കോസ്റ്റ് ഗാര്‍ഡ് അക്കാദമി മാറ്റാനുളള നീക്കം ഉപേക്ഷിക്കണം: മുഖ്യമന്ത്രി നിര്‍മല സീതാരാമനെ കണ്ടു

കോസ്റ്റ് ഗാര്‍ഡ് അക്കാദമി സംബന്ധിച്ച് നിവേദനം മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനു സമര്‍പ്പിക്കുന്നു. 

ന്യൂഡൽഹി∙ കണ്ണൂര്‍ ജില്ലയിലെ ഇരിണാവില്‍ സ്ഥാപിക്കാന്‍ നിശ്ചയിച്ച ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി അവിടെനിന്നു മാറ്റാനുളള നീക്കം ഉപേക്ഷിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനെ കണ്ട് ആവശ്യപ്പെട്ടു. ഏഴിമല നാവിക അക്കാദമിക്കു സമീപത്തായി കോസ്റ്റ് ഗാര്‍ഡ് അക്കാദമിക്കു സ്ഥലം 2011ല്‍ തന്നെ കൈമാറിയിട്ടുണ്ട്. അന്നത്തെ പ്രതിരോധമന്ത്രി ഈ പദ്ധതിക്കു തറക്കല്ലിടുകയും ചെയ്തു.

എന്നാല്‍ തീരദേശനിയന്ത്രണ വിജ്ഞാപനം ചൂണ്ടിക്കാണിച്ചു പദ്ധതിക്ക് അനുമതി നല്‍കാന്‍ പരിസ്ഥിതി മന്ത്രാലയം തയാറായിട്ടില്ല. തീരദേശ നിയന്ത്രണ വിജ്ഞാപനത്തില്‍ അടുത്ത കാലത്ത് വരുത്തിയ ഭേദഗതി പ്രകാരം ദേശീയ പ്രാധാന്യമുളള പ്രതിരോധ പദ്ധതികള്‍ക്ക് അനുമതി നല്‍കാവുന്നതാണ്.

ഇതു കണക്കിലെടുത്തു പരിസ്ഥിതി മന്ത്രാലയത്തിന്‍റെ മുന്‍ തീരുമാനം പുനഃപരിശോധിക്കാന്‍ ഇടപെടണമെന്നു പ്രതിരോധ മന്ത്രിയോടു മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. കോസ്റ്റ് ഗാര്‍ഡ് അക്കാദമി കണ്ണൂരില്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി.