സുനിത പമാർ: പാക്ക് തിരഞ്ഞെടുപ്പ് ചരിത്രം തിരുത്തിയ ഹിന്ദു വനിത

സുനിതാ പമാർ

കറാച്ചി∙ സുനിത പമാർ എന്ന യുവതി ഇന്നലെ വരെ ഒരു സാധാരണ സ്ത്രീയായിരുന്നു. എന്നാൽ ഇന്ന് അവർ ചരിത്രത്തിന്റെ ഭാഗമാണ്. പാക്കിസ്ഥാനിൽ, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ഹിന്ദു വനിതയെന്ന നേട്ടമാണ് സുനിതയെ ചരിത്രത്തിന്റെ ഭാഗമാക്കുന്നത്. ജുലൈ 25നു നടക്കാൻ പോകുന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വേണ്ടിയാണ് സുനിത പമാർ നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. പാക്കിസ്ഥാനിലെ ഹിന്ദു ഭൂരിപക്ഷ പ്രദേശമായ തർപാർക്കർ ജില്ലയിലെ സിന്ധ് മണ്ഡലത്തിൽനിന്നു സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്.

നിലവിലുള്ള സർക്കാർ വാഗ്ദാനങ്ങൾ മാത്രം നൽകുമ്പോൾ ഈ 21–ാം നൂറ്റാണ്ടിലും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെയാണ് സിന്ധ് മേഖലയിലെ ജനങ്ങൾ ജീവിക്കുന്നതെന്നു സുനിത പറയുന്നു. ഇതാണ് ഒഴുക്കിനെതിരെ നീന്താൻ ഇവരെ പ്രേരിപ്പിച്ചത്. ‘കഴിഞ്ഞ കാലങ്ങളിൽ സ്ത്രീകളെ അബലകളായാണ് കണക്കാക്കിയിരുന്നത്. ഇത് 21–ാം നൂറ്റാണ്ടാണ്. സിംഹത്തിനെതിരെ പോരാടാൻ പോലും സ്ത്രീകൾ തയാറാണ്. തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ഉറച്ച ആത്മവിശ്വാസമുണ്ട്’– സുനിത പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെ മാത്രമെ സ്ത്രീകള്‍ക്കു മുൻനിരയിലേക്കു എത്താൻ സാധിക്കുകയുള്ളുവെന്നും താൻ വിജയിച്ചാൽ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായിരിക്കും കൂടുതൽ പ്രാധാന്യം നൽകുകയെന്നും അവർ പറഞ്ഞു.

2017ലെ സെൻസെക്സ് പ്രകാരം 16 ലക്ഷത്തിലധികം ആളുകളാണ് തർപാർകർ ജില്ലയിലുള്ളത്. ഇതിൽ പകുതിയിൽ കൂടുതലും ഹിന്ദുക്കളാണ്. കഴിഞ്ഞ മാർച്ചിൽ, ഹിന്ദു ദലിത് സ്ത്രീയായ കൃഷ്ണകുമാരി കോൽഹിയെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി, സെനറ്റിലേക്കു നാമനിർദേശം ചെയ്തിരുന്നു. പാക്കിസ്ഥാൻ സെനറ്റിൽ എത്തുന്ന ആദ്യ ഹിന്ദു സ്ത്രീയാണു കൃഷ്ണകുമാരി.