ബിഹാറിൽ ഭിന്നതയെന്നത് അഭ്യൂഹം; എൻഡിഎ 40 സീറ്റും നേടും: അമിത് ഷാ

നിതീഷ് കുമാർ, അമിത് ഷാ.

പട്‌ന∙ ബിഹാറിലെ 40 ലോക്സഭാ സീറ്റുകളും എൻഡിഎ നേടുമെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. എൻഡിഎയിൽ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾ അസ്ഥാനത്താകുമെന്നും ബിജെപിയും ജനതാദൾ യുണൈറ്റ‍ഡും (ജെഡിയു) ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഒന്നിച്ചു നേരിടുമെന്നും പാർട്ടിപ്രവർത്തകരുടെ യോഗത്തിൽ അമിത് ഷാ പറഞ്ഞു.

ബിഹാറിനെ കേന്ദ്രം അവഗണിക്കുന്നുവെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആക്ഷേപം ബിജെപി അധ്യക്ഷൻ അമിത് ഷാ കണക്കുകൾ നിരത്തി ഖണ്ഡിച്ചു. ഷായും നിതീഷ് കുമാറും ഇരുപാർട്ടികളിലെ നേതാക്കളും പങ്കെടുത്ത പ്രഭാത ഭക്ഷണ കൂടിക്കാഴ്ചയിൽ ബിഹാറിനു നൽകിയ കേന്ദ്ര സഹായങ്ങളുടെ വിശദാംശങ്ങൾ ബിജെപി സഖ്യകക്ഷിക്കു കൈമാറി.

ലോക്‌സഭാ സീറ്റുകൾ സഖ്യകക്ഷികളുടെ ജനസ്വാധീനത്തിന് അനുസൃതമായി പങ്കിടാമെന്ന ഉറപ്പാണ് അമിത് ഷാ മുഖ്യമന്ത്രി നിതീഷ് കുമാറിനു നൽകിയത്. കൂടിക്കാഴ്ച 50 മിനിറ്റ് നീണ്ടു. എന്നാൽ പ്രത്യേക സംസ്ഥാന പദവിക്കായുള്ള ആവശ്യം അമിത് ഷാ നിരാകരിച്ചു.

സീറ്റു തർക്കം പരിഹരിക്കും മുൻപേ നിതീഷ് കുമാറിന്റെ കേന്ദ്രവിരുദ്ധ ആരോപണങ്ങളുടെ മുനയൊടിക്കാനാണു ബിഹാർ സന്ദർശനത്തിനിടെ അമിത് ഷാ ശ്രമിച്ചത്. ബിജെപി സംസ്ഥാന കോർ കമ്മിറ്റി, ലോക്‌സഭാ മണ്ഡല ചുമതലയുള്ള പ്രഭാരിമാർ, സമൂഹമാധ്യമ പ്രവർത്തകർ തുടങ്ങിയവരുടെ യോഗങ്ങളിൽ അമിത് ഷാ ‌മാർഗനിർദേശങ്ങൾ നൽകി.

ബിജെപി സംസ്ഥാന ഓഫിസിലെ ഇ ലൈബ്രറി ഉദ്ഘാടനവും നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ അത്താഴവിരുന്നിലും ബിജെപി അധ്യക്ഷൻ പങ്കെടുത്തു.