കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇനി ആധുനിക ഡ്രോൺ സഹായം

ബംഗളൂരു / കൊച്ചി∙ ഡ്രോണ്‍ സാങ്കേതിക വിദ്യയില്‍ മുന്‍നിരക്കാരായ ആരവ് അണ്‍മാന്‍ഡ് സിസ്റ്റംസ് (എയുഎസ്) കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി), തെമാറ്റിക് ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുമായി കൈകോർക്കുന്നു. ഈ സഹകരണത്തിലൂടെ റോഡ്, കനാല്‍ മാപ്പിങ്, ഓപ്പണ്‍ കാസ്റ്റ് മൈനുകള്‍, ഇലക്ട്രിക് ലൈനുകള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ കമ്പനി ഡ്രോണ്‍ അധിഷ്ഠിത സേവനങ്ങള്‍ ലഭ്യമാക്കും.

തദ്ദേശീയ സര്‍വെ ഗ്രേഡായ പിപികെ ജിപിഎസ് അധിഷ്ഠിതമായി തനിയെ പ്രവര്‍ത്തിക്കുന്ന എയുഎസിന്റെ ഡ്രോണ്‍ തെമാറ്റിക് ഇന്‍ഫോടെകിനെ റോഡ്, റെയില്‍ ഇടനാഴികളുടെ മാപ്പിങിന് സഹായിക്കും. അതേ ഉല്‍പ്പന്നം തന്നെ കിഫ്ബിയുടെ റോഡ്, കനാല്‍, ഇലക്ട്രിക് ലൈനുകള്‍ തുടങ്ങിയ ലീനിയര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സിസ്റ്റങ്ങളുടെ പുരോഗതി വിലയിരുത്താനും ഉപയോഗിക്കും.  'ഇന്‍സൈറ്റ്-പിപികെ' എന്ന ഉല്‍പ്പന്നം മറ്റ് ഡ്രോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രദേശത്ത് രണ്ടു തവണ പറത്തുന്നതിലൂടെ മൂന്നു മടങ്ങ് കൃത്യതയും സ്ഥിരതയുമായ റിസൽട്ടും നൽകും.

സംരംഭങ്ങള്‍ക്ക് ഡ്രോണ്‍ സാങ്കേതിക വിദ്യ എളുപ്പത്തിലും ചെലവു കുറച്ചും വാണിജ്യപരമായി സ്വീകരിക്കാവുന്ന തരത്തിലാണ് എയുഎസ് ഉല്‍പ്പന്നം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഡേറ്റ ശേഖരണവും പ്രോസസിങും വിശകലനവും എല്ലാം സംയോജിപ്പിച്ചാണ് പ്രവർത്തനം. ഇത് സംരംഭങ്ങളുടെ ജോലി എളുപ്പമാക്കുന്നു. തദ്ദേശീയ സ്റ്റാര്‍ട്ട്അപ്പ് എന്ന നിലയില്‍ എയുഎസ് മികച്ച വില്‍പ്പനാനന്തര സേവനവും സാങ്കേതിക സഹായവും നല്‍കുന്നുണ്ട്.

കിഫ്ബിയുടെയും തെമാറ്റിക് ഇന്‍ഫോടെക്കിന്റെയും ഭാഗമാകാന്‍ സാധിച്ചതിന്റെ ആവേശത്തിലാണെന്നും ഡ്രോണ്‍ അധിഷ്ഠിത സേവനങ്ങളിലൂടെ ഇടപാടുകാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യക്ഷമവും സമാനതകളില്ലാത്ത സേവനങ്ങളുമാണ് ഉറപ്പുനല്‍കുന്നതെന്നും കൂടുതല്‍ നൂതനമായ ചെലവു കുറഞ്ഞ കാര്യക്ഷമത കൂടിയ സേവനങ്ങള്‍ ലഭ്യമാക്കുന്നതിലേക്ക് ഉറ്റുനോക്കുകയാണെന്നും സഹ സ്ഥാപകനും സിഇഒയുമായ വിപുല്‍ സിങ് പറഞ്ഞു.

ഡ്രോണ്‍ സാങ്കേതിക വിദ്യയുടെ കരുത്ത് എത്തിക്കാനായി എയുഎസുമായി സഹകരിക്കാനായതില്‍ സന്തോഷമുണ്ടെന്നും അടിസ്ഥാന സൗകര്യ വികസന കമ്പനി എന്ന നിലയില്‍ സംസ്ഥാനത്തിന്റെ ക്ഷേമത്തിലേക്കാണ് ഉറ്റുനോക്കുന്നതെന്നും എയുഎസ് ഡ്രോണുകള്‍ ഉപയോഗിച്ച് പെട്ടെന്ന് ഡേറ്റ കളക്‌ഷനും സര്‍വെ ഗ്രേഡ് കൃത്യതയും സാധ്യമാകുമെന്നും കിഫ്ബി ചീഫ് പ്രൊജക്റ്റ് എക്‌സാമിനര്‍ എസ്.ജെ.വിജയദാസ് പറഞ്ഞു.

 റോഡ്, റെയില്‍ ഇടനാഴിയുടെ മാപ്പിങിന് ഓട്ടമേറ്റഡ് ടെക്‌നിക്കുകള്‍ ഉപയോഗിക്കുകയാണു ലക്ഷ്യമെന്നും എയുഎസ് ഡ്രോണുകള്‍ മാപ്പിങിനും സര്‍വെയ്ക്കും ഏറെ അവസരങ്ങളാണ് തുറന്നുതരുന്നതെന്നും തെമാറ്റിക്‌സ് ഇന്‍ഫോടെക് ഡയറക്ടര്‍ എം.എസ്.രാജു പറഞ്ഞു.