കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമി ജോയ്സ് ജോർജ് ഉപേക്ഷിച്ചേക്കും: എം.എം. മണി

തൊടുപുഴ∙ കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ജോയ്സ് ജോർജ് എംപി ആലോചിക്കുന്നതായി മന്ത്രി എം.എം. മണി. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണു എംപിയുടെ തീരുമാനം. അന്തിമതീരുമാനം എടുത്തോയെന്നതിനെക്കുറിച്ച് അറിയില്ലെന്നും മണി പറഞ്ഞു. ജോയ്സ് ജോർജ് കോൺഗ്രസിനൊപ്പമായിരുന്നപ്പോൾ ഭൂമി സംബന്ധിച്ച് വിവാദമില്ലായിരുന്നുവെന്നും മണി കുറ്റപ്പെടുത്തി.

ജോയ്സ് ജോർജിന്റെ പിതാവു വർഷങ്ങൾക്കുമുൻപു വിലയ്ക്കു വാങ്ങിയ ഭൂമിയായിരുന്നു ഇത്. അന്ന് അതിനു പട്ടയമുൾപ്പെടെ ആവശ്യമയാ രേഖകൾ എല്ലാമുണ്ടായിരുന്നു. പിന്നീട് അതു മക്കൾക്കു വീതം വച്ചു നൽകിയപ്പോൾ ഒരു വീതം ജോയ്സിനും ലഭിച്ചിരുന്നു. പിന്നീടാണ് ഇതു വിവാദ ഭൂമിയായത്.

ജോയ്സിന് ഇവിടെ ഭൂമിയുണ്ടെന്ന് കോൺഗ്രസുകാർക്കും തങ്ങൾക്കും അറിയാമായിരുന്നു. എന്നാൽ അദ്ദേഹം കോണ്‍ഗ്രസിന് ഒപ്പമായിരുന്നപ്പോൾ അതു സംബന്ധിച്ച് ആര്‍ക്കും ഒരു പരാതിയുമില്ലായിരുന്നു. അദ്ദേഹം എംപിയായപ്പോൾ കോണ്‍ഗ്രസുകാർ ഈ വിഷയം വിവാദമാക്കുന്നത് അദ്ദേഹത്തെ രാഷ്ട്രീയമായി തകർക്കാനാണെന്നും മണി കൂട്ടിച്ചേർത്തു.

അതേസമയം, മണിയുടെ പ്രസ്താവനയോട് ജോയ്സ് ജോർജോ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. മാത്രമല്ല, ജില്ലാ കലക്ടറുടെ നിർദേശപ്രകാരം ഈ ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടി സബ് കലക്ടർ പരിശോധിക്കാനിരിക്കുകയാണ്. ഇതിനായി ഈ മാസം 24ന് രേഖകളുമായി ഹാജരാകാൻ എംപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.