ഇവരാണ് ആ ‘അത്ഭുത കുട്ടികളും പരിശീലകനും’; ഗുഹയിലകപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

ചിയാങ് റായ്, തായ്‌ലൻഡ്∙ തായ് ഗുഹയ്ക്കുള്ളിൽ അകപ്പെട്ട 12 കുട്ടികളെയും പരിശീലകനെയും രക്ഷാദൗത്യ സംഘം സുരക്ഷിതമായി പുറത്തെത്തിച്ചുവെന്ന സന്തോഷവാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ലോകം മുഴുവൻ ഏറെ ആകാംക്ഷയോടും പ്രാർഥനയോടുമാണ് ഈ വാർത്തയ്ക്കായി കാത്തിരുന്നത്. രണ്ടാഴ്ച മുൻപാണ് തായ്‌ലൻഡിലെ ‘മൂ പാ’ ഫുട്ബോൾ ടീമംഗങ്ങളും പരിശീലകനും താം ലുവാഹ് ഗുഹയിലകപ്പെട്ടത്. വിദേശരാജ്യങ്ങളിൽനിന്നുൾപ്പെടെയുള്ള വിദഗ്ധരാണ് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. കുട്ടികളെയും പരിശീലകനെയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ അധികൃതർ പുറത്തുവിട്ടിരുന്നില്ല. എന്നാൽ ഇന്ന്, ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്.

തായ് ഗുഹയിലകപ്പെട്ട കുട്ടികളുടെയും പരിശീലകന്റെയും പേരും മറ്റു വിവരങ്ങളും ചുവടെ:

∙ ചാനിൻ വിബുൽറങ്റുവാങ്, (വിളിപ്പേര് ടൈറ്റൻ–11 വയസ്സ്). സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞവൻ. ഏഴാം വയസ്സിൽ ഫുട്ബോൾ കളിക്കാൻ തുടങ്ങി

∙ മംഗോൾ ബൂനിയാം (വിളിപ്പേര് മാർക്–12), ഫുട്ബോളും പഠനവും ഒരുപോലെ ഇഷ്ടം. മിടുക്കൻ കുട്ടി എന്ന് അധ്യാപകർ.

∙ പനുമാസ് സങ്ദീ (വിളിപ്പേര് മിഗ്–13). മാതാപിതാക്കൾക്ക് എഴുതി: ‘നേവി സീൽസ് എന്നെ നല്ലപോലെ നോക്കുന്നു’

∙ ദുഗാൻപെറ്റ് പ്രോംദെപ് (വിളിപ്പേര് ദോം–13). ടീം ക്യാപ്റ്റൻ. പല തായ് ക്ലബ്ബിലും കളിച്ചിട്ടുണ്ട്.

∙ സംപോങ് ജയ്‌വോങ് (വിളിപ്പേര് പോങ്–13). തായ് ദേശീയ ടീമിൽ കളിക്കാൻ മോഹം

∙ നാത്‌വുട് തകാംറോങ് (വിളിപ്പേര് ടേൺ–14), അച്ഛനും അമ്മയും വിഷമിക്കരുതെന്ന് കത്തിൽ. അവനെ കുറ്റപ്പെടുത്തില്ലെന്നു മാതാപിതാക്കളുടെ മറുപടി.

∙ ഇകാറത് വോങ്സുക്‌ചാൻ (വിളിപ്പേര് ബ്യൂ–14). രക്ഷപ്പെട്ടു പുറത്തുവന്നാൽ അമ്മയെ കടയിൽ ജോലിക്കു സഹായിക്കുമെന്നു വാഗ്‌ദാനം.

∙ അതുൽ സാമൻ–14. ഉത്തര തായ്‌ലൻഡ് മേഖലാ ടൂർണമെന്റിൽ രണ്ടാമതെത്തിയ വോളിബോൾ ടീം അംഗം.

∙ പ്രജാക് സുതാം (വിളിപ്പേര് നോട്–15). മിടുക്കനും ശാന്തനുമായ പയ്യൻ എന്ന് കുടുംബസുഹൃത്തുക്കൾ

∙ പിപറ്റ് ഫോ (വിളിപ്പേര് നിക്ക്–15). രക്ഷപ്പെട്ടാലുടൻ തന്നെ ബാർബിക്യൂഡ് ഭക്ഷണം കഴിക്കാൻ കൊണ്ടുപോകണമെന്ന് മാതാപിതാക്കൾക്കെഴുതി.

∙ പോൻചായ് കംലുവാങ് (വിളിപ്പേര് ടീ–16). മാതാപിതാക്കളോട് പറഞ്ഞു: ‘വിഷമിക്കരുത്. ഞാൻ സന്തോഷവാനാണ്’.

∙ പീരാപത് സോംപിയാങ്ജെയ് (വിളിപ്പേര് നൈറ്റ്–16). കുട്ടികൾ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ ദിവസം നൈറ്റിന്റെ ജന്മദിനമായിരുന്നു. അവൻ വന്നിട്ടു ജന്മദിനാഘോഷം നടത്താൻ കാത്തിരിക്കുന്നുവെന്ന് മാതാപിതാക്കൾ.

∙ ഇകപോൾ ചാൻടവോങ് (വിളിപ്പേര് അകീ–25). അസിസ്റ്റന്റ് കോച്ച്–കുട്ടികളുടെ മാതാപിതാക്കൾക്കുള്ള കത്തിൽ ക്ഷമാപണം നടത്തി. അകീയെ തങ്ങൾ പഴി പറയുന്നില്ലെന്ന് മാതാപിതാക്കൾ മറുപടിയെഴുതി.