സ്വാമി അഗ്നിവേശിനു നേരെ ആക്രമണം; ബിജെപി പ്രവർത്തകരാണെന്ന് ആരോപണം

പരുക്കേറ്റ സ്വാമി അഗ്നിവേശ്. ചിത്രം: ട്വിറ്റർ

ജാർഖണ്ഡ്∙ സാമൂഹിക പ്രവർത്തകൻ സ്വാമി അഗ്നിവേശിനു നേരെ ആക്രമണം. ബിജെപി – യുവമോർച്ച പ്രവർത്തകരാണ് ആക്രമിച്ചതെന്നാണ് ആരോപണം. ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽനിന്ന് 365 കി.മീ അകലെ പാകുറിലെ ഒരു ചടങ്ങിന് എത്തിയതായിരുന്നു അഗ്നിവേശ്. അക്രമം മുൻധാരണ അനുസരിച്ചാണെന്നു വ്യക്തമാക്കിയ പൊലീസ് 20 പേരെ കസ്റ്റഡിയിലെടുത്തു.

അഗ്നിവേശിനു നേരെ കരിങ്കൊടി വീശിയശേഷം ‘ജയ് ശ്രീറാം’ എന്നു മുദ്രാവാക്യം വിളിച്ചാണ് ആക്രമണം അരങ്ങേറിയത്. ‘എല്ലാതരം അക്രമങ്ങൾക്കും ഞാനെതിരാണ്. സമാധാന പ്രേമിയാണ്. അക്രമിക്കപ്പെടാനുള്ള കാരണം വ്യക്തമല്ല’– 80കാരനായ അഗ്നിവേശ് പറഞ്ഞു. സംഭവ സമയത്തു പൊലീസുകാർ സ്ഥലത്ത് ഇല്ലായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരുക്കേറ്റ അഗ്നിവേശിനു സമീപത്തെ ആശുപത്രിയിൽ ചികിൽസ നൽകി.