പാക്കിസ്ഥാനിൽ തിരഞ്ഞെടുപ്പ് റാലികൾക്കിടെ സ്ഫോടനം; 90 മരണം

സ്ഫോടനത്തിൽ പരുക്കേറ്റയാളെ ആശുപത്രിയിലേക്കു മാറ്റുന്നു

ക്വറ്റ ∙ പാക്കിസ്ഥാനിൽ തിരഞ്ഞെടുപ്പു റാലികൾക്കിടെയുണ്ടായ ചാവേർ സ്ഫോടനത്തിൽ 90 പേർ മരിച്ചു. ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യകളിലുണ്ടായ സ്ഫോടനങ്ങളിൽ രണ്ടു സ്ഥാനാർഥികളും കൊല്ലപ്പെട്ടിട്ടുണ്ട്. നൂറ്റിയിരുപതോളം പേർക്കു പരുക്കേറ്റിട്ടുണ്ട്. 20 പേർ അതീവ ഗുരുതരാവസ്ഥയിലാണ്.

ബലൂചിസ്ഥാൻ അവാമി പാർട്ടി സ്ഥാനാർഥിയായ സിറാജ് റെയ്സാനിയാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. മുൻ മുഖ്യമന്ത്രി നവാബ് അസ്‌ലം റെയ്സാനിയുടെ സഹോദരനാണ് സിറാജ്. എംഎംഎ പാർട്ടിയുടെ നേതാവ് അക്രം ഖാൻ ദുറാനിയുടെ റാലിക്കിടെയാണ് രണ്ടാം സ്ഫോടനമുണ്ടായത്. ദുറാനി പരുക്കേൽക്കാതെ രക്ഷപെട്ടെങ്കിലും സ്ഫോടനത്തിൽ അഞ്ചുപേർ മരിച്ചു. തിരഞ്ഞെടുപ്പിൽനിന്നു ഭയന്നു പിന്മാറില്ലെന്ന് തെഹ്‌രീകെ ഇൻസാഫ് നേതാവ് ഇമ്രാൻ ഖാനെതിരെ മൽസരിക്കുന്ന ദുറാനി പറഞ്ഞു.