കരഞ്ഞതിനു കാരണം കോൺഗ്രസ് അല്ല; പ്രശ്നം തുറന്നു പറഞ്ഞ് കുമാരസ്വാമി

ബെംഗളൂരുവിൽ ജെഡിഎസിന്റെ ചടങ്ങിനിടെ കരയുന്ന എച്ച്.ഡി.കുമാരസ്വാമി (വിഡിയോ ചിത്രം)

ബെംഗളൂരു∙ കോൺഗ്രസ് സഖ്യവുമായി യാതൊരു വിധ പ്രശ്നവുമില്ലെന്നും തന്റെ വാക്കുകൾ ചിലർ വളച്ചൊടിച്ചതാണെന്നും കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. സമൂഹത്തിലെ ചിലരും ചില മാധ്യമങ്ങളും തന്നെ യാതൊരു കാരണവുമില്ലാതെ വിമർശിക്കുന്നതാണു വിഷമത്തിനു കാരണം. അതുകൊണ്ടാണു കഴിഞ്ഞ ദിവസം പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ കരഞ്ഞതെന്നും കുമാരസ്വാമി ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘കോൺഗ്രസ് സുഹൃത്തുക്കളെല്ലാം സമ്പൂർണ പിന്തുണ നൽകുന്നുണ്ട്. എന്തും ചെയ്യാനുള്ള സമ്മതമാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നൽകിയിരിക്കുന്നത്’– കുമാരസ്വാമി പറഞ്ഞു.

‘സഖ്യത്തിലുണ്ടായ പ്രശ്നങ്ങളല്ല എന്റെ വേദനയ്ക്കു കാരണം. അക്കാര്യത്തിൽ ഉറപ്പു നൽകാം. ഞാൻ വളരെ ‘സെൻസിറ്റീവ്’ ആയ വ്യക്തിയാണ്. എന്തെങ്കിലും ചെയ്യാനാകുമെന്ന വിശ്വാസത്തിലാണ് ഞാനീ പദവി ഏറ്റെടുത്തത്. പക്ഷേ സമൂഹത്തിലെ ചില വിഭാഗക്കാർ എന്തിനാണ് എന്നെ വിമർശിക്കുന്നതെന്നറിയില്ല. എന്തു തെറ്റാണു ഞാൻ ചെയ്തത്’– കുമാരസ്വാമി ചോദിച്ചു.

പ്രസംഗത്തിൽ താൻ കോൺഗ്രസിനോ അതിന്റെ ഏതെങ്കിലും ഒരു നേതാവിനോ എതിരെ ഒന്നും തന്നെ പറഞ്ഞിരുന്നില്ല. അത് ജെഡിഎസിന്റെ പാർട്ടി പരിപാടിയായിരുന്നു. അതിനിടയ്ക്കാണു താൻ വികാരാധീനനായത്. മാധ്യമങ്ങൾ അതിനെ തെറ്റായി വിലയിരുത്തുകയായിരുന്നെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു. 

‘നിങ്ങളെല്ലാവരും സന്തോഷവാന്മാരാണ്. എന്നാൽ എന്റെ കാര്യം അങ്ങനെയല്ല. കൂട്ടുകക്ഷി ഭരണത്തിന്റെ വേദന എനിക്കിപ്പോൾ നന്നായറിയാം. ഈ സഖ്യസർക്കാർ സമ്മാനിച്ച വിഷം വിഴുങ്ങിയ അവസ്ഥയിലാണു ഞാൻ...’ എന്നായിരുന്നു കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ ചേർന്ന ജെഡിഎസ് യോഗത്തിൽ കുമാരസ്വാമിയുടെ പരാമർശം. സഖ്യസർക്കാർ രൂപീകരിച്ചു രണ്ടു മാസം തികയുന്ന അവസരത്തിലായിരുന്നു പ്രസ്താവന. ലോകത്തെ രക്ഷിക്കാൻ വിഷം കുടിച്ച പരമശിവന്റെ അവസ്ഥയാണു തനിക്കെന്നും അണികളോട് അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ‘ഒരു മുഖ്യമന്ത്രി എല്ലായിപ്പോഴും സന്തോഷവാനായിരിക്കണം’ എന്നായിരുന്നു കോൺഗ്രസിൽ നിന്നുള്ള ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെ പ്രതികരണം. സന്തോഷവാനല്ലെന്നു പറയാൻ അദ്ദേഹത്തിന് എങ്ങനെ സാധിച്ചുവെന്നും പരമേശ്വര ചോദിച്ചു.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസുമായി ജെഡിഎസ് സഖ്യം തുടരുമോയെന്ന് ഉറ്റുനോക്കുന്നതിനിടെയായിരുന്നു കുമാരസ്വാമിയുടെ പ്രസ്താവനയെന്നതും രാഷ്ട്രീയ ശ്രദ്ധ പിടിച്ചു പറ്റി.