‘ചങ്കെ’ന്നു നോക്കാതെ ചട്ടം; ഭഗവാൻ സാർ മാറിയേതീരൂ

അധ്യാപകനെ വിടാതെ വിദ്യാർഥികൾ പിടിച്ചുനിർത്തിയപ്പോൾ (ഇടത്), ഭഗവാൻ (വലത്)

ചെന്നൈ ∙ തിരുവള്ളൂർ ജില്ലയിലെ വെളിഗരം സർക്കാർ ഹൈസ്കൂളിലെ കുട്ടികളുടെ പ്രതിഷേധത്തിനും കണ്ണീരിനും വിദ്യാഭ്യാസ വകുപ്പിന്റെ ചട്ടം തിരുത്താനായില്ല. സ്കൂളിലെ വിദ്യാർഥികളുടെ ചങ്കായ ജി.ഭഗവാൻ സ്ഥലം മാറ്റം കിട്ടിയ തിരുത്താനി ഗവ.ഹൈസ്കൂളിലേക്കു മാറും. വിദ്യാർഥികളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി പുതിയ സ്കൂളിലേക്കു മാറാൻ ഭഗവാനു വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.

സ്കൂളിലെ ഇംഗ്ലിഷ് അധ്യാപകനായ ഭഗവാന്റെ സ്ഥലംമാറ്റത്തോടുള്ള വിദ്യാർഥികളുടെ പ്രതിഷേധം ദേശീയ ശ്രദ്ധ നേടിയിരുന്നു. അധ്യാപകനെ വിദ്യാർഥികൾ കണ്ണീരോടെ വട്ടമിട്ടു പിടിക്കുന്ന ചിത്രം ഗുരു-ശിഷ്യ ബന്ധത്തിന്റെ ഉത്തമ മാതൃകയായി രാജ്യമെങ്ങും ആഘോഷിച്ചു. നാലു വർഷം മുൻപ് സ്കൂളിൽ അധ്യാപകനായി ജോലിയിൽ കയറിയ ഭഗവാൻ പുതുമയുള്ള അധ്യാപന രീതിയിലൂടെയാണു കുട്ടികളുടെ കണ്ണിലുണ്ണിയായത്.

വിദ്യാഭ്യാസ വകുപ്പിന്റെ അധ്യാപക-വിദ്യാർഥി അനുപാതപ്രകാരം സ്കൂളിലെ അധ്യാപകരുടെ എണ്ണം കൂടുതലായതിനാലാണു ജൂനിയറായ ഭഗവാനെ സ്ഥലം മാറ്റാൻ തീരുമാനിച്ചത്. എന്നാൽ, വിദ്യാർഥികളും രക്ഷിതാക്കളും പ്രതിഷേധിച്ചതിനെത്തുടർന്നു 10 ദിവസത്തേക്കു തീരുമാനം മരവിപ്പിച്ചു. ഇതിന്റെ കാലാവധി അവസാനിച്ചതോടെ, വിദ്യാർഥികളെ ബോധ്യപ്പെടുത്തി പുതിയ സ്കൂളിലേക്കു മാറാനാണു വാക്കാൽ നിർദേശം നൽകിയത്. എന്നാൽ, ഇതിനു പ്രത്യേക കാലാവധി പറഞ്ഞിട്ടില്ല.