ഇടുക്കി സീറ്റിൽ ഉമ്മൻചാണ്ടി എത്തുമോ? ഇടതുപക്ഷത്ത് വീണ്ടും ജോയ്സ് ജോർജ്?

oommen-chandy-and-joice-george-1
SHARE

തൊടുപുഴ ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആരവമുയരുന്നതിനു മുൻപ് ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ ആരു മത്സരിക്കുമെന്നതിനെക്കുറിച്ച് യുഡിഎഫ്–എൽഡിഎഫ് ക്യാംപുകളിൽ അഭ്യൂഹങ്ങളുയർന്നു. എഐസിസി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി ഇടുക്കിയിൽ മത്സരിക്കുമെന്ന പ്രചരണം യുഡിഎഫ് ക്യാംപിലും അണികളിലും ഈയിടെയായി ശക്തമാണ്. ഇടതു സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് കഴിഞ്ഞ തവണ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച ജോയ്സ് ജോർജിനു പകരം ഇത്തവണ പുതുമുഖത്തെ ഇടതുമുന്നണി പരീക്ഷിച്ചേക്കുമെന്നും സംസാരമുണ്ട്.

ഉമ്മൻചാണ്ടി എത്തുമോ?

നിയമസഭയിലും ലോക്സഭയിലും ഇടുക്കിയിൽ നിന്നു കോൺഗ്രസിന്റെ പ്രതിനിധികളില്ലാത്ത സാഹചര്യം ഒഴിവാക്കണമെന്നും, സീറ്റ് തിരിച്ചു പിടിക്കുന്നതിനായി ഉമ്മൻചാണ്ടിയെത്തന്നെ ഇടുക്കി മണ്ഡലത്തിൽ സ്ഥാനാർഥിയാക്കണമെന്നുമുള്ള ആവശ്യം ഇടുക്കിയിലെ കോൺഗ്രസ് നേതാക്കളിൽ പലരും  പങ്കു വച്ചിട്ടുണ്ട്.  കഴിഞ്ഞ മാസം കുമളിയിൽ നടന്ന ബൂത്ത് പ്രസിഡന്റുമാരുടെ യോഗത്തിൽ ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ തന്നെ ഇക്കാര്യം വേദിയിലുണ്ടായിരുന്ന ഉമ്മൻചാണ്ടിയോട് പരസ്യമായി അഭ്യർഥിച്ചുവെങ്കിലും, ഉമ്മൻചാണ്ടി ആ സമയത്ത് ഒന്നും പ്രതികരിച്ചില്ല.

മുഖ്യമന്ത്രിയായിരുന്നപ്പോൾ കസ്തൂരിരംഗൻ വിഷയത്തിൽ, ഉമ്മൻചാണ്ടി സ്വീകരിച്ച ശക്തമായ നിലപാട് ഇടുക്കിയിലെ വോട്ടർമാരെ ആഴത്തിൽ സ്വാധീനിച്ചതായും, ഇത് വോട്ടാക്കി മാറ്റാൻ കഴിയുമെന്നുമാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ.  പട്ടയ വിഷയത്തിലുൾ‍പ്പെടെ ഇടുക്കിക്കാർക്കായി ഉമ്മൻചാണ്ടി സ്വീകരിച്ച നിലപാടുകളും അനുകൂലമാണെന്നും പാർട്ടി കരുതുന്നു.   ഇടുക്കി സീറ്റ് നഷ്ടപ്പെട്ടപ്പോഴെല്ലാം, ഉന്നത നേതാക്കൾ മത്സരിച്ച് സീറ്റ് തിരികെ പിടിച്ച ചരിത്രവുമുണ്ട്.

എന്നാൽ ലോക്സഭയിലേക്കു മൽസരിക്കുമോ എന്ന ചോദ്യത്തിന് ഇന്നലെ തിരുവനന്തപുരത്ത്  ഉമ്മൻചാണ്ടിയുടെ മറുപടി ഇതായിരുന്നു – ഞാനിപ്പോൾ എംഎൽഎ ആണ്. എന്തിനു ലോക്സഭയിലേക്കു മത്സരിക്കണം? കേരളത്തിൽ നിന്ന് വിജയിക്കാൻ സാധ്യതയുള്ള നിരവധി പേരുണ്ട്. ഞാൻ മത്സരിക്കേണ്ട ആവശ്യമില്ല. ഉമ്മൻചാണ്ടില്ലെങ്കിൽ മൽസരിക്കാൻ ഒരുപിടി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ജില്ലയിലെ മുതിർന്ന നേതാക്കളുൾപ്പെടെയുള്ളവരുടെ പേരുകൾ ഉയരുന്നുണ്ട്.   

വീണ്ടും ജോയ്സ് ജോർജ് ?

കഴിഞ്ഞ തവണ ഇടതുപക്ഷത്തിന് തിളക്കമാർന്ന വിജയം സമ്മാനിച്ച ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ജോയ്സ് ജോർജിനു പകരം പുതിയൊരാളെ  ഇടുക്കിയിൽ മൽസരിപ്പിക്കണമെന്ന ആവശ്യം ഇടതുമുന്നണിക്കുള്ളിലെ ചില നേതാക്കൾക്കിടയിൽ ശക്തമാണ്. കൊട്ടാക്കമ്പൂർ വിഷയത്തിൽ ജോയ്സ് ജോർജിനെതിരെ കേസ് നിലനിൽക്കുന്നുണ്ട്. തിരഞ്ഞെടുപ്പിൽ ഇതു തിരിച്ചടിയാകുമോയെന്ന ഭീതിയും ഇടതുമുന്നണിക്കുണ്ട്.

അതേ സമയം എംപി എന്ന നിലയിലുള്ള പ്രകടനവും, ഇടുക്കി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടി ജോയ്സ് ജോർജിന് ഒരു അവസരം കൂടി നൽകണമെന്ന ആവശ്യം മുന്നണിയിലെ ഒരു വിഭാഗത്തിനുണ്ട്. സിപിഎമ്മിന്റെ സീറ്റായതിനാൽ സ്വതന്ത്രൻമാരെ നിർത്തരുതെന്നും, പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിക്കണമെന്നുമാണ് ഒരു വിഭാഗത്തിന്റെ നിലപാട്. ജോയ്സ് ജോർജ് അല്ലെങ്കിൽ പകരം ആര്എന്നതിനെക്കുറിച്ചും ചർച്ചകൾ പുരോഗമിക്കുന്നു. കസ്തൂരിരംഗൻ വിഷയത്തിൽ കഴിഞ്ഞ തവണത്തെ സാഹചര്യമല്ല ഇടുക്കിയിൽ നിലനിൽക്കുന്നതെന്നു എൽഡിഎഫ് നേതൃത്വത്തിനു ബോധ്യപ്പെട്ടിട്ടുണ്ട്. ഉമ്മൻചാണ്ടിയെങ്ങാനും മത്സരിച്ചാൽ നേരിടാൻ പറ്റുന്ന സ്ഥാനാർഥിയെ നിർത്തണമെന്ന ആവശ്യവും  ഉയരുന്നുണ്ട്. 

ബിജെപിയിൽ ആരാകും?

മണ്ഡലത്തിൽ ശക്തമായ വേരുകളുള്ള ബിജെപിയിൽ പുറം ജില്ലക്കാരെ മത്സരിപ്പിക്കരുതെന്നും നാട്ടുകാർക്ക് അവസരം നൽകണമെന്ന ആവശ്യം ശക്തമാണ്. കഴിഞ്ഞ തവണ സാബു വർഗീസായിരുന്നു സ്ഥാനാർഥി.

ചർച്ചകൾ നടന്നിട്ടില്ല: യുഡിഎഫ്

ആരു മത്സരിക്കുമെന്നതിനെക്കുറിച്ച് യുഡിഎഫ് ചർച്ച ചെയ്തിട്ടില്ലെന്നു യുഡിഎഫ് ജില്ലാ ചെയർമാൻ എസ്. അശോകൻ പറഞ്ഞു. അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് അടുത്തയാഴ്ച ജില്ലയിലെത്തുമെന്നും ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം അപ്പോൾ അറിയിക്കുമെന്നും ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു. 

തീരുമാനമെടുത്തിട്ടില്ല: എൽഡിഎഫ്

സ്ഥാനാർഥി വിഷയത്തിൽ ഇതു വരെ തീരുമാനമെടുത്തിട്ടില്ലെന്നു എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനർ കെ.കെ. ശിവരാമൻ പറഞ്ഞു. എൽഡിഎഫ് സംസ്ഥാന നേതൃത്വമാണു ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നു സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ പറഞ്ഞു.   

തീരുമാനം പിന്നീട്: ബിജെപി

സ്ഥാനാർഥിയെക്കുറിച്ച് പാർട്ടിക്കുള്ളിൽ ഇതു വരെ ചർച്ച നടന്നിട്ടില്ലെന്നും സംസ്ഥാന നേതൃത്വമാണു തീരുമാനമെടുക്കുകയെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ.കൈമൾ പറഞ്ഞു. 

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ്: ഇടുക്കിയിലെ കക്ഷിനില

ആകെ വോട്ട് 1157419

പോൾ ചെയ്‌ത വോട്ട് 819882

വിജയി - ജോയ്‌സ് ജോർജ് (ഇടതു സ്വതന്ത്രൻ)– 382019

ഭൂരിപക്ഷം 50542

ഡീൻ കുര്യാക്കോസ് – (യുഡിഎഫ്) 331477

സാബു വർഗീസ് – (ബിജെപി) 50438

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA