ഗുഹാവാസം 2 കിലോ കുറച്ചു; പക്ഷേ 12 തായ് കുട്ടികളും സ്ട്രോങ് – ആശുപത്രിയിലെ വിഡിയോ

ചികിത്സയിലിരിക്കുന്ന കുട്ടികളുടെ വിഡിയോ ദൃശ്യം.

ചിയാങ് റായി∙ തായ്‌ലൻഡിലെ താം ലുവാങ് ഗുഹയിൽ നിന്നു രക്ഷപ്പെട്ട കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്ത്. കുട്ടികളെല്ലാം പൂർണ ആരോഗ്യവാന്മാരാണെന്നു വ്യക്തമാക്കുന്ന വിഡിയോ ആണു പുറത്തു വന്നിരിക്കുന്നത്.

കുട്ടികളിൽ ചിലർക്ക് ഇപ്പോഴും ശ്വാസകോശത്തിൽ അണുബാധയുണ്ട്. സർജിക്കൽ മാസ്ക് ധരിച്ച കുട്ടികളെയാണു വിഡിയോയിൽ കാണാനാവുക. ഏഴു മുതൽ പത്തു ദിവസം വരെ കഴിഞ്ഞതിനു ശേഷം മാത്രമേ കുട്ടികൾക്ക് ആശുപത്രി വിടാനാകൂ. പത്തു ദിവസത്തിനു ശേഷം വീട്ടിലേക്കു മാറ്റാം. എന്നാൽ അവിടെയും ഒരു മാസത്തോളം സുഖ ചികിത്സ നടത്തേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു.

രക്ഷപ്പെട്ട 12 കുട്ടികൾക്കും കോച്ചിനും  രണ്ടു കിലോഗ്രാമോളം ഭാരം കുറഞ്ഞിട്ടുണ്ട്. എന്നാൽ ആരോഗ്യസ്ഥിതി മോശമല്ല. മാനസിക സമ്മർദത്തിന്റെ ലക്ഷണങ്ങളും കാണിക്കുന്നില്ലെന്നും ആരോഗ്യ വിദഗ്ധർ പറഞ്ഞു. ചിയാങ് റായിയിലെ ആശുപത്രിയിലാണ് കുട്ടികൾ ഇപ്പോഴുള്ളത്.

ആശുപത്രിയിൽ കുട്ടികളോടു സംസാരിക്കാൻ മാതാപിതാക്കളെയും അനുവദിച്ചിരുന്നു. എട്ടു പേരുടെ മാതാപിതാക്കൾക്കാണ് അനുമതി നൽകിയത്. എന്നാൽ ഇവരെ സ്പർശിക്കാൻ അനുവദിച്ചില്ല. ചില്ലുകൂട്ടിലൂടെ കുട്ടികളോടു സംസാരിക്കുന്ന മാതാപിതാക്കളുടെയും കുട്ടികൾ കൈവീശിക്കാണിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നു. ഗവർണർ നാരോങ്സാങ് വിളിച്ചു ചേർത്താ വാർത്താസമ്മേളനത്തിലാണു ദൃശ്യങ്ങൾ പുറത്തുവിട്ടത്.

‘സംഭവത്തിൽ ആരെയും കുറ്റപ്പെടുത്താനില്ല. കുട്ടികളാരും തെറ്റുകാരല്ല, അവരെ ഹീറോകളായും കാണേണ്ട. അവർ അന്നും ഇന്നും കുട്ടികളാണ്. സംഭവിച്ചത് വലിയൊരു അപകടവും...’ ഗവർണർ പറഞ്ഞു.