കൊട്ടാക്കമ്പൂർ ഭൂമി: ജോയ്സ് ജോർജ് കബളിപ്പിച്ചില്ലെന്ന് 3 മുൻ ഭൂവുടമകൾ

Joice-George
SHARE

കൊച്ചി∙ കൊട്ടാക്കമ്പൂരിലെ ഭൂമി ജോയ്സ് ജോർജ് എംപിയോ കുടുംബാംഗങ്ങളോ കബളിപ്പിച്ചു സ്വന്തമാക്കിയതല്ലെന്ന് 3 മുൻ ഉടമകൾ ഹൈക്കോടതിയെ അറിയിച്ചു. സർക്കാരിന് അപേക്ഷ നൽകി പട്ടയം നേടിയതാണെന്നും തങ്ങൾ നൽകിയ പവർ ഓഫ് അറ്റോർണിയുടെ അടിസ്ഥാനത്തിലാണ് ജോയ്സിന്റെ പിതാവ് ജോർജ് പാലിയത്ത് ഭൂമി ഇടപാടുകൾ നടത്തിയതെന്നും കാണിച്ച് മുൻ ഉടമകളായ ഗണേശൻ, ബാലൻ, ലക്ഷ്മി എന്നിവർ വെവ്വേറെ സത്യവാങ്മൂലം സമർപ്പിച്ചു. ഭൂമി തട്ടിപ്പ് ആരോപിച്ച് ഉടുമ്പഞ്ചോല സ്വദേശി മുകേഷ് നൽകിയ ഹർജിയാണു കോടതിയിൽ. 

ഗണേശന്റെ കൈവശമുള്ള 1.60 ഹെക്ടർ ഭൂമിക്കും ബാലന്റെ 1.68 ഹെക്ടറിനും ലക്ഷ്മിയുടെ 1.61 ഹെക്ടറിനും ദേവികുളം തഹസിൽദാർ പട്ടയം അനുവദിച്ചതായി സത്യവാങ്മൂലത്തിൽ പറയുന്നു. സാമ്പത്തിക ക്ലേശവും കൃഷി ചെയ്യാനുള്ള ബുദ്ധിമുട്ടും മൂലം 2001 ഒക്ടോബർ 22നു ദേവികുളം സബ് റജിസ്ട്രാർ ഓഫിസിൽ പട്ടയ ഭൂമികളുടെ പവർ ഓഫ് അറ്റോർണി ജോർജ് പാലിയത്തിനു കൈമാറി.

പവർ ഓഫ് അറ്റോർണിയും ഇതുപയോഗിച്ചുള്ള കൈമാറ്റ ഇടപാടുകളും തങ്ങളുടെ അറിവോടെയായതിനാൽ പരാതിയില്ലെന്നും അറിയിച്ചു. മുകേഷിന്റെ ഹർജിയിൽ കോടതി നിർദേശപ്രകാരം കക്ഷിചേർത്തതിനെ തുടർന്നാണ് സത്യവാങ്മൂലം.

ജോയ്സ് ഹാജരാകാത്തത് രേഖകൾ വ്യാജമായതിനാൽ: പി.ടി. തോമസ്

തൊടുപുഴ ∙ കൊട്ടാക്കമ്പൂരിലെ വിവാദഭൂമിയുടെ രേഖകൾ വ്യാജമായതിനാലാണു ജോയ്സ് ജോർജ് എംപി ദേവികുളം സബ് കലക്ടർക്കു മുന്നിൽ ഹാജരാകാത്തതെന്നു പി.ടി.തോമസ് എംഎൽഎ. രേഖകൾ ഹാജരാക്കാൻ 3 സബ് കലക്ടർമാർ 5 തവണയാണു നോട്ടിസ് നൽകിയത്. തിരഞ്ഞെടുപ്പു വരെ ഹാജരാകുന്നത് ഒഴിവാക്കാനാണ് എംപിയുടെ ശ്രമം. ഇതിനാണു ഹൈക്കോടതിയിൽ നിന്നു സ്റ്റേ നേടിയത്.

എംപിയുടെ പിതാവിനു ഭൂമി വിൽപന നടത്തിയെന്നു പറയുന്ന 8 പേരിൽ ചിലർ   വിൽപന നടന്നതായി പറയുന്ന കാലത്ത് ജനിച്ചിട്ടു പോലുമില്ല. പട്ടയം അനുവദിക്കാൻ ദേവികുളം താലൂക്കിൽ ലാൻഡ് അസൈൻമെന്റ് കമ്മിറ്റി ചേർന്നിട്ടില്ല. ഇക്കാര്യങ്ങൾക്കെല്ലാം വിവരാവകാശ രേഖകളുണ്ടെന്നു പി.ടി.തോമസ് പറഞ്ഞു. ഇ.എം.ആഗസ്തി തിരുവനന്തപുരത്തു ബിജെപിയുടെ സമരപ്പന്തൽ സന്ദർശിച്ചതു ശരിയായില്ലെന്നും പി.ടി.തോമസ് പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA