വിശ്വാസലംഘനം: ഗൂഗിളിന് 500 കോടി ഡോളർ പിഴ

ബ്രസൽസ്∙ വിശ്വാസലംഘനം നടത്തിയതിനു യൂറോപ്യൻ യൂണിയൻ ഗൂഗിളിന് 500 കോടി ഡോളർ (34,572 കോടി രൂപ) പിഴ ചുമത്തി. ഗൂഗിൾ സ്വന്തം പരസ്യങ്ങൾ ആൻഡ്രോയ്ഡിലെ പ്രധാന ആപ്പുകളിൽ കാണിച്ചു പരസ്യവരുമാനം സ്വന്തമാക്കുന്നുവെന്നതാണു മുഖ്യ ആരോപണം. അമേരിക്കൻ കമ്പനികളെ നിയന്ത്രിക്കുക ലക്ഷ്യമിട്ടാണ് യൂറോപ്യൻ യൂണിയന്റെ നടപടി. തങ്ങൾക്കു താൽപര്യമുള്ള ആപ്പുകൾ ഉപയോഗിക്കാൻ പ്രേരിപ്പിച്ചുവെന്നതും ഗൂഗിളിനെതിരായ ആരോപണമാണ്. അതേസമയം, നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് ഗൂഗിൾ വ്യക്തമാക്കി.

ഒരു വർഷം മുൻപും യൂറോപ്യൻ യൂണിയൻ ഗൂഗിളിന് പിഴയിട്ടിരുന്നു. ഏകദേശം മൂന്നു ബില്ല്യന്‍ ഡോളറായിരുന്നു പിഴ. ഗൂഗിളിന്റെ സ്വന്തം ഷോപ്പിങ് സര്‍വീസുകള്‍ക്കു മുന്‍ഗണന നല്‍കി എന്നതായിരുന്നു കാരണം. യൂറോപ്പിലെ 90% ആന്‍ഡ്രോയിഡ് ഉപയോക്താക്കളും ഗൂഗിളിന്റെ പ്ലേ സ്റ്റോറിലൂടെയാണു ടെലിവിഷൻ ഷോകള്‍, സിനിമകള്‍, ആപ്പുകള്‍, ഇ – ബുക്കുകള്‍ തുടങ്ങിയവ ഡൗണ്‍ലോഡ് ചെയ്യുന്നത്.

ഫെയ്സ്ബുക്, ഇന്റൽ, മൈക്രോസോഫ്റ്റ് എന്നിവയ്ക്കെതിരെയും യൂറോപ്യൻ യൂണിയൻ നേരത്തെ പിഴ ചുമത്തിയിരുന്നു. വിൻഡോസ് 7ന് ഒപ്പം ‘ബ്രൗസർ ബാലറ്റ്’ ഉൾപ്പെടുത്തുന്നതിൽ പരാജയപ്പെടുത്തുന്നതിനെ തുടർന്നായിരുന്നു മൈക്രോസോഫ്റ്റ് പിഴ ചുമത്തിയത്. നികുതിയിനത്തിൽ 15.4 ബില്യൻ ഡോളർ (ലക്ഷം കോടി രൂപ) ആപ്പിളിൽനിന്നു യൂറോപ്യൻ യൂണിയൻ ചുമത്തിയിരുന്നു.