ജീവൻ രക്ഷിക്കാൻ പാറക്കെട്ടിലെ വെള്ളം മാത്രം: തായ് ഗുഹയിലെ അനുഭവം പറഞ്ഞ് കുട്ടികൾ

താം ലുവാങ് ഗുഹയിൽ നിന്നു രക്ഷപ്പെടുത്തിയ കുട്ടികളും കോച്ചും വാർത്താസമ്മേളനത്തിനെത്തിയപ്പോൾ. ചിത്രം: എഎഫ്പി

ബാങ്കോക്ക്∙ തായ്‌ലൻഡിൽ ഗുഹയിൽ അകപ്പെട്ട കുട്ടികളും ഫുട്ബോൾ കോച്ചും തങ്ങളുടെ അനുഭവങ്ങൾ വിവരിച്ച് ഇതാദ്യമായി ലോകത്തിനു മുന്നിൽ. പ്രത്യേക വാർത്താസമ്മേളനത്തിലാണു കുട്ടികൾ ഗുഹയ്ക്കുള്ളിൽ നേരിടേണ്ടി വന്ന പ്രശ്നങ്ങളും അവ മറികടന്നതെങ്ങനെയാണെന്നും വിവരിച്ചത്.

ജൂൺ 23നാണ് ചിയാങ് റായിയിലെ താം ലുവാങ് ഗുഹയിൽ കുട്ടികൾ കുടുങ്ങിയത്. ജൂലൈ രണ്ടിന് രക്ഷാപ്രവർത്തകർ ഇവരെ കണ്ടെത്തി. ബ്രിട്ടിഷ് നീന്തൽ വിദഗ്ധർ തങ്ങളോടു സംസാരിച്ച നിമിഷത്തെ ‘മാജിക്കൽ’ എന്നാണ് ആദുൽ സലാം എന്ന പതിനാലുകാരൻ വിശേഷിപ്പിച്ചത്. അവരുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുന്നതിനു മുൻപു അൽപനേരം ആലോചിച്ചു നിൽക്കേണ്ടി വന്നു. അത്രയേറെ അദ്ഭുതസ്തബ്ദനായിരുന്നു താനെന്നും ആദുൽ പറഞ്ഞു.

ജൂൺ 23നു നടന്ന പരിശീലനത്തിനു ശേഷം ഒരു മണിക്കൂറിനകം തിരിച്ചിറങ്ങണമെന്ന ലക്ഷ്യത്തോടെയാണു ഗുഹയിലേക്കു കയറിയത്. അതിനാൽത്തന്നെ ഭക്ഷണമോ വെള്ളമോ കയ്യിലുണ്ടായിരുന്നില്ല. പെട്ടെന്നാണു മഴ ശക്തമായതും വഴിയടഞ്ഞതും. തുടർന്നു രക്ഷപ്പെടാനുള്ള ശ്രമങ്ങളും നടത്തിയിരുന്നതായി കോച്ച് ഏക്കപോൽ ചാന്ദവോങ് പറഞ്ഞു.

രക്ഷിക്കാൻ ആരെങ്കിലും വരുന്നതു വരെ കാത്തിരിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല എല്ലാവരും. അങ്ങനെയാണ് ഗുഹയിൽ രക്ഷമാർഗമെന്നു കരുതിയ ചില ഭാഗങ്ങളിൽ പാറ കൊണ്ട് ഓരോരുത്തരായി ഊഴം വച്ചു കുഴിച്ചത്. അത്തരത്തിൽ മൂന്നു–നാലു മീറ്റർ വരെ മുന്നോട്ടു പോയി. പക്ഷേ വഴി പൂർണമായും അടഞ്ഞെന്നു വ്യക്തമായതോടെ എല്ലാം നിർത്തി.

കൂട്ടത്തിലെ ഏകദേശം എല്ലാവരും നല്ലപോലെ നീന്തും. പക്ഷേ ചിലർ നീന്തലിൽ അത്ര വിദഗ്ധരായിരുന്നില്ല. അതോടെ അവിടെ തന്നെ തങ്ങാൻ തീരുമാനിച്ചു. ആദ്യത്തെ ദിവസം കുഴപ്പമില്ലാതെ കടന്നുകൂടി. പാറക്കൂട്ടങ്ങൾക്കിടയിൽ നിന്ന് ഊറി വന്ന വെള്ളം മാത്രമായിരുന്നു ഭക്ഷണം.

രണ്ടു ദിവസം കൂടി കഴിഞ്ഞതോടെ ഓരോരുത്തരായി ക്ഷീണിക്കാൻ തുടങ്ങി. കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ടൈറ്റൻ ഇതിനെപ്പറ്റി പറഞ്ഞതിങ്ങനെ– ‘തീരെ ക്ഷീണിച്ചു പോയിരുന്നു. വിശക്കുമെന്ന കാരണത്താൽ ഭക്ഷണത്തെപ്പറ്റി ആലോചിക്കാൻ പോലും ഞാൻ തയാറായിരുന്നില്ല’. ചിലരാകട്ടെ വീട്ടുകാർ എന്തു പറയുമെന്ന പേടിയിലായിരുന്നു. ഗുഹയിലേക്കുള്ള യാത്രയെപ്പറ്റി ആരും വീട്ടുകാരോടു പറഞ്ഞിരുന്നുമില്ല. ഇതിന് ഓരോരുത്തരും മാതാപിതാക്കളോടു വാർത്താസമ്മേളന വേദിയിൽ ക്ഷമ പറയുകയും ചെയ്തു.

ഗുഹയിൽ നിന്നു രക്ഷപ്പെട്ടതിനു ശേഷം എല്ലാവരുടെയും ആരോഗ്യം മെച്ചപ്പെട്ടതായി ചികിത്സയ്ക്കു നേതൃത്വം നൽകിയ മെഡിക്കൽ വിദഗ്ധൻ പറഞ്ഞു. 

താം ലുവാങ് ഗുഹയിൽ 11നും 16നും ഇടയ്ക്കു പ്രായമുള്ള 12 പേരും ഇരുപത്തിയഞ്ചുകാരനായ കോച്ചുമാണ് കുടുങ്ങിയത്. തായ്‌ലൻഡ് നേവി സീലും രാജ്യാന്തര ഡൈവിങ് വിദഗ്ധരും നാളുകളോളം നടത്തിയ പരിശ്രമത്തിനോടുവിലാണ് എല്ലാവരെയും പുറത്തെത്തിച്ചത്.