Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂർ, പാലക്കാട് വ്യവസായപാർക്കുകൾക്ക് 12,000 കോടി

Kerala Infrastructure Investment Fund Board- KIIFB Logo

തിരുവനന്തപുരം ∙ കണ്ണൂർ, പാലക്കാട് ജില്ലകളിൽ വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്നതിന് 5366 ഏക്കർ ഭൂമി ഏറ്റെടുക്കാൻ 12,000 കോടി രൂപ അനുവദിക്കുന്നതിന് കിഫ്ബി യോഗം തീരുമാനിച്ചു. കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ച് 5366 ഏക്കറും പാലക്കാട് 470 ഏക്കറുമാണ് കിൻഫ്ര വഴി ഏറ്റെടുക്കുന്നത്. പാർക്കിലെ സ്ഥലം വ്യവസായസംരംഭങ്ങൾക്കു പാട്ടത്തിനു നൽകിയശേഷം പലിശ ഉൾപ്പെടെയുള്ള തുക കിഫ്ബിക്കു കിൻഫ്ര നൽകണം. കൊച്ചിയിൽ സംയോജിത ജലഗതാഗതപദ്ധതിക്കു സ്ഥലം ഏറ്റെടുക്കാൻ 566.61 കോടി രൂപ നൽകും.

കിഫ്ബി വഴി അനുമതി നൽകിയ 144 പദ്ധതികൾക്കു കരാറായെന്നു മന്ത്രി തോമസ് ഐസക് പറഞ്ഞു. ഇതിന് 5106 കോടി രൂപയാണു ചെലവ്. 45,828 കോടി രൂപ ചെലവുവരുന്ന 577 പദ്ധതികളാണ് ഇതുവരെ കിഫ്ബിയുടെ പരിഗണനയ്ക്ക് എത്തിയത്. ഇതിൽ 39,716 കോടി രൂപയുടെ 466 പദ്ധതികൾക്ക് അംഗീകാരം നൽകി. ഇതിനകം 7,735 കോടി രൂപ ചെലവുവരുന്ന 215 പദ്ധതികൾക്ക് ടെൻഡർ ക്ഷണിച്ചു. കിഫ്ബി വഴി നിർമിക്കുന്ന റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കും. ഇതേക്കുറിച്ചു പൊതുമരാമത്തു വകുപ്പിനു നിർദേശം നൽകിയിട്ടുണ്ട്.

5000 കോടി രൂപയാണ് ഇപ്പോൾ കിഫ്ബിയുടെ അക്കൗണ്ടിലുള്ളത്. മസാല ബോണ്ട് വഴി ലണ്ടൻ, സിംഗപ്പൂർ ധനവിപണികളിൽ നിന്നു 5000 കോടി രൂപ കിഫ്ബി സമാഹരിക്കും. ഇതിന് എട്ടുശമാനം പലിശ നൽകേണ്ടിവരുമെന്നാണു പ്രതീക്ഷിക്കുന്നത്. അഞ്ചു വർഷത്തിനകം തുക തിരിച്ചുനൽകണം. നവംബർ ആദ്യം ഇതിന്റെ നടപടികൾ ആരംഭിക്കും. പ്രളയാനന്തര കേരളസൃഷ്ടിക്കു വേണ്ടി ചരക്കുസേവന നികുതിയുടെ ഭാഗമായി സെസ് ഏർപ്പെടുത്തുന്ന കാര്യം അടുത്ത ജിഎസ്ടി കൗൺസിൽ യോഗം ചർച്ച ചെയ്യും.  കടമെടുക്കൽ പരിധി ഉയർത്താനുള്ള കേരളത്തിന്റെ ആവശ്യത്തിന് ഇനിയും കേന്ദ്രം മറുപടി നൽകിയിട്ടില്ല.  കേന്ദ്രം അനുവദനീയമായ പരിധിക്കു മുകളിൽ കടം എടുക്കുമ്പോൾ സംസ്ഥാനങ്ങളെ അതിൽ നിന്നു വിലക്കുന്ന നയം അംഗീകരിക്കാനാവില്ല. പ്രളയസാഹചര്യത്തിൽ 15000 കോടി രൂപ കടം എടുക്കാനാണു സംസ്ഥാനത്തിന്റെ തീരുമാനമെന്നും മന്ത്രി പറഞ്ഞു.