വിശപ്പ് അടങ്ങി; രക്ഷപ്പെടുത്തൽ എങ്ങനെയെന്ന ആലോചനയിൽ ലോകം - രണ്ടാം വിഡിയോ പുറത്ത്

രണ്ടാമത്തെ വിഡിയോയിൽനിന്നുള്ള ചിത്രം.

ബാങ്കോക്ക്∙ തായ്‌ലൻഡിലെ ഗുഹയിൽ അകപ്പെട്ട കുട്ടികൾ ആരോഗ്യത്തോടെ ഇരിക്കുന്നതായി വ്യക്തമാക്കുന്ന പുതിയ വിഡിയോ പുറത്ത്. ജൂൺ 23നു ഗുഹയിൽ അകപ്പെട്ട ഇവരെ പത്താം ദിനമായ ജൂലൈ മൂന്നിനു കണ്ടെത്തിയപ്പോൾ ഭക്ഷണം കഴിക്കാതെ ക്ഷീണിച്ച് അവശരായിരുന്നു സംഘം. 12 കുട്ടികളും കോച്ചുമുൾപ്പെടെ 13 പേരാണ് ഗുഹയിൽപ്പെട്ടത്. ഇവരെ കണ്ടെത്തിയതിനു പിന്നാലെ കൂടുതൽ രക്ഷാപ്രവർത്തകരെത്തി ഭക്ഷണവും വെള്ളവും നൽകുകയായിരുന്നു. ബ്രിട്ടനിലെ രണ്ടു നീന്തൽ വിദഗ്ധരാണു കുട്ടികളെ കണ്ടെത്തിയത്. പിന്നാലെ ഒരു ഡോക്ടറും നഴ്സുമുൾപ്പെടെ ഏഴു തായ് നേവി സീലുകളും കുട്ടികൾക്കടുത്ത് എത്തുകയായിരുന്നു.

ആരോഗ്യവാന്മാരായി കുട്ടികൾ

രണ്ടാമതു പുറത്തുവിട്ട വിഡിയോയിൽ കുട്ടികൾ ആരോഗ്യവാന്മാരും ഉന്മേഷമുള്ളവരുമായി കാണുന്നുണ്ട്. ഭക്ഷണം കഴിച്ച് നല്ല ആരോഗ്യം പ്രാപിച്ചാലെ ഇവരെ ഗുഹയിലെ ആഴമേറിയ വെള്ളക്കെട്ടിലൂടെയും ഇടുങ്ങിയ ചെളിക്കുണ്ടിലൂടെയും പുറത്തെത്തിക്കാനാകൂ. ഇന്നലെയവർക്കു ഗ്രിൽഡ് പോർക്കും ചോറും പാലുമാണു നൽകിയത്. മാത്രമല്ല, ശരീര ഊർജം വർധിപ്പിക്കാൻ പവർ ജെല്ലും നൽകി.

രണ്ടാമത്തെ വിഡിയോയിൽ 11 പേരെയാണ് കാണിക്കുന്നത്. ആദ്യം തന്നെ തായ് രീതിയിലുള്ള അഭിസംബോധനയ്ക്കുശേഷം കുട്ടികളോരോരുത്തരും ക്യാമറയ്ക്കു മുന്നിലെത്തി സ്വന്തം പേരുപറഞ്ഞ് ആരോഗ്യവാനാണെന്നു പറയുന്നതു വിഡിയോയിൽ കാണാം. പല കുട്ടികളും സുരക്ഷിത ബ്ലാങ്കറ്റ് കവചം ധരിച്ചിട്ടുണ്ട്. ഒരു മിനിറ്റുള്ള വിഡിയോ ക്ലിപ്പിൽ കുട്ടികളെല്ലാവരും സന്തോഷവാന്മാരാണെന്നു വ്യക്തമാണ്.

കുട്ടികളെ കണ്ടെത്തി, അവർ സുരക്ഷിതരോ?

കുട്ടികളെ കണ്ടെത്തിയെങ്കിലും അവരെ എപ്പോൾ പുറത്തുകൊണ്ടുവരാനാകുമെന്നതിൽ വ്യക്തതയില്ല. മാത്രമല്ല, ഇനിയും ഉയരുന്ന വെള്ളത്തിന്റെ നിലയും ആശങ്കയുണ്ടാക്കുന്നു. നിസാരമായ പരുക്കുകൾ മാത്രമേ കുട്ടികൾക്കും കോച്ചിനുമുണ്ടായിട്ടുള്ളൂ.

ഗുഹയിൽനിന്നു വെള്ളം പമ്പ് ചെയ്തു പുറത്തേക്കു കളയുന്നവർ. ചിത്രം: എഎഫ്പി

രക്ഷാപ്രവർത്തകർ വന്ന വഴിയിലൂടെ കുട്ടികളെ പുറത്തിറക്കിക്കൂടെ?

