ഉറപ്പൊന്നും കിട്ടിയില്ല: മോദിയുമായുള്ള കൂടിക്കാഴ്ച നിരാശാജനകമെന്ന് പിണറായി

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പാർലമെന്റിൽനിന്നു പുറത്തിറങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയനും സർവകക്ഷിയോഗ പ്രതിനിധികളും. ചിത്രം: ജെ. സുരേഷ്

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ കടുത്ത നിരാശ പ്രകടിപ്പിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. സർവകക്ഷി സംഘം നടത്തിയ ചർച്ച നിരാശാജനകമായിരുന്നു. റേഷൻ വിഹിതം കൂട്ടുന്ന കാര്യത്തിൽ മറ്റു സംസ്ഥാനങ്ങൾക്കു നൽകുന്നതിൽ കൂടുതൽ ഒന്നും ചെയ്യാനാവില്ലെന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ അവസാന നിമിഷവും പ്രതീക്ഷയും ഉണ്ടായിരുന്നു. ഇനി ഒരു കോച്ച് ഫാക്ടറിയും ആവശ്യമില്ലെന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. പൊതുവായ ആവശ്യമായ ശബരിമല–അങ്കമാലി റെയിൽവേ ലൈൻ കാര്യം ചർച്ചയ്ക്ക് അവസരമൊരുക്കാമെന്നാണ് പ്രധാനമന്ത്രിയുടെ മറുപടിയെന്നും പിണറായി വിജയൻ പറഞ്ഞു.

വ്യക്തമായ അഭിപ്രായമൊന്നും പറയാതെ പ്രധാനമന്ത്രി ഒഴിഞ്ഞുമാറിയെന്നു പ്രതിപക്ഷവും പ്രതികരിച്ചു. പല പ്രശ്നങ്ങൾ അവതരിപ്പിച്ചെങ്കിലും ഒരു കാര്യത്തിലും അനുകൂലമായ മറുപടി കിട്ടിയെന്നു കരുതുന്നില്ല. കേരളത്തിന്റെ പൊതു ആവശ്യം എന്ന നിലയിലാണ് സർവകക്ഷി സംഘത്തിന്റെ ഭാഗമായി വന്നത്. എച്ച്എൻഎല്ലിന്റെ കാര്യത്തിൽ സ്വകാര്യ മുതലാളിമാർക്കൊപ്പം സംസ്ഥാന സർക്കാരും ടെൻഡറിൽ പങ്കെടുക്കൂ എന്നു പറഞ്ഞതിൽ നിന്നു തന്നെ കാര്യങ്ങൾ വ്യക്തമാണ്. സംസ്ഥാന സർക്കാർ എങ്ങനെയാണ് ടെ‌ൻഡറിൽ പങ്കെടുക്കുകയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സർവകക്ഷിയോഗ പ്രതിനിധികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോൾ.

അതേസമയം, തട്ടിക്കൂട്ട് നിവേദനവുമായാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ കാണാനെത്തിയതെന്ന് ബിജെപി ആരോപിച്ചു. ഇന്നലെ രാവിലെ മാത്രമാണ് വിഷയങ്ങൾ സംബന്ധിച്ച രേഖ തനിക്കു പോലും ലഭിച്ചതെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ അറിയിച്ചു. ബിജെപി എംപിയായ അൽഫോൻസ് കണ്ണാന്തനത്തെ പോലും സർവകക്ഷി സംഘത്തിൽ ഉൾപ്പെടുത്തിയില്ലെന്നും അവർ പറഞ്ഞു. .

പ്രധാനമന്ത്രിയെ കാണാന്‍ സര്‍വകക്ഷി സംഘത്തിന് ആദ്യമായാണ് അനുമതി ലഭിക്കുന്നത്. നേരത്തെ നാലു തവണ പ്രധാനമന്ത്രിയെ കാണാന്‍ കേരളം സമയം ചോദിച്ചിരുന്നെങ്കിലും പകരം കേന്ദ്ര ഭക്ഷ്യമന്ത്രിയെ കാണാന്‍ പ്രധാനമന്ത്രിയുടെ ഒാഫിസ് നിര്‍ദേശിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജോസ് കെ. മാണി, എൻ.കെ. പ്രേമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.