ഓഹരി സൂചിക കുതിച്ചു; റിലയൻസിന്റെ വിപണി മൂല്യം 100 ബില്ല്യൺ ഡോളർ കടന്നു

മുകേഷ് അംബാനി

മുംബൈ∙ ഓഹരി സൂചിക സർവകാല റെക്കോർഡിൽ വ്യാപാരം നടന്നപ്പോൾ രാജ്യത്തെ മുൻനിര കമ്പനികളിൽ ഒന്നായ റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 100 ബില്ല്യൺ ഡോളർ കടന്നു. പത്തു വർഷങ്ങൾക്കു ശേഷമാണു റിലയൻസ് ഈ നേട്ടം കൈവരിക്കുന്നത്. ഇതിനു മുൻപ് 2007ൽ ഡോളറുമായി രൂപയുടെ മൂല്യം 39.5ൽ എത്തിയപ്പോളാണ് റിലയന്‍സ് ആദ്യമായി ഈ കടമ്പ കടക്കുന്നത്.

ഇന്നു ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 400 പോയിന്റ് കടന്നതാണ് റിലയൻസിനു നേട്ടമായത്. ഇതോടെ കമ്പനിയുടെ ഓഹരികളുടെ മൂല്യം 6% വർധിച്ചു. കമ്പനിയുടെ നേട്ടം ലോകത്തിലെ ശതകോടീശ്വരന്മാരിൽ ഒരാളായ മുകേഷ് അംബാനിക്കും ഗുണമായി. അദ്ദേഹത്തിന്റെ ആസ്തി 42 ബില്ല്യൺ ഡോളർ വർധിച്ചു.

ഇന്ത്യയിൽ, റിലയൻസ് കൂടാതെ 100 ബില്ല്യൺ ഡോളറിനു മുകളിൽ വിപണി മൂല്യമുള്ള ഏക കമ്പനി ടാറ്റാ കൺസൽട്ടൻസി (ടിസിഎസ്) മാത്രമാണ്. 110 ബില്ല്യൺ ഡോളറാണ് ടിസിഎസിന്റെ വിപണി മൂല്യം.