സാധാരണക്കാർക്കു വേണ്ടി പ്രവർത്തിക്കുന്ന മോദിയെയാണ് എല്ലാവരും കുറ്റപ്പെടുത്തുന്നത്: കണ്ണന്താനം

കൊച്ചി∙ ഇന്ത്യയിലെ സാധാരണക്കാരുടെ നല്ലതിനു വേണ്ടി പ്രവർത്തിക്കുന്ന മോദി സർക്കാരിനെയാണു സ്വാതന്ത്ര്യത്തിന്റെ പേരിൽ എല്ലാവരും കുറ്റപ്പെടുത്തുന്നതെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ എല്ലാവർക്കും വീടു വച്ചു നൽകുന്നു, എൽപിജി കണക്‌ഷൻ നൽകുന്നു, കുട്ടികളെ പഠിപ്പിക്കുന്നു... പാവപ്പെട്ടവർക്ക് ഇതാണു സ്വാതന്ത്ര്യം. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെയാണ് അവരെ സ്വാതന്ത്ര്യത്തിലേക്കു നയിക്കേണ്ടത്. അല്ലാതെ മുദ്രാവാക്യം വിളിച്ചു നടന്നിട്ടല്ലെന്നും കണ്ണന്താനം പറഞ്ഞു. ഈ രാജ്യം എല്ലാവർക്കും വേണ്ടിയുള്ളതാണ്. രാജ്യത്ത് എല്ലാ മാധ്യമങ്ങൾക്കും ആവോളം സ്വാതന്ത്ര്യമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യവും ആവോളമുണ്ടെന്നും കണ്ണന്താനം വ്യക്തമാക്കി. ‘എന്താണു സർക്കാരിന്റെ സ്വാതന്ത്ര്യം?’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

LIVE Updates - മനോരമ ന്യൂസ് കോൺക്ലേവ്

അദ്ദേഹത്തിന്റെ വാക്കുകളിൽനിന്ന്:

‘ഞാനൊരു പച്ച മനുഷ്യനാണ്. എനിക്കു വലിയ തിയറികളൊന്നുമില്ല. ഡിപ്ലോമാറ്റിക് ആയുള്ള ഭാഷയും അറിയില്ല. നമ്മൾ വ്യക്തിപരമായി എത്ര സ്വതന്ത്രരാണ് എന്നാണ് ആദ്യം ആലോചിക്കേണ്ടത്. ജീവിതത്തിൽ എത്രമാത്രം, വ്യക്തിയെന്ന നിലയിൽ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടെന്നറിയണം. ജനിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇന്ത്യയിൽ പലയിടത്തും കുട്ടികൾക്കു നിഷേധിക്കപ്പെടുന്നുണ്ട്. നഴ്‌സിങ് കോഴ്‌സിലേക്കുള്ള ഇന്റർവ്യൂ നേരിടാനുള്ള കോച്ചിങ് ക്ലാസ് പോലും ഇന്നുണ്ട്. ആയിരത്തിൽ നൂറു പേർക്കായിരിക്കും അഡ്മിഷൻ ലഭിക്കുക. ജയിച്ചവർക്കു തോന്നുന്നു അവരാണു മെച്ചപ്പെട്ടവരെന്ന്, ബാക്കിയുള്ളവരെല്ലാം താഴ്ന്ന നിലയിലാണെന്ന്. അവിടെ ആരംഭിക്കുന്നു വിവേചനം.

മാതാപിതാക്കൾ പറയുന്നതിനനുസരിച്ചാണു പല കുട്ടികളും പ്രവർത്തിക്കുന്നത്. എന്തിനാണു പഠിക്കുന്നതെന്നു പോലും പലർക്കും അറിയില്ല. അങ്ങനെയൊരു കുട്ടി സ്വാതന്ത്ര്യത്തെപ്പറ്റി എങ്ങനെ ആലോചിക്കും? സമൂഹമാധ്യമങ്ങളിൽ സമയം കളയുകയാണ് കുട്ടികൾ. അവയ്ക്ക് അടിമപ്പെടുകയാണ് എല്ലാവരും. ഇങ്ങനെ മറ്റുള്ളവര്‍ പറയുന്നതു പോലെ ജീവിക്കുന്ന, സമൂഹമാധ്യമത്തിന് അടിമയായി ജീവിക്കുന്നവർക്ക് എങ്ങനെ സ്വാതന്ത്ര്യത്തെപ്പറ്റി സംസാരിക്കാനാകും.

നമുക്കു വേണ്ട സ്വാതന്ത്ര്യം നാം നേടിയെടുക്കണം. കുട്ടികളുടെ ആത്മമിത്രമാകേണ്ടത് മാതാപിതാക്കളും പിന്നെ അധ്യാപകരുമാണ്. എന്നാൽ ഇന്നവരുടെ ഏറ്റവും വലിയ ശത്രുക്കൾ ഇവരാണ്. അതിനു കാരണവുമുണ്ട്. കുട്ടികളോട് ആജ്ഞാപിക്കുകയാണ് ഇവർ ചെയ്യുന്നത്. കല്യാണവീടുകളിലും മരണവീടുകളിലും സഞ്ചരിക്കാനാണു ജനപ്രതിനിധികൾക്ക് ഓരോ ദിവസത്തെയും സമയം. എന്നാൽ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടിയാണു ഞാൻ നിലകൊള്ളുന്നത്. ഇന്ത്യയ്ക്കു വേണ്ടത് അടിസ്ഥാന സൗകര്യ വികസനമാണ്. മുപ്പതിനായിരം പേർക്ക് ഒരു ശുചിമുറി പോലുമില്ലാത്ത കാഴ്ച ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ കണ്ടിരുന്നു. അത്തരം കാഴ്ചകള്‍ ഇല്ലാതാക്കാനാണു കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്’– കണ്ണന്താനം പറഞ്ഞു.