സിപിഎം അംഗം മറിച്ചുകുത്തി; ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന്



കൊല്ലം∙ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽഡിഎഫിനു നഷ്ടമായി. സിപിഎം ശൂരനാട് ഏരിയാ കമ്മറ്റിയംഗവും നിലവിലെ ബ്ലോക്ക് പഞ്ചായത് വൈസ് പ്രസിഡന്റുമായ എസ്. ശിവൻപിള്ളയുടെ വോട്ട് യുഡിഎഫ് സ്ഥാനാർഥിക്കു ലഭിച്ചതോടെ ഇരുകൂട്ടർക്കും തുല്യ വോട്ട് ആയി. തുടർന്ന് നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് സ്ഥാനാർഥി അംബിക വിജയകുമാർ പ്രസിഡന്റായത്. എൽഡിഎഫ് സ്ഥാനാർഥി ബി. അരുണാമണി പരാജയപ്പെട്ടു.

ബ്ലോക്ക് പ്രസിഡന്റായിരുന്ന സിപിഐയിലെ കെ. സുമ മുന്നണി ധാരണയെ തുടർന്ന് സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടിവന്നത്. എൽഡിഎഫിനു എട്ട്, യുഡിഎഫിന് ആറ് എന്നിങ്ങനെയായിരുന്നു കക്ഷി നില. മാറി വോട്ടു ചെയ്ത ശിവൻപിള്ളയ്ക്ക് നേരെ സിപിഎം പ്രവർത്തകർ രോഷ പ്രകടനം നടത്തി. പൊലീസെത്തിയാണു ശിവൻപിള്ളയെ പുറത്തെത്തിച്ചത്.

ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന്റെ സഹോദരിയാണ് വിജയിച്ച അംബിക. മാറി വോട്ടു ചെയ്യാൻ സിപിഎമ്മിലെ ഒരു വിഭാഗവുമായി ധാരണയുണ്ടായിരുന്നതായി പറയുന്നു.