പ്രചോദനം പ്രേതങ്ങളും പാരാ നോർമൽ ഷോകളും; ടിനയുടെ സഹോദരിയെയും ലക്ഷ്യമിട്ടു

പ്രിയങ്ക ഭാട്ടിയയും നാരായണി ദേവിയും (ഫെയ്സ്ബുക് ചിത്രം)

ന്യൂഡൽഹി∙ ബുറാഡിയിൽ ഒരു കുടുംബത്തിലെ 11 പേർ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ അന്വേഷണം നീളുന്നത് രണ്ടു പേർക്കു നേരെ. മരിച്ച ലളിത് ഭാട്ടിയ, ഭാര്യ ടിന എന്നിവരാണ് കൂട്ട ആത്മഹത്യാ പദ്ധതി തയാറാക്കിയതെന്ന നിഗമനത്തിലാണു പൊലീസ്. ജൂൺ 30നു രാവിലെയാണ് ഡൽഹി ബുറാഡിയിലെ സന്ത് നഗറിലെ വീട്ടിൽ 11 പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായ നാരായണി ദേവി(77), ഇവരുടെ മകൾ പ്രതിഭ (57), ആൺമക്കളായ ഭുവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭുവ്നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകൾ ശിവം(12), പ്രതിഭയുടെ മകൾ പ്രിയങ്ക(33) എന്നിവരാണു മരിച്ചത്. 

11 വർഷം മുൻപ് പിതാവ് മരിച്ചതിനു ശേഷം കുടുംബനാഥനായി സ്വയം അവരോധിക്കുകയാണു ലളിത് ചെയ്തത്. പിന്നീട് ഇയാളെ കുടുംബത്തില്‍ അമ്മയൊഴികെ എല്ലാവരും ‘ഡാഡി’ എന്നായിരുന്നു അഭിസംബോധന ചെയ്തിരുന്നതെന്നു പൊലീസ് പറയുന്നു. മരിച്ചു പോയ പിതാവുമായി താൻ സംസാരിക്കുന്നുണ്ടെന്നു പറഞ്ഞായിരുന്നു ഇത്. കുടുംബം സാമ്പത്തികമായി പിന്നാക്കം പോയ സമയത്ത് ലളിത് നൽകിയ ചില നിർദേശങ്ങൾ വഴി മികച്ച നിക്ഷേപം നടത്തി നേട്ടം കൊയ്യാൻ ഭാട്ടിയ കുടുംബത്തിനായി. സഹോദരിയുടെ മകൾ പ്രിയങ്കയുടെ മുടങ്ങിക്കിടന്ന വിവാഹം നടത്തുന്നതിലേക്കു നയിച്ചതും ലളിതിന്റെ ഇടപെടലായിരുന്നു. 

ലളിത് ഭാട്ടിയ (ഇടത്) ആത്മഹത്യയ്ക്കു മുന്നോടിയായി സ്റ്റൂളുകളുമായി ടിനയും സവിതയും വരുന്ന സിസിടിവി ദൃശ്യം (വലത്)

ഇതെല്ലാം പിതാവ് ഉൾപ്പെടെയുള്ള ‘അദൃശ്യ ശക്തികൾ’ നൽകിയ സഹായമാണെന്നായിരുന്നു ലളിത് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. ഇവർക്കുള്ള നന്ദി പറച്ചിലായി നടത്തിയ ‘ആചാര’ത്തിനൊടുവിലാണ് 11 പേരും മരിച്ചത്. എന്നാൽ എല്ലാവരും കരുത്തോടെ പുനർജനിക്കുമെന്നായിരുന്നു ലളിത് പറഞ്ഞിരുന്നത്. അതിനു ശേഷം ടിനയുടെ സഹോദരി മംമ്തയ്ക്കു വേണ്ടിയും ഇത്തരമൊരു കർമം നടത്താൻ ലളിത് പദ്ധതിയിട്ടിരുന്നു. മംമ്തയുടെ ബുദ്ധിമുട്ടുകൾ മാറുന്നതിനു വേണ്ടിയായിരുന്നു ഇത്. ഇക്കാര്യം വീട്ടിലെ ഡയറിയിൽ ലളിത് കുറിച്ചിരുന്നു. എന്നാൽ ഇത്തരമൊരു പദ്ധതിയെപ്പറ്റി തനിക്ക് അറിവില്ലായിരുന്നെന്നു മംമ്ത ക്രൈംബ്രാഞ്ച് സംഘത്തോടു പറഞ്ഞു. 

ലളിതിന്റെ മൊബൈൽ ഫോണ്‍ പരിശോധിച്ചതിൽ നിന്ന് പാരാനോർമൽ വിഷയങ്ങളിൽ ഇയാൾ തല്‍പരനായിരുന്നെന്നു വ്യക്തമായി. ഇത്തരം ഷോകളും പ്രേതാനുഭവങ്ങളുമെല്ലാമായിരുന്നു സ്ഥിരം ഇയാൾ യൂട്യൂബിലും മറ്റു വെബ്സൈറ്റുകളിലും കണ്ടിരുന്നത്. 2007ലാണ് ലളിതിന്റെ പിതാവ് മരിക്കുന്നത്. സൈനിക ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. പിതാവിന്റെ അപ്രതീക്ഷിത മരണത്തിൽ ഏറ്റവുമധികം തളർന്നു പോയതു ലളിത് ആയിരുന്നു. ഏകദേശം മൂന്നു മാസം കഴിഞ്ഞപ്പോൾ മുതൽ ഇയാൾ ഡയറി എഴുത്ത് തുടങ്ങി. പിതാവ് തനിക്കു നല്‍കുന്ന നിർദേശങ്ങൾ ആണു താൻ കുറിക്കുന്നതെന്നായിരുന്നു ലളിത് ഇതിനെപ്പറ്റി പറഞ്ഞത്. പതിയെപ്പതിയെ കുടുംബം സമൃദ്ധിയിലേക്കു നീങ്ങാൻ തുടങ്ങിയതോടെ എല്ലാവരും അതു വിശ്വസിച്ചു തുടങ്ങി. 

