറ്റെടുത്തയുടൻ ബാവലിയയ്ക്കു പുതിയ മന്ത്രിമന്ദിരം അനുവദിച്ചതും മുൻ നിശ്ചയപ്രകാരമായിരുന്നുവെന്ന് അവർ ആരോപിച്ചു.

ഗുജാറത്തിലെ പ്രബല പിന്നാക്കവിഭാഗമായ കോലി പട്ടേൽ വിഭാഗത്തിൽ നിന്നുള്ള കുംവർജി ബാവലിയക്കു മന്ത്രിസ്ഥാനം നൽകിയ ബിജെപി, 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെന്നു വ്യക്തമാണ്. സൗരാഷ്ട്ര മേഖലയിൽ നിന്നുള്ള കരുത്തനായ നേതാവിനെ കൂടെകൂട്ടിയതിലൂടെ നിയമസഭ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട സീറ്റുകൾ പിടിച്ചടക്കാമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ. അതേസമയം, മറ്റൊരു കോലി നേതാവും കഴിഞ്ഞ വർഷം രാജ്യസഭാ തിരഞ്ഞെടുപ്പിൽ മറുകണ്ടം ചാടി ബിജെപിയിലെത്തിയ മുൻ ജസ്ദാൻ എംഎൽഎ ഭോലാ ഗോഹിൽ തിരിച്ചെത്തിയത് കോൺഗ്രസിന് ആശ്വാസമായി. എംഎൽഎ സ്ഥാനം ബാവലിയ രാജിവച്ചതോടെ ഉപതിരഞ്ഞെടുപ്പ് വരുന്ന ജസ്ദാനിൽ ഗോഹിൽ സ്ഥാനാർഥിയാകുമെന്നത് ഉറപ്പാണ്. 

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു ശേഷം പ്രതിപക്ഷ നേതാവു സ്ഥാനത്തേയ്ക്കു സജീവമായി പരിഗണിച്ചിരുന്ന നേതാവാണ് കുംവർജി ബാവലിയ. കോൺഗ്രസ് ടിക്കറ്റിൽ അ‍‍‍ഞ്ചു തവണ എംഎൽഎയും ഒരു തവണ എംപിയുമായ കുംവർജിയുടെ തീരുമാനം ദൗർഭാഗ്യകരമാണെന്നു ഗുജറാത്ത് പിസിസി പ്രസിഡന്റ് അമിത് ചാവ്ദ പറഞ്ഞു. വാഗ്ദാനങ്ങൾ നൽകി നേതാക്കളെ കൂടെകൂട്ടന്ന രീതി ജനാധിപത്യ വ്യവസ്ഥയ്ക്കു നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.