ഇതു സാധ്യമല്ല. പരിചയസമ്പന്നരായ മുങ്ങൽ വിദഗ്ധർ വന്നതുപോലെ പ്രളയ ജലയത്തിനിടയിൽ ഈ കുട്ടികളെയും കൊണ്ടുപോകാനാകില്ല. മാത്രമല്ല. കുട്ടികൾക്ക് നീന്തൽ അറിയില്ല. അതു പഠിപ്പിക്കേണ്ടിവരും. പഠിച്ചാലും ഇത്ര കുറഞ്ഞ നാളുകൾ നീണ്ട പരിശീലനത്തിൽ വെള്ളം കയറിക്കിടക്കുന്ന ഇടുങ്ങിയ വഴികളിലൂടെ അവരെ പുറത്തെത്തിക്കാൻ ശ്രമിക്കുന്നത് അത്യന്തം അപകടകരമാണ്. ഏറ്റവും മികച്ച വഴി, കുട്ടികൾ ഇപ്പോൾ കഴിയുന്നിടത്തുതന്നെ ആവശ്യമായ ഭക്ഷണവും മറ്റുമെത്തിച്ചു നിർത്തുകയെന്നതാണെന്ന് യുഎസ് നാഷനല്‍ കേവ് റെസ്ക്യൂ കമ്മിഷൻ അംഗം അന്‍മർ മിർസ വ്യക്തമാക്കി. വെള്ളത്തിന്റെ നില താഴുന്നതോടെ പുതിയ വഴി തുറന്നുകിട്ടുന്നതുവരെ ഇങ്ങനെ ചെയ്യുന്നതാണു ബുദ്ധിയെന്നാണു മിർസയുടെ അഭിപ്രായം.

എന്നാൽ എതിരഭിപ്രായവുമുണ്ട്. അങ്ങനെ വെള്ളം ഇറങ്ങുന്നതുവരെ കാത്താൽ നാലു മാസം കുട്ടികൾ ഗുഹയിൽ കഴിയേണ്ടി വരും. വെള്ളം കൃത്യസമയത്ത് ഇറങ്ങിയില്ലെങ്കിലോ മഴ വർധിച്ചു വെള്ളത്തിന്റെ നില ഉയർന്നാലോ രക്ഷാപ്രവർത്തനത്തെ ബാധിച്ചേക്കാമെന്നു റോയൽ തായ് നേവിയിലെ ക്യാപ്റ്റൻ അകാനന്ദ് സുരാവൻ അഭിപ്രായപ്പെട്ടു. ഗുഹയിലെ പാറ ‘പോറസ് റോക്ക്’ വിഭാഗത്തിൽപ്പെടുന്നതാണ്. ഒരു വലിയ സ്പോഞ്ച് പോലെയാണ് അവ പ്രവർത്തിക്കുക. വെള്ളത്തിന്റെ നില വർധിക്കുംതോറും പാറകൾ വെള്ളം വലിച്ചെടുക്കും. ഇതു മുഴുവൻ ഗുഹയെയും ബാധിക്കുമെന്നും അണ്ടർവാട്ടർ റോബോട്ടിക്സ് വിദഗ്ധൻ ടിം ടെയ്‌ലർ അഭിപ്രായപ്പെട്ടു.

രക്ഷപ്പെടുത്തൽ എങ്ങനെ?

കുട്ടികളെ രക്ഷപ്പെടുത്തുന്ന കാര്യത്തിൽ ഒരു റിസ്കും ഉണ്ടാവാൻ പാടില്ലെന്ന തീരുമാനത്തിലാണ് രക്ഷാപ്രവർത്തകർ മുന്നോട്ടുപോകുന്നത്. ധൃതിപിടിച്ച് ഒരു തീരുമാനത്തിന് തായ് അധികൃതർ ഒരുങ്ങുന്നില്ല. മലയുടെ മറ്റൊരു വശം വഴി ഗുഹയിലേക്ക് എത്താനാകുമോ എന്നും അധികൃതർ പരിശോധിക്കുന്നു. എത്രനാൾ കുട്ടികള്‍ക്ക് ഗുഹയിൽ തങ്ങേണ്ടിവരുമെന്നു വ്യക്തമല്ലാത്തതിനാൽ രക്ഷാപ്രവർത്തകർ ഒരു ഫോൺകൂടി അതിനകത്ത് സ്ഥാപിച്ചിട്ടുണ്ട്. മാതാപിതാക്കൾക്ക് ഇതുവഴി കുട്ടികളുമായി സംസാരിക്കാനാകും.