Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

5000 കോടി വേണം; മസാല ബോണ്ടുമായി കിഫ്ബി

Kerala Infrastructure Investment Fund Board- KIIFB Logo

കൊച്ചി ∙ ലണ്ടൻ ധനകാര്യ വിപണിയിൽ നിന്നു കിഫ്ബിയിലേക്കു മസാല ബോണ്ട് വഴി 5000 കോടി ശേഖരിക്കുന്നു. ആദ്യ ഗഡുവായി 1500 കോടി രൂപ ശേഖരിക്കാൻ ഒക്ടോബറിൽ ബോണ്ട് പുറപ്പെടുവിക്കും. 

ആദ്യമായാണ് ഇന്ത്യയിൽ ഒരു സംസ്ഥാനം ഇങ്ങനെ വിദേശത്തു നിന്നു കടപ്പത്രം വഴി വികസനത്തിനു ധനസമാഹരണം നടത്തുന്നത്. നടപടിക്രമങ്ങളുടെ ഭാഗമായി ബുധനാഴ്ച ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ ഇതു സംബന്ധിച്ച ‘മീഡിയം ടേം നോട്സ്’ ഫയൽ ചെയ്തു. ഇങ്ങനെയൊരു ബോണ്ട് വരുന്നതു നിക്ഷേപകരെ അറിയിക്കുകയാണ് എംടിഎൻ ഫയൽ ചെയ്യുന്നതിന്റെ ലക്ഷ്യം. എംടിഎൻ പ്രക്രിയ പൂർത്തിയാക്കുന്ന ആദ്യ സംസ്ഥാനവും കേരളമാണ്. 

ഒരു വർഷത്തിനകം മൂന്നു തവണയായി 5000 കോടി രൂപ ശേഖരിക്കും. പക്ഷേ, അതിന്റെ ഭാഗമായി ലണ്ടൻ, സിംഗപ്പൂർ, ഹോങ്കോങ്, ദുബായി എന്നിവിടങ്ങളിൽ നിക്ഷേപകരുടെ മുന്നിൽ റോഡ് ഷോ നടത്തേണ്ടതുണ്ട്. കിഫ്ബി ബോണ്ടിൽ നിക്ഷേപിച്ചാൽ എന്താണു നേട്ടമെന്ന് അവതരണം നടത്തണം. രൂപയുടെ മൂല്യം സ്ഥിരമാവേണ്ടതും ബോണ്ട് പുറപ്പെടുവിക്കുന്നതിന് ആവശ്യമാണ്.

ലണ്ടൻ ബോറോയിങ് റേറ്റ് എന്ന ലൈബോർ പലിശ നിരക്കിനേക്കാൾ 0.5% മാത്രമാണ് പലിശ കൂടുതൽ വരിക. നിലവിൽ ലൈബോർ നിരക്ക് 2.8 ശതമാനമാണ്. അതിന്റെ കൂടെ 0.5% കൂടി ചേരുമ്പോൾ മൂന്നര ശതമാനത്തിൽ താഴെ ഇന്ത്യാ ഗവൺമെന്റിനു പണം ലഭിക്കും. കേരളത്തിലേക്കു പണം എത്തുമ്പോൾ 4% പലിശ നിരക്ക് ഉണ്ടാവുമെന്നു കരുതപ്പെടുന്നു.

ബാങ്ക് വായ്പയെടുക്കാൻ പലിശ നിരക്ക് 8.7% മുതൽ 8.8% വരെ ഉള്ളതിനാൽ ബോണ്ടിലൂടെ നടത്തുന്ന ധനസമാഹരണം ലാഭകരമാണ്. അഞ്ചു വർഷമാണ് കടപ്പത്രം വട്ടമെത്തുന്ന കാലാവധി. 

കേരളത്തിന് എസ് ആൻഡ് പി, ഫിച്ച് എന്നീ ഏജൻസികൾ ബിബി റേറ്റിങ് നൽകി. ദീർഘകാല നിക്ഷേപത്തിന് അനുയോജ്യം എന്നാണ് അതിനർഥം. എംടിഎൻ ഫയൽ ചെയ്തതും അതിനു ശേഷമാണ്.

മസാല ബോണ്ട്

ഡോളറിനു പകരം ഇന്ത്യൻ രൂപയിൽ പണം നിക്ഷേപിക്കുന്ന ബോണ്ടുകളെയാണ് മസാല ബോണ്ട് എന്നു വിളിക്കുന്നത്. നിക്ഷേപം തിരിച്ചു നൽകുന്നതും രൂപയിലാണ്. ഡോളറിലല്ല. അതിനാൽ ഡോളർ മൂല്യം വർധിക്കുന്നതു കടബാധ്യതയിൽ വർധന വരുത്തുന്നില്ല. നിക്ഷേപം ഇന്ത്യൻ രൂപയിലാവുമ്പോൾ മസാല ബോണ്ട് എന്നും ചൈനയുടെ കറൻസിയായ യുവാനിലാണെങ്കിൽ ഡിംസം ബോണ്ട് എന്നും വിളിക്കുന്നതാണു പൊതുവേയുള്ള രീതി.