13 പേർക്കു വെളിച്ചമേകി റിച്ചാർഡ് പുറത്തിറങ്ങി; കാത്തിരുന്നത് പിതാവിന്റെ മരണവാർത്ത

ഡോ. റിച്ചാർഡ് ഹാരിസ്

ബാങ്കോക്ക്∙ തായ് ഗുഹയിലെ രക്ഷാദൗത്യത്തിനു നേതൃത്വം നൽകിയ ഡോ. റിച്ചാർഡ് ഹാരിസിന്റെ ആഹ്ലാദം ഏറെനേരം നീണ്ടുനിന്നില്ല. ദൗത്യം പൂർത്തിയാക്കി ഗുഹയ്ക്കുള്ളിൽനിന്നു പുറത്തിറങ്ങിയ അദ്ദേഹത്തെ തേടിയെത്തിയതു പിതാവിന്റെ മരണവാർത്തയാണ്. ഗുഹയിലകപ്പെട്ട 12 കുട്ടികളെയും പരിശീലകനെയും ദിവസങ്ങൾ നീണ്ട രക്ഷാപ്രവർത്തനങ്ങളിലൂടെ പുറത്തെത്തിച്ച ശേഷം അവസാനം പുറത്തിറങ്ങിയത് ഡോ. റിച്ചാർഡായിരുന്നു. കുട്ടികളും പരിശീലകനും പുറത്തെത്തി മണിക്കൂറുകൾക്കു ശേഷമാണു ഡോ. റിച്ചാർഡ് പുറത്തെത്തിയത്. എന്നാൽ ദൗത്യം പൂർത്തീകരിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുന്നതിനു മുൻപു തന്നെ റിച്ചാർഡിനെ തേടി പിതാവിന്റെ മരണവാർത്ത എത്തുകയായിരുന്നു.

ദക്ഷിണ ഓസ്ട്രേലിയയിൽനിന്നുള്ള അനസ്ത്യേഷ വിദഗ്ധനായ ഡോ. റിച്ചാർഡ് ഹാരിസ്, ടാങ്ക് ഗുഹയിൽ കുടുങ്ങി മരിച്ച സാഹസിക ഡൈവർ മിലൗക്കയുടെ മൃതദേഹം കണ്ടെത്തി പുറത്തെത്തിച്ചതോടെയാണു ശ്രദ്ധേയനായത്. തായ് രക്ഷാദൗത്യത്തിനെത്തിയ ബ്രിട്ടിഷ് സംഘമാണ് റിച്ചാർഡിന്റെ സേവനം ആവശ്യപ്പെട്ടത്. അവധി ആഘോഷം വേണ്ടെന്നുവച്ചു ചിയാങ് റായിലെത്തിയ റിച്ചാർഡ്, ഗുഹയ്ക്കുള്ളിൽ പ്രവേശിച്ച് ഓരോ കുട്ടിയുടെയും ആരോഗ്യനില പരിശോധിച്ച ശേഷമാണ് രക്ഷസംഘം തുടർനടപടികൾ സ്വീകരിച്ചത്. ഓരോരുത്തരെയും പുറത്തിറക്കാനുള്ള ക്രമം നിശ്ചയിച്ചതും അദ്ദേഹമായിരുന്നു.

ഗുഹാദൗത്യത്തിൽ ഡോ.റിച്ചാർഡിന്റെ സേവനങ്ങൾ അഭിമാനകരമാണെന്നു ദക്ഷിണ ഓസ്ട്രേലിയൻ ആംബുലൻസ് സർവീസ് വൃത്തങ്ങൾ പറഞ്ഞു. റിച്ചാർഡിന്റെ സേവനങ്ങൾ കണക്കിലെടുത്ത് അദ്ദേഹത്തിനും സംഘത്തിനും ആദരമൊരുക്കുമെന്ന് ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പ് അറിയിച്ചു.