പിതാവിനെപ്പോലെ പട്ടാളച്ചിട്ടയിലായിരുന്നു വീട്ടിലെ കാര്യങ്ങൾ ലളിത് നോക്കിയിരുന്നതും. അതിരാവിലെത്തന്നെ പട്ടാളത്തെപ്പോലെ ‘അറ്റൻഷനിൽ’ നിൽക്കണമെന്നും ലളിത് കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. മനോബലം കൂട്ടുന്നതിനു വേണ്ടിയായിരുന്നു ഇത്! പ്രിയങ്കയായിരുന്നു പലപ്പോഴും ലളിത് പറയുന്നത് ഡയറിയിലേക്ക് പകർത്തിയിരുന്നത്. വയസ്സു മുപ്പത്തി മൂന്നു കഴിഞ്ഞിട്ടും നടക്കാതിരുന്ന പ്രിയങ്കയുടെ വിവാഹം ലളിതിന്റെ ഇടപെടലിലാണ് ഉറപ്പിച്ചത്. ജൂൺ 17നായിരുന്നു വിവാഹനിശ്ചയം. പിന്നീട് ഒരാഴ്ചക്കാലത്തേക്കു പിതാവിനും മറ്റ് അദൃശ്യ ശക്തികൾക്കും നന്ദി പറയാനുള്ള കർമങ്ങൾ നടത്തണമെന്നു ലളിത് പറഞ്ഞിരുന്നു. എന്നാൽ അതീവ രഹസ്യമായിട്ടു വേണം ഇതെന്നായിരുന്നു നിർദേശം. പദ്ധതിയിട്ടതു പോലെ അതു നടന്നില്ല. 

ഭാട്ടിയ കുടുംബാംഗങ്ങൾ വിനോദയാത്രയ്ക്കിടെ.

ജൂണ്‍ 23നാണ് വിവാഹത്തിനെത്തിയ അവസാന അതിഥിയും മടങ്ങിയത്. അന്നു മുതൽ ഏഴു ദിവസത്തേക്കു കർമങ്ങൾ നടത്താനും തീരുമാനിച്ചു. 23നും 27നും ഇടയ്ക്ക് സമീപത്തെ കടയിൽ നിന്ന് പൂജാസാമഗ്രികള്‍ വാങ്ങുന്ന ലളിതിന്റെയും ടിനയുടെയും ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. വാസ്തു പൂജയ്ക്കാവശ്യമായ സാമഗ്രികളായിരുന്നു വാങ്ങിയിരുന്നത്. മറ്റൊരു കടയിൽ നിന്ന് ബാൻഡേജുകളും വാങ്ങി.

ഭാട്ടിയ കുടുംബാംഗങ്ങൾ.

ലളിതും ടിനയും ചേർന്നാണ് കുടുംബത്തിലെ ശേഷിച്ചവരുടെ വായും കണ്ണുമെല്ലാം കെട്ടിയതെന്നു കരുതുന്നതായി പൊലീസ് പറയുന്നു. വീടിന്റെ രണ്ടാം നിലയിലെ ഗ്രില്ലില്‍ തൂങ്ങിയ നിലയിലാണു കണ്ടതെങ്കിലും എല്ലാവരും പുനർജനിക്കുമെന്നായിരുന്നു ലളിത് പറഞ്ഞിരുന്നത്. സമീപത്തെ കപ്പിൽ വച്ചിരിക്കുന്ന വെള്ളത്തിന്റെ നിറം നീലയാകുന്നതോടെ പിതാവ് എത്തി എല്ലാവരെയും രക്ഷിക്കുമെന്നും അദ്ദേഹത്തോടു നേരിട്ടു സംസാരിക്കാനാകുമെന്നും ലളിത് വിശ്വസിപ്പിച്ചു. 

മരിച്ചവരുടെ ആന്തരികാവയ പരിശോധനാ ഫലം 10-15 ദിവസത്തിനുള്ളിൽ ലഭിക്കും. മരണത്തിനു മുൻപു കഴിച്ച ഭക്ഷണത്തില്‍ മയക്കുമരുന്നുകൾ ഉണ്ടായിരുന്നോയെന്നാണു പരിശോധിക്കുന്നത്. അങ്ങനെയല്ലെങ്കിൽ കൂട്ട ‘മോക്ഷപ്രാപ്തിക്കു’ വേണ്ടി നടത്തിയ ശ്രമമായി സംഭവം പൊലീസ് സ്ഥിരീകരിക്കും. അതിനു മുന്നോടിയായി സൈക്കോളജിസ്റ്റുകളുടെയും പാരാനോർമൽ വിശകലന വിദഗ്ധരുടെയും സഹായവും പൊലീസ് തേടിയിട്ടുണ്ട്.

ബുറാഡിയിലെ സന്ത് നഗറിലെ വീടിനു മുന്നിൽ ഡൽഹി പൊലീസ